'അഖിലിന്റെ ശബ്ദം എപ്പോൾ കേട്ടാലും ആത്മജ ഉടൻ അത് ശ്രദ്ധിക്കും, എപ്പിസോഡ് കാണാൻ കാരണം അഖിൽ'; വിജയ് മാധവ്!
ബിഗ് ബോസ് മലയാളം സീസൺ ഫൈവ് അവസാനിക്കാൻ ഇനി വളരെ കുറച്ച് ദിവസങ്ങൾ കൂടി മാത്രമാണ് അവശേഷിക്കുന്നത്. സീസൺ ഫൈവിന്റെ ടൈറ്റിൽ ആര് നേടുമെന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ. ഹൗസിൽ ഇപ്പോൾ എട്ട് പേരാണ് അവശേഷിക്കുന്നത്. അവരിൽ ഒരാൾ കൂടി ഇന്ന് ഹൗസിനോട് വിട പറയും.
സീസൺ ഓഫ് ഒറിജിനൽസ് എന്ന ടാഗ് ലൈനോടെയാണ് അഞ്ചാം സീസൺ പ്രേക്ഷകരിലേക്ക് എത്തിയത്. ആദ്യമായി പ്രേക്ഷകർക്കിടയിൽ നിന്നും ഒരു കോമണർ കൂടി ഹൗസിലേക്ക് മത്സരിക്കാനെത്തിയ സീസൺ കൂടിയായിരുന്നു ഇത്. ഇമേജ് ഭയമില്ലാതെ മത്സരിക്കാനെത്തുന്നവർക്കാണ് ഹൗസിൽ കൂടുതൽ നന്നായി മത്സരിക്കാൻ സാധിക്കുക.
ഇമേജ് ഭയന്ന് കളിക്കുന്നവർക്ക് അഭിപ്രായങ്ങൾ പറയാൻ സാധിക്കാതെ വരികയും അവരെ പ്രേക്ഷകർ സേഫ് ഗെയിമേഴ്സ് എന്ന് മുദ്ര കുത്തുകയും ചെയ്യും. ഹൗസിലേക്ക് പ്രവേശിച്ചപ്പോൾ ഏറ്റവും കൂടുതൽ ഹേറ്റേഴ്സിനെയും കൊണ്ട് കയറിയ മത്സരാർത്ഥിയാണ് സംവിധായകൻ അഖിൽ മാരാർ. എന്നാൽ ഇന്ന് ഹൗസിൽ അവശേഷിക്കുന്ന മത്സരാർത്ഥികളിൽ ഏറ്റവും കൂടുതൽ ജനപിന്തുണ അഖിലിനാണ്.

അഞ്ച് സീസണുകളിൽ നിന്നുമായി പെർഫെക്ട് ബിബി മെറ്റീരിയലായി തോന്നിയത് അഖിലിനെയാണെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ഇപ്പോഴിതാ അഖിൽ മാരാർ എന്ന ഒറ്റ കാരണം കൊണ്ട് ബിഗ് ബോസ് കാണാൻ തുടങ്ങിയെന്ന് പറയുകയാണ് ഗായകനും സംഗീത സംവിധായകനുമായ വിജയ് മാധവും ഭാര്യയും നടിയുമായ ദേവികയും.
നാല് മാസം മാത്രം പ്രായമുള്ള ഇരുവരുടെയും ആൺകുഞ്ഞും അഖിൽ മാരാർ ഫാനാണ്. അഖിലിന്റെ ശബ്ദം എപ്പോൾ ടിവിയിൽ കേട്ടാലും മകന്റെ ശ്രദ്ധ പിന്നെ അതിൽ മാത്രമായിരിക്കുമെന്നാണ് പുതിയതായി പങ്കുവെച്ച വീഡിയോയിൽ വിജയ് മാധവും ദേവികയും പറയുന്നത്.
അതിന് തെളിവായി ചില രംഗങ്ങളും പുതിയ വീഡിയോയിൽ വിജയ് ഉൾപ്പെടുത്തിയിട്ടുണ്ട്. 'അഖിൽ മാരാർ ഫാൻസായ ആത്മജയും നായികയും', എന്ന തലക്കെട്ട് നൽകിയാണ് വിജയ് മാധവ് വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. 'ഇത് വരെയുള്ള ഒരു ബിഗ്‌ബോസ് സീസണിലെയും ഒരു എപ്പിസോഡ് പോലും കണ്ടിട്ടില്ലാത്ത ഒരാളായിരുന്നു ഞാൻ.'
'പക്ഷെ ഇപ്പോൾ എല്ലാ എപ്പിസോഡുകളും കാണുന്നുണ്ട്. അതിന് പ്രധാന കാരണം അഖിൽ മാരാർ തന്നെയാണ്. ആത്മജയും മാരാർ ഫാനായി എന്ന് തോന്നുന്നു. എല്ലാ മത്സരാർത്ഥികൾക്കും വിജയാശംസ നേരുന്നു... ഒപ്പം മാരാർ ബിഗ് ബോസായി കാണാൻ ആഗ്രഹിക്കുന്നു...', എന്നും വിജയ് മാധവ് സോഷ്യൽമീഡിയയിൽ കുറിച്ചു.

കഴിഞ്ഞ ദിവസം അഖിലിനെ കാണാൻ കുടുംബം ഹൗസിലേക്ക് എത്തിയിരുന്നു. മാസങ്ങൾക്ക് ശേഷം കാണുന്നതായതിനാൽ മക്കളെ വാരിപ്പുണർന്ന് അഖിൽ ചുംബിക്കുന്ന വീഡിയോ വൈറലായിരുന്നു. ആ എപ്പിസോഡ് വിജയ് ടിവിയിൽ വെച്ച ഉടൻ താരത്തിന്റെ മകന്റെ ശ്രദ്ധ അവിടേക്ക് മാറുന്നതും കണ്ണെടുക്കാതെ നോക്കുന്നതും വീഡിയോയിൽ കാണാം. അഖിൽ മാരാരുടെ ശബ്ദം എപ്പോൾ ടിവിയിൽ കേട്ടാലും മകന്റെ ശ്രദ്ധ അവിടേക്ക് തിരിയുമെന്ന് ദേവികയും പറയുന്നു.
ബിഗ് ബോസ് ഗെയിം കളിക്കാൻ ഇത്രയെറെ മൈന്റ് പവർ വേണമെന്ന് ഞങ്ങൾ മനസിലാക്കിയത് സീസൺ ഫൈവിലൂടെയാണ്. വിന്നറായശേഷം അഖിലിനെ ആത്മജ സെന്ററിലേക്ക് ക്ഷണിക്കണമെന്ന ആഗ്രഹമുണ്ടെന്നും വിജയിയും ദേവികയും വീഡിയോയിൽ പറയുന്നു. ആത്മജ സെന്ററിൽ യോഗ, സംഗീതം, പെയിന്റിംഗ് തുടങ്ങിയവയാണ് അഭ്യസിപ്പിക്കുന്നത്. ആത്മജ മഹാദേവ് എന്നാണ് വിജയിയുടെയും ദേവികയുടെയും മകന്റെ മുഴുവൻ പേര്. പെൺകുട്ടികളുടെ പേരാണെന്ന് പറഞ്ഞ് നിരവധി പേർ വിജയിയെ വിമർശിച്ചിരുന്നു.


Click it and Unblock the Notifications