ജുനൈസിന്റെ പൃഷ്ഠം താങ്ങുകയാണ് ശോഭയെന്ന് അഖിൽ മാരാർ, അഖിലിന്റെ പല്ല് അടിച്ച് തകർക്കുമെന്ന് ശോഭ!
ഗ്രാന്റ് ഫിനാലെ അടുത്തതോടെ ബിഗ് ബോസ് ഹൗസിൽ പോര് മുറുകുകയാണ്. അവശേഷിക്കുന്ന ഒമ്പത് പേരുടെയും ലക്ഷ്യം ഫൈനൽ ഫൈവ് തന്നെയാണ്. അധികം വൈകാതെ തന്നെ ആരൊക്കെയാണ് ഫൈനൽ ഫൈവിൽ വരികയെന്ന് പ്രേക്ഷകർക്ക് അറിയാൻ സാധിക്കും. പതിമൂന്നാം ആഴ്ചയിൽ എത്തിനിൽക്കുമ്പോൾ വീട്ടില്‍ വാക്പ്പോരുകള്‍ ഏറുകയാണ്.
എൺപത്തിയഞ്ചാം ദിവസവും മത്സരാർത്ഥികൾ തമ്മിൽ വഴക്ക് നടന്നു. ജുനൈസ്, ശോഭ, അഖിൽ മാരാർ എന്നിവർ തമ്മിലായിരുന്നു വഴക്ക് നടന്നത്. ഡെയ്ലി ടാസ്കായ കുടുംബ പുരാണം ആരംഭിച്ച ശേഷമാണ് വഴക്ക് നടന്നത്.
ടാസ്ക് നടക്കുന്നതിനിടെ ജുനൈസും ശോഭയും പറഞ്ഞ ചില കാര്യങ്ങളെ ചോദ്യം ചെയ്ത് അഖിൽ മാരാർ എത്തിയതോടെയാണ് വഴക്ക് ആരംഭിച്ചത്. വീട്ടിലെ ഒരോ അംഗങ്ങളും ഒരോ കഥാപാത്രങ്ങളായി മാറിയാണ് കുടുംബപുരാണം ടാസ്ക് ചെയ്ത്. സെറീനയുടെ സംശയാലുവായ ഭർത്താവായിട്ടാണ് ജുനൈസ് പ്രകടനം കാഴ്ചവെച്ചത്.
അഖിലിന്റെ പൊങ്ങച്ചക്കാരിയായ ഭാര്യയുടെ വേഷമാണ് ശോഭ അവതരിപ്പിച്ചത്. രസകരമായ മുന്നോട്ട് കൊണ്ടുപോകേണ്ട ടാസ്കിനിടെ ജുനൈസ് അഖിൽ മുണ്ടുപൊക്കി കാണിച്ച വിഷയം വീണ്ടും എടുത്തിട്ടു.

