വമ്പിച്ച ഭൂരിപക്ഷത്തിൽ അഖിൽ മാരാർ കപ്പ് തൂക്കി, രണ്ടാം സ്ഥാനം റെനീഷയ്ക്ക്, ജുനൈസ് മൂന്നാം സ്ഥാനത്ത്!
ബിഗ് ബോസ് മലയാളം സീസൺ ഫൈവിന് ഇന്ന് കൊടിയിറങ്ങുമ്പോൾ എല്ലാവരുടെയും പ്രവചനം പോലെ തന്നെ അഖിൽ മാരാർ ടൈറ്റിൽ വിൻ ചെയ്തുവെന്നാണ് റിപ്പോർട്ട്. ഉച്ചയോടെ ഗ്രാന്റ് ഫിനാലെയുടെ ഷൂട്ട് മുംബൈയിൽ ആരംഭിച്ചിരുന്നു.
അതുകൊണ്ട് തന്നെ നേരത്തെ റൊക്കോർഡ് ചെയ്ത വെച്ച ഗ്രാന്റ് ഫിനാലെ ഇവന്റാണ് പ്രേക്ഷകർക്ക് ഇന്ന് വൈകിട്ട് ഏഴ് മണി മുതൽ കാണാൻ സാധിക്കുക. ഗ്രാന്റ് ഫിനാലെയുടെ ഭാഗമായി നടന്ന കലാപാരിപാടികൾ നേരത്തെ തന്നെ ഷൂട്ട് ചെയ്ത് വെച്ചശേഷമാണ് അഞ്ച് ഫൈനലിസ്റ്റുകളുടെ സ്ഥാനങ്ങൾ ഏതൊക്കെയാണെന്ന പ്രഖ്യാപനവും വിജയി ആരാണെന്ന പ്രഖ്യാപനവും മോഹൻലാൽ നടത്തിയത്.
കേരളത്തിലെ ഭൂരിപക്ഷം ആളുകളും പ്രതീക്ഷിച്ചത് പോലെ തന്നെ അഖിൽ മാരാർ തന്നെയാണ് ടൈറ്റിൽ വിജയിയായതെന്നാണ് ബിഗ് ബോസ് ഷോയുടെ സ്ഥിരം റിവ്യൂവർ രേവതി തന്റെ പുതിയ ചാനലിൽ പങ്കിട്ട വീഡിയോയിലൂടെ പറഞ്ഞത്. വമ്പിച്