'എനിക്ക് വിഷ്ണുവിനെപ്പോലും സംശയമുണ്ട്, ജുനൈസിന്റെ ലക്ഷ്യം ഫിസിക്കൽ അസാൾട്ടിൽ പുറത്താക്കുക'; അഖിലിനോട് ഷിജു!
ഒന്നാം സീസണിൽ ഒഴികെ അതിനുശേഷം വന്ന മൂന്ന് സീസണുകളിലും അപ്രതീക്ഷിതമായ പുറത്താക്കലുകൾ സംഭവിച്ചിട്ടുണ്ട്. അത്തരത്തിൽ പുറത്തായവരിൽ രണ്ടുപേർ ഫിസിക്കൽ അസാൾട്ട് എന്ന ഗൗരവമേറിയ കാരണം കൊണ്ട് പുറത്തായതാണ്. രജിത്ത് കുമാറും റോബിൻ രാധാകൃഷ്ണനുമായിരുന്നു സഹമത്സരാർഥിയെ ഉപ്രദവിച്ചതിന്റെ പേരിൽ പുറത്തായത്.
അത്തരത്തിൽ ഒരു കാര്യം വീണ്ടും ആവർത്തിക്കാൻ സാധ്യതയുണ്ടെങ്കിൽ അത് അഖിൽ മാരാർ എന്ന മത്സരാർഥിയുമായി ബന്ധപ്പെട്ടായിരിക്കും. ഒട്ടും ദേഷ്യം നിയന്ത്രിച്ച് പിടിക്കാൻ സാധിക്കാത്തയാളാണ് അഖിൽ മാരാർ.
തനിക്ക് താൽപര്യമില്ലാത്തവർ ഓവറായി പ്രവോക്ക് ചെയ്യുമ്പോൾ നിലമറന്ന് അഖിൽ പെരുമാറാറുണ്ട്. രണ്ടാഴ്ച മുമ്പ് മുൻ മത്സരാർഥികളായ റോബിനും രജിത്ത് കുമാറും ഹൗസിലേക്ക് എത്തിയപ്പോൾ ജുനൈസ് അവരിൽ നിന്നും മനസിലാക്കിയ കാര്യങ്ങൾ വെച്ച് അഖിലിനെ പ്രവോക്ക് ചെയ്യുകയും അഖിൽ ജുനൈസിനെ ശരീരം വെച്ച് തള്ളുകയും ചെയ്തിരുന്നു.
സ്വന്തം ശരീരം വെച്ച് ജുനൈസിന്റെ ശരീരത്തിൽ തള്ളുകയാണ് അഖിൽ ചെയ്തത്. അതുകൊണ്ട് തന്നെ ഫിസിക്കൽ അസാൾട്ട് എന്ന തരത്തിൽ അത് പരിഗണിക്കാൻ സാധിക്കില്ലെന്നാണ് ബിഗ് ബോസ് അറിയിച്ചത്.

ഹൗസിലുള്ള പത്ത് പേർക്കും ഏകദേശം മനസിലായിട്ടുണ്ട് അഖിലിനാണ് പുറത്ത് ഏറ്റവും കൂടുതൽ സപ്പോർട്ടുള്ളതെന്ന്. റിയാസും പൊളി ഫിറോസും ചലഞ്ചേഴ്സായി ഹൗസിൽ വന്ന് പോയശേഷം എല്ലാവരും അഖിലിനെതിരെ നിന്ന് കളിക്കാനും തുടങ്ങിയിട്ടുണ്ട്. അന്നും ഇന്നും അഖിലിന്റെ കൂട്ട് ഷിജു മാത്രമാണ്.
നൂറ് ദിവസം തികയ്ക്കാൻ ദേഷ്യം കുറച്ച് കുറയ്ക്കണമെന്നും ജുനൈസ് തക്കം പാർത്ത് ഇരിക്കുന്നത് ഫിസിക്കൽ അസാൾട്ട് വിഷയത്തിൽ നിന്നെ പുറത്താക്കാനാണെന്നും അതുകൊണ്ട് നന്നായി ശ്രദ്ധിക്കണമെന്നും അഖിലിനെ ഉപദേശിച്ചിരിക്കുകയാണ് ഷിജു.
കഴിഞ്ഞ ദിവസം അഖിലും ജുനൈസും ഒരുമിച്ചാണ് ജയിൽ വാസം അനുഭവിച്ചത്. ജയിലിൽ വെച്ച് ഇരുവരും തമ്മിൽ ചെറിയ രീതിയിൽ തർക്കമുണ്ടായപ്പോൾ കുത്തും എന്നുള്ള രീതിയിലുള്ള ആക്ഷൻ അഖിൽ കാണിച്ചത് പുറത്തിറങ്ങിയപ്പോൾ മറ്റുള്ളവരോട് പറഞ്ഞ് ജുനൈസ് വലിയ ചർച്ചയാക്കിയിരുന്നു.
'നീ ജയിലിൽ കിടന്ന് എന്തെങ്കിലും അലമ്പുണ്ടാക്കുമോയെന്ന പേടിയായിരുന്നു എനിക്ക്. നീ ഓർത്തോ... മനസിൽ തറപ്പിച്ച് ഇട്ടോളൂ.... നിന്നെ ഫിസിക്കൽ അസാൾട്ടിൽ പുറത്താക്കുകയാണ് ജുനൈസിന്റെ ലക്ഷ്യം മുഴുവൻ. ചെറുതായി ഒന്ന് തൊട്ടാൽ പോലും പണി പാളും. ഞാൻ ഒഴിച്ച് ആരുടെ ദേഹത്ത് നീ തൊടുമ്പോഴും സൂക്ഷിക്കണം', അഖിലിനോട് ഷിജു പറഞ്ഞു.

ഷിജുവിനോട് അഖിൽ പറഞ്ഞ മറുപടി ഇതായിരുന്നു. 'ജുനൈസ് എന്നെ ഭ്രാന്ത് പിടിപ്പിക്കാൻ പരമാവധി ശ്രമം ജയിലിനുള്ളിൽ വെച്ച് നടത്തിയിരുന്നു. ജയറാമേട്ടന്റെ കുത്തുന്നപോലുള്ള ആക്ഷൻ ഞാൻ കാണിച്ചിരുന്നു. അത് ആളുകൾ എങ്ങനെ എടുക്കുമെന്ന് അറിയില്ല. എന്നെ എന്തെങ്കിലും കാരണം കണ്ടെത്തി പുറത്താക്കാൻ മാക്സിമം അവൻ ശ്രമിക്കുന്നുണ്ട്.'
'എനിക്ക് വിഷ്ണുവിനെപ്പോലും സംശയമുണ്ട്. എന്റെ മോശം സ്വഭാവം എന്താണെന്ന് വെച്ചാൽ എനിക്ക് മനുഷ്യരെ കണ്ടാൽ മിണ്ടാതിരിക്കാൻ പറ്റില്ല. തമാശയ്ക്ക് പോലും അടിക്കാൻ പറ്റാത്ത സ്ഥിതിയാണ്', അഖിൽ മാരാർ പറഞ്ഞു. നേരത്തെ അഖിലിന്റെ ഉറ്റ ചങ്ങാതിമാരിൽ ഒരാളായിരുന്നു വിഷ്ണു.
ഇപ്പോൾ കളിമൊത്തത്തിൽ മാറ്റി ഒറ്റയ്ക്ക് നിന്ന് കളിക്കാനുള്ള ശ്രമമാണ് വിഷ്ണുവിന്റേത്. അതേസമയം കഴിഞ്ഞ ദിവസം അഖിൽ മാരാർ മുണ്ട് പൊക്കി കാണിച്ച വിഷയം ഇന്നത്തേയും നാളത്തേയും വീക്കെന്റ് എപ്പിസോഡുകളിൽ മോഹൻലാൽ ചർച്ച ചെയ്തേക്കും.
ഈ സീസണിൽ മുഴുവൻ പ്രേക്ഷകരുടെ മനസറിഞ്ഞാണ് മോഹൻലാൽ പ്രവർത്തിച്ചിട്ടുള്ളത്. സെറീനയാണ് പതിനൊന്നാം ആഴ്ചയിലെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സെറീന, നാദിറ, മിഥുൻ, അനു എന്നിവരാണ് നോമിനേഷൻ ലിസ്റ്റിൽ ഡെയ്ഞ്ചറസ് സോണിലുള്ളത്.


Click it and Unblock the Notifications