'ഞാൻ പറഞ്ഞ ചില വാക്കുകൾ തിരിച്ച് എടുക്കുന്നു'; അഖിൽ മാരാർ വിഷയത്തിൽ ഭാര്യ ലക്ഷ്മിയോട് ക്ഷമ ചോദിച്ച് ശോഭ!
ബിഗ് ബോസ് മലയാളം സീസൺ ഫൈവിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കോമ്പോയാണ് ശോഭ വിശ്വനാഥ്-അഖിൽ മാരാർ കോമ്പോ. നേരിട്ട് കണ്ടാൽ വഴക്കും തർക്കവുമാണെങ്കിലും ശോഭയുടെ കുറുമ്പും മറുപടികളും കേൾക്കാൻ വേണ്ടി നിരന്തരമായി അഖിൽ ചെറിയ കാര്യങ്ങൾക്ക് പോലും ശോഭയോട് തർക്കിക്കും.
തന്നെ കളിയാക്കാൻ വേണ്ടിയാണ് അഖിൽ ഇതൊക്കെ ചെയ്യുന്നതെന്ന് മനസിലാക്കാതെ ശോഭ ദേഷ്യപ്പെടുകയും ചെയ്യും. സീസൺ ഫൈവ് തുടങ്ങി രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് ഇരുവരുടെയും കോമ്പോ പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങിയത്.
മറ്റുള്ള മത്സരാർത്ഥികൾ മനപൂർവം കോമ്പോ ഉണ്ടാക്കാൻ ശ്രമിക്കുമ്പോഴാണ് ഇരുവരുടെയും വഴക്കും തമാശകളും പ്രേക്ഷകർക്കിടയിൽ ഹിറ്റായത്. ഇരുവരെയും കാണുമ്പോൾ ടോം ആന്റ് ജെറി പോലെയാണ് തോന്നുന്നതെന്നാണ് മോഹൻലാൽ പോലും ഒരു എപ്പിസോഡിൽ പറഞ്ഞത്.
ശോഭയുടെ വസ്ത്രങ്ങള്‍ അഖിൽ പൂളില്‍ ഇട്ടതും. കിച്ചണില്‍ ഇരുവരും തമ്മില്‍ പ്രശ്നമുണ്ടായതും. ശോഭയുടെ സാരി മാരാര്‍ എടുത്ത് ഉടുത്തതും അടക്കം രസകരമായ പ്രശ്നങ്ങള്‍ നിരവധി ഇതിനോടകം ഹൗസിൽ ഉണ്ടായിട്ടുണ്ട്.

ഇരുവരും തമ്മിലുള്ളത് ശരിക്കും പ്രശ്നമാണോ അല്ല തമാശയാണോ എന്ന് മോഹന്‍ലാല്‍ തുറന്ന് ചോദിച്ചപ്പോൾ അഖില്‍ നടത്തുന്നത് ബുള്ളിയിംഗ് ആണെന്നും തനിക്ക് അതിൽ പ്രശ്നമുണ്ടെന്നും ശോഭ മോഹന്‍ലാലിനോട് ഒരിക്കൽ പരാതിപ്പെട്ടു. പലപ്പോഴും മോശമായാണ് മാരാര്‍ പെരുമാറുന്നത് എന്നും മറ്റാരോടും ഇതുപോലെ ചെയ്യുന്നില്ലെന്നും ശോഭ പറഞ്ഞു.
താന്‍ എവിടെയാണോ അവിടെ എത്തി തന്നെ ശല്യപ്പെടുത്തുന്നുണ്ട്. ചിലപ്പോള്‍ താന്‍ നല്ലവണ്ണം കൊടുത്താല്‍ ചിലപ്പോള്‍ നില്‍ക്കും. പക്ഷെ വീണ്ടും ഗ്രൂപ്പ് അറ്റാക്കായും കളിയാക്കാലായും ഇത് തുടരും എന്നാണ് ശോഭ അഖിലിനെ കുറിച്ച് പരാതിപ്പെട്ട് പറഞ്ഞത്.
മോഹന്‍ലാല്‍ അഖില്‍ മാരാരോടും ഈ വിഷയത്തെക്കുറിച്ച് ചോദിച്ചിരുന്നു. എന്നാല്‍ താന്‍ ഒരു കുസൃതിയായാണ് കാര്യം കാണുന്നതെന്നാണ് അഖില്‍ പറഞ്ഞത്. താന്‍ ചെറുപ്പത്തിലും മറ്റും ഒന്നിച്ച് പഠിച്ച അടുത്ത സുഹൃത്തായ കൂട്ടുകാരികളോട് പെരുമാറും പോലെയാണ് ഇതൊക്കെ ചെയ്യുന്നത് എന്നാണ് അഖില്‍ പറഞ്ഞത്.
പക്ഷെ ശോഭ അതൊന്നും ഉൾക്കൊള്ളാൻ തയ്യാറായിരുന്നില്ല. അഖിലിന് തോൽപ്പിച്ച് കപ്പ് നേടുക എന്നതാണ് ശോഭയുടെ ലക്ഷ്യം അത് പലപ്പോഴും ഹൗസിൽ വെച്ച് ശോഭ പറയുകയും ചെയ്തു. അടുത്തിടെ തർക്കമുണ്ടായപ്പോൾ അഖിലിനെ ശോഭ ചീത്ത വിളിക്കുകയും ചെയ്തിരുന്നു.