ഇത് കേട്ട അഖിൽ ടാസ്കിന്റെ ഇടവേള സമയത്ത് വിഷയത്തിൽ ജുനൈസിനെ ചോദ്യം ചെയ്തു. തുടർന്ന് ഇരുവരും പരസ്പരം പരിഹസിക്കാനും കുറ്റപ്പെടുത്താനും തുടങ്ങി. തർക്കം മുറുകിയപ്പോൾ ജുനൈസിനെ അഖിൽ സാഡിസ്റ്റെന്ന് വിളിച്ചു. ഇതോടെ വിഷയത്തിൽ ശോഭയും ജുനൈസിനെ പിന്തുണച്ച് എത്തി. എന്ത് അധികാരത്തിലാണ് ഒരാളെ സാഡിസ്റ്റെന്ന് വിളിക്കുന്നതെന്ന് ചോദിച്ചാണ് ശോഭ അഖിലിനോട് കയർത്തത്.
ഇതോടെ രോഷം കൊണ്ട അഖിൽ, നോമിനേഷനിൽ നിന്നും രക്ഷിച്ചതിന്റെ നന്ദിയായി ശോഭ ജുനൈസിന്റെ പൃഷ്ഠം താങ്ങി നടക്കുകയാണെന്ന് പറഞ്ഞു. 'നിന്നെ നോമിനേഷനില്‍ നിന്നും രക്ഷിച്ചതുകൊണ്ട് ജുനൈസിന് താങ്ങിക്കൊടുത്തോ...' എന്നായിരുന്നു അഖിൽ ആദ്യം പറഞ്ഞത്.
അഖിൽ പറയുന്നത് കേട്ട് കലിപൂണ്ട ശോഭ താൻ എന്താണ് പറഞ്ഞതെന്ന് വീണ്ടും വീണ്ടും അഖിലിനോട് ചോദിച്ചപ്പോള്‍ നീ ജുനൈസിന്‍റെ പൃഷ്ഠം താങ്ങുന്നുവെന്ന് അഖില്‍ പറഞ്ഞു. സാഡിസ്റ്റെന്ന് അഖിൽ വിളിച്ചതോടെ ജുനൈസ് മാനസികമായി തകർന്നു. സംഭവം എല്ലാം കണ്ടുകൊണ്ട് നിന്ന് സെറീനയും റെനീഷയും സാഡിസ്റ്റെന്ന പ്രസ്താവന തിരിച്ചെടുക്കണമെന്ന് അഖിലിനോട് ആവശ്യപ്പെട്ടു.
തെറ്റ് മനസിലാക്കിയ അഖിൽ സെറീനയും റെനീഷയും ആവശ്യപ്പെട്ടതുപോലെ പ്രസ്താവന തിരിച്ചെടുത്തു. എന്നാൽ ശോഭയും ജുനൈസും ഈ പ്രശ്നം അവസാനിപ്പിക്കാൻ തയ്യാറായിരുന്നില്ല. അഖിൽ കാരണം കരയാത്ത ഒരു മനുഷ്യൻ പോലും ബിഗ് ബോസ് ഹൗസിൽ ഇല്ലെന്നും അതുകൊണ്ട് തന്നെ താൻ അഖിലിനെയും സാഡിസ്റ്റെന്ന് വിശേഷിപ്പിക്കുമെന്ന് ശോഭ പറഞ്ഞു. പുറത്തായിരുന്നെങ്കിൽ അഖിലിന്റെ പല്ല് അടിച്ച് തകർക്കുമെന്നുള്ള തരത്തിലും ശോഭ സംസാരിച്ചു.

പ്രശ്നം പറഞ്ഞ് മനസിലാക്കി കൊടുക്കാൻ വന്ന സെറീനയോടും റെനീഷയോടും ശോഭയും ജുനൈസും രോഷം പ്രകടിപ്പിച്ചു. അഖിൽ സാഡിസ്റ്റാണെന്ന് തുടരെ തുടരെ ശോഭ പറയാൻ തുടങ്ങിയതോടെ സെറീനയും റെനീഷയും ശോഭയെക്കാൾ ക്വാളിറ്റി പ്രസ്താവന തിരിച്ചെടുത്ത് അഖിൽ മാരാർ കാണിച്ചുവെന്ന് പറഞ്ഞു. ഇത്തവണ നാദിറയും ശോഭയ്ക്ക് എതിരായിരുന്നു.
അഖിൽ മാരാരെ പുറത്താക്കുക എന്നതാണ് ജുനൈസ്, ശോഭ എന്നിവരുടെ പ്രധാന ലക്ഷ്യം. ഇവർ സൃഷ്ടിക്കുന്ന ഭൂരിഭാഗം വഴക്കുകളും അഖിലിന് എതിരെ ഉള്ളതാണ്. പക്ഷെ കാര്യമില്ലാത്ത കാര്യത്തിനും ശോഭ അഖിലിനെ ടാർജറ്റ് ചെയ്ത് തുടങ്ങിയതോടെ പ്രേക്ഷകർക്കും ഇവരുടെ വഴക്കുകൾ വിരസത സൃഷ്ടിച്ച് തുടങ്ങി.
ജുനൈസും ഹൗസിൽ സ്ക്രീൻ സ്പേസ് കണ്ടെത്തുന്നത് അഖിൽ മാരാർ ഉള്ളതുകൊണ്ട് മാത്രമാണെന്നും പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്. ടോപ്പ് ഫൈവിൽ വരാനും കപ്പ് ഉയർത്താനും ഏറ്റവും കൂടുതൽ സാധ്യതയുള്ള മത്സരാർത്ഥിയും അഖിൽ മാരാരാണ്.


Click it and Unblock the Notifications