'റോഡിലിറങ്ങി നിന്ന് വോട്ട് ചെയ്യാമോയെന്ന് ചോദിച്ചിരുന്നു, ഇഷ്ടപ്പെടാൻ ചാൻസ് കുറവാണെന്ന് തോന്നി'; വിഷ്ണു!
മലയാളത്തിലെ ഏറ്റവും വലിയ റിയാലാറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ അഞ്ച് അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കി. ആരാകും ഈ സീസണിലെ വിജയി എന്നറിയാനുള്ള കാത്തിരിപ്പിലാണ് മലയാളികൾ. നിലവിൽ ടോപ് ഫൈവിൽ എത്തുമെന്ന് കരുതുന്നവരുടെ പേരുകൾ സമൂഹമാധ്യമങ്ങളിൽ ഉയർന്ന് കേൾക്കുന്നുണ്ട്.
ഒമ്പത് പേരാണ് പ്രേക്ഷക വിധി കാത്ത് ഹൗസിലുള്ളത്. നാദിറ ടിക്കറ്റ് ടു ഫിനാലെ നേടി നേരിട്ട് ഫിനാലെ വീക്കിലേക്ക് എത്തി. പതിമൂന്നാം ആഴ്ചയിലെ എവിക്ഷൻ കൂടി താണ്ടിയാൽ മാത്രമെ ബാക്കിയുള്ള എട്ട് പേരിൽ ആരൊക്കെ ഫിനാലെ വീക്കിലെത്തുമെന്നതിൽ വ്യക്തത വരൂ.
ബിഗ് ബോസ് ഷോ എപ്പോഴും പ്രവചനാതീതമാണ്. അതിന്റെ ഏറ്റവും വലിയ തെളിവാണ് വിഷ്ണു ജോഷി എന്ന മത്സരാർത്ഥിയുടെ എവിക്ഷൻ. സെറീന, നാദിറ പോലുള്ള മത്സരാർത്ഥികൾക്ക് ജനപിന്തുണ വിഷ്ണുവിനെക്കാൾ കുറവാണ് പക്ഷെ എവിക്ഷൻ വന്നപ്പോൾ പുറത്തായത് വിഷ്ണു ജോഷിയും. ഒട്ടും ന്യായമല്ലാത്തൊരു എവിക്ഷനായിരുന്നു വിഷ്ണുവിന്റേത് എന്നാണ് പ്രേക്ഷകരിൽ ഭൂരിഭാഗവും പറഞ്ഞത്.

വർഷങ്ങളായി ബിഗ് ബോസ് ഷോയുടെ ഫാനാണ് വിഷ്ണു. തമിഴ് അടക്കം വിവിധ ഭാഷകളിലെ ബിഗ് ബോസ് ഷോകൾ മനപാഠമാക്കിയാണ് വിഷ്ണു മത്സരിക്കാനെത്തിയത്. പലപ്പോഴും ഹൗസിൽ ഗെയിം ചെയിഞ്ചിങ് മൊമന്റുകൾ സമ്മാനിച്ചിട്ടുള്ളതും വിഷ്ണുവാണ്. ഇപ്പോഴിതാ ബിഹൈൻവുഡ്സ് ഐസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ബിഗ് ബോസ് ഹൗസിലെ അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് വിഷ്ണു ജോഷി.
കുടുംബവും സുഹൃത്തുക്കളും തനിക്ക് വേണ്ടി റോഡിലിറങ്ങി നിന്ന് വോട്ട് ചോദിച്ചിരുന്നുവെന്നും തന്നെ ആളുകൾക്ക് ഇഷ്ടപ്പെടാൻ ചാൻസ് കുറവാണെന്ന് തോന്നിയിരുന്നുവെന്നും വിഷ്ണു പറയുന്നു.
'വർഷങ്ങളായി ബിഗ് ബോസ് ഷോയുടെ ഫാനാണ് ഞാൻ. നിരന്തരമായി ഷോയെ ഫോളോ ചെയ്തതുകൊണ്ടാണ് സീസൺ ഫൈവിൽ പങ്കെടുക്കാൻ സാധിച്ചത്. സിനിമയാണ് ലക്ഷ്യം അതിന് വേണ്ടിയാണ് ബിഗ് ബോസിൽ പങ്കെടുത്തത്. ഹൗസിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ എനിക്ക് അറിയാമായിരുന്നു എന്റെ രീതിയും സ്വഭാവവും എല്ലാവർക്കും ഇഷ്ടപ്പെടാൻ സാധ്യതയില്ലെന്ന്.'
'ഹൗസിൽ പലരും നിനക്ക് കുടുംബപ്രേക്ഷകരുടെ സ്നേഹം കിട്ടില്ലെന്ന് പറഞ്ഞ് എന്നെ കളിയാക്കുമായിരുന്നു. കുറച്ച് യൂത്തിന് മാത്രമെ എന്നെ ഇഷ്‍ടപ്പെടുവെന്നാണ് ഞാൻ കരുതിയത്. പക്ഷെ ഞാൻ എവിക്ടായശേഷം എന്നെ കാണാൻ വരുന്നവരിലും വിളിക്കുന്നവരിലും മെസേജുകൾ അയക്കുന്നവരിലും കൂടുതൽ അമ്മമാരാണ്. മോനെപ്പോലെയാണ് എന്നെ സ്നേഹിക്കുന്നത് എന്നൊക്കെ കേൾക്കുമ്പോൾ സന്തോഷം തോന്നാറുണ്ടെന്നും', വിഷ്ണു പറയുന്നു.

താൻ നോമിനേഷനിൽ വരുന്ന സമയങ്ങളിൽ ബന്ധുക്കളും സുഹൃത്തുക്കളും വോട്ട് പിടിക്കാൻ വേണ്ടി റോഡിലിറങ്ങി നിന്ന് എല്ലാവരെയും കൊണ്ട് വോട്ട് ചെയ്യിപ്പിക്കുമായിരുന്നുവെന്നും അത് കേട്ടപ്പോൾ സങ്കടം തോന്നിയെന്നും വിഷ്ണു പറയുന്നു. ഹൗസിൽ നിന്ന് ഇറങ്ങിയ ശേഷം ആദ്യം പരിശോധിച്ചത് ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം വർധിച്ചോ എന്നുള്ളതാണെന്നും വിഷ്ണു കൂട്ടിച്ചേർത്തു.
മത്സരം തുടങ്ങിയ ആദ്യ ദിവസങ്ങളിൽ തന്നെ താനൊരു മികച്ച ബിഗ് ബോസ് മെറ്റീരിയലാണെന്ന് വിഷ്‍ണു തെളിയിച്ചിരുന്നു. വ്യത്യസ്‍ത തന്ത്രങ്ങളുമായി വീടിനകത്ത് വിലസിയ വിഷ്‍ണു പ്രേക്ഷക പ്രശംസയ്ക്ക് അർഹനായി. അതുകൊണ്ട് തന്നെ വിഷ്‍ണുവിന്റെ പുറത്താകൽ ഇപ്പോഴും പ്രേക്ഷകർക്ക് ഉൾക്കൊള്ളാനായിട്ടില്ല.


Click it and Unblock the Notifications