അഖിൽ സ്ത്രീകളെ അടിച്ചമർത്തി പുരുഷമേധാവിത്വം കാണിക്കുന്നുവെന്ന അഭിപ്രായം ശോഭയ്ക്കുണ്ട്. എന്നാൽ ഫാമിലി വീക്കിന്റെ ഭാഗമായി അഖിൽ മാരാരുടെ കുടുംബം ഹൗസിലെത്തിയതോടെ ശോഭയുടെ തെറ്റിദ്ധാരണകളെല്ലാം മാറി. കുടുംബം എന്നുള്ള രീതിയിൽ പരിഗണിക്കുമ്പോൾ താൻ അഖിലിനെ പറഞ്ഞ ചില വാക്കുകൾ തിരിച്ച് എടുക്കുന്നുവെന്നാണ് ശോഭ അഖിലിന്റെ ഭാര്യ ലക്ഷ്മിയോട് ക്ഷമ ചോദിച്ച് പറഞ്ഞത്.
ശോഭയും ലക്ഷ്മിയും മാത്രമായി ഇരുന്ന് പ്രശ്നങ്ങളെല്ലാം പറഞ്ഞ് തീർത്ത് സുഹൃത്തുക്കളാവുകയും ചെയ്തു. ശോഭ ഏറ്റുപറച്ചിൽ നടത്തിയപ്പോൾ താൻ ഒന്നും മനസിലേക്ക് എടുത്തിട്ടില്ലെന്നും എല്ലാം ഗെയിമായി തന്നെയാണ് ഇതുവരെ കണ്ടിട്ടുള്ളതെന്നും ലക്ഷ്മി പറഞ്ഞു. അഖിൽ മാരാരുടെ മക്കളെ ഏറ്റവും കൂടുതൽ താലോലിച്ച് കൊണ്ടുനടന്നത് ശോഭയായിരുന്നു.
ശോഭ-അഖിൽ കോമ്പോയ്ക്ക് പുറത്ത് വൻ സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്നും ലക്ഷ്മിയുടെ സംസാരത്തിലൂടെ ശോഭയ്ക്ക് മനസിലായി. അഖിലുമായി നടന്ന പ്രശ്നങ്ങൾ കാരണം ലക്ഷ്മി ശോഭയോട് അകൽച്ച കാണിക്കുമെന്നാണ് പ്രേക്ഷകർ കരുതിയത്.
പക്ഷെ ജുനൈസ് അടക്കം എല്ലാവരോടും വളരെ സ്നേഹത്തോടെയും സൗഹൃദത്തോടെയുമാണ് ലക്ഷ്മി സംസാരിച്ചത്. ശോഭയുടെ സാരിയും ആഭരണങ്ങളും തനിക്ക് വളരെ അധികം ഇഷ്ടമാണെന്നും ലക്ഷ്മി പറഞ്ഞു.


Click it and Unblock the Notifications