'ആനയും അമ്പാരിയുമെല്ലാമായി ആഘോഷമായ വിവാഹമായിരുന്നു, അവൾ ഞങ്ങളെ അറിയിച്ചിരുന്നില്ല'; ശോഭയുടെ മാതാപിതാക്കൾ!
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ ഏറ്റവും ശക്തയായ മത്സരാർഥികളിൽ ഒരാളാണ് ശോഭ വിശ്വനാഥ്. ഫാഷൻ ഡിസൈനറും സംരംഭകയും ആക്ടിവിസ്റ്റുമായ ശോഭ വിശ്വനാഥ് തിരുവനന്തപുരം സ്വദേശിയാണ്. വഴുതക്കാട് വീവേഴ്സ് വില്ലേജ് എന്ന സംരംഭം നടത്തുകയാണ് ശോഭ വിശ്വനാഥ്. കൈത്തറി മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ശോഭയുടെ പ്രവർത്തനങ്ങളും ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഗ്രൂപ്പിൽ അധികം ഉൾപ്പെടാതെ നിന്ന് മത്സരിക്കുന്ന വ്യക്തി കൂടിയാണ് ശോഭ വിശ്വനാഥ്.
മാത്രമല്ല തന്റെ കണ്ണിൽ കാണുന്ന കാര്യങ്ങളിൽ തെറ്റ് തോന്നിയാൽ മുഖം നോക്കാതെ ശോഭ ചോദിക്കുകയും ചെയ്യാറുണ്ട്. ശോഭ-അഖിൽ മാരാർ കോമ്പോയ്ക്ക് വളരെ അധികം ആരാധകരാണുള്ളത്. തുടർന്നും നന്നായി കളിച്ചാൽ ശോഭ ഫൈനലിലേക്ക് വരുമെന്നാണ് പ്രേക്ഷകർ കുറിക്കുന്നത്. ആദ്യത്തെ ആഴ്ചയിൽ ശോഭയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ല. പൊള്ളയായ അമിത സ്നേഹം അഭിനയിക്കുന്നു ഓവർ ആക്ട് ചെയ്യുന്നുവെന്നും അന്ന് കുറ്റപ്പെടുത്തലുകൾ വന്നിരുന്നു.

പക്ഷെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഹൗസിലെ മറ്റ് സ്ത്രീകളുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ ശോഭ വിശ്വനാഥാണ് ശക്തയായ മത്സരാർഥിയെന്ന് പ്രേക്ഷകർ തന്നെ കുറിപ്പുകളിലൂടെ പറയുകയായിരുന്നു.
ഇരുപത്തിയഞ്ചാം വയസിൽ വിവാഹിതയായ ശോഭ താനൊരു മാരിറ്റൽ റേപ്പിന്റെ ഇരയാണെന്നും പ്രണയം നിരസിച്ചതിന്റെ പേരിൽ കള്ളക്കേസിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തിയാണെന്നും വെളിപ്പെടുത്തിയിരുന്നു. ശോഭയുടെ കേസ് ഒരു സമയത്ത് കേരളം ഏറെ ചർച്ച ചെയ്ത ഒന്ന് കൂടിയായിരുന്നു. ഇപ്പോഴിത ശോഭയെ കുറിച്ച് താരത്തിന്റെ മാതാപിതാക്കൾ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
എല്ലാ ദുരിതങ്ങളും വിഷമങ്ങളും തങ്ങളെ അറിയിച്ചിട്ടില്ല ശോഭയെന്നും എല്ലാം അവൾ സ്വയം ഉള്ളിൽ ഒതുക്കി നേരിട്ടുവെന്നുമാണ് താരത്തിന്റെ മാതാപിതാക്കൾ മഴവിൽ കേരളമെന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. 'ഡിവോഴ്സ് നടന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ഞങ്ങൾക്ക് അറിയില്ല. അഡ്വക്കറ്റ് ആരാണെന്ന് പോലും അറിയില്ല.'
'ഞങ്ങൾ വയസായവരായതുകൊണ്ട് ഞങ്ങളെ വിഷമിപ്പിക്കേണ്ടെന്ന് കരുതിയിട്ടാണ്. അവളുടെ പേരിൽ വന്ന കേസുമായി ബന്ധപ്പെട്ട കാര്യങ്ങളും ആദ്യം ഞങ്ങൾ അറിഞ്ഞിരുന്നില്ല. ബന്ധു വിളിച്ച് പറഞ്ഞപ്പോഴാണ് ടിവിവെച്ച് നോക്കിയതും വാർത്ത കണ്ടതും. അത് വല്ലാതെ വിഷമിപ്പിച്ചു. പിന്നീട് അതിന്റെ സത്യാവസ്ഥ പുറത്ത് വന്നല്ലോ. അപ്പോൾ സന്തോഷമായി.'

'ചേട്ടനുമായിട്ടാണ് അവൾ കാര്യങ്ങൾ ഡിസ്കസ് ചെയ്യുന്നത്. അവനും ബിസിനസാണ്. ഇനി വിവാഹമൊക്കെ അവളുടെ തീരുമാനം അനുസരിച്ച്. അന്ന് അവൾക്ക് ഇരുപത്തിയഞ്ച് വയസ് പിന്നിട്ടതുകൊണ്ടാണ് കല്യാണം കഴിപ്പിച്ച് അയച്ചത്. വലിയ കുടുംബത്തിലേക്കാണ് അവളെ വിവാഹം കഴിപ്പിച്ച് വിട്ടത്. മാട്രിമോണിയൽ വഴി വന്ന പ്രപ്പോസലായിരുന്നു. വിവാഹം വിജയിക്കണമെങ്കിൽ രണ്ടുപേരും കൂടി തീരുമാനിക്കണം.'
'സുഹൃത്ത് വഴി കുടുംബത്തെ പരിചയമുള്ളതുകൊണ്ട് കൂടുതൽ വിവാഹത്തിന് മുമ്പ് അന്വേഷിച്ചിരുന്നില്ല. ആനയും അമ്പാരിയുമെല്ലാമായി ആഘോഷമായ വിവാഹമായിരുന്നു. കുടുംബത്തിലെ അവസാനത്തെ വിവാഹമായിരുന്നു ശോഭയുടേത്' താരത്തിന്റെ മാതാപിതാക്കൾ പറഞ്ഞു. ശോഭ മാക്സിമം ഹൗസിൽ പിടിച്ച് നിൽക്കുമെന്നാണ് തോന്നുന്നതെന്നും മാതാപിതാക്കൾ പറഞ്ഞു.
ശോഭയ്ക്ക് മുമ്പും ബിഗ് ബോസിലേക്ക് അവസരം വന്നിരുന്നുവെന്നും പക്ഷെ വിട്ടിരുന്നില്ലെന്നും ഇപ്രാവശ്യം ശോഭ പോയി എന്നത് പ്രോഗ്രാം വന്നതിന് ശേഷമാണ് തങ്ങൾ മനസിലാക്കിയതെന്നും ശോഭയുടെ മാതാപിതാക്കൾ പറഞ്ഞു. 'മദ്യത്തിന് അടിമയായിരുന്നു ഭർത്താവ്. മദ്യപിച്ചെത്തി സ്ഥിരമായി ലൈംഗികമായി ഉപദ്രവിക്കുമായിരുന്നു.'
'ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ചിരുന്നു ആ കാലത്ത്. പല രാത്രിയിലും അയാളെ ഭയന്ന് ബാത്‌റൂമില്‍ ഇരുന്ന് ഉറങ്ങിയിട്ടുണ്ട്. ഒടുവില്‍ ഗത്യന്തരമില്ലാതെ പോലീസിനെ വിളിക്കേണ്ട ഗതികേട് പോലും ഉണ്ടായി. മൂന്ന് വര്‍ഷത്തോളം അയാളുടെ ക്രൂരതകള്‍ സഹിച്ചു. ഒടുവിൽ ആ ജീവിതത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു' എന്നാണ് ശോഭ തന്റെ വിവാഹ ജീവിതത്തെ കുറിച്ച് സംസാരിച്ച് പറഞ്ഞത്.


Click it and Unblock the Notifications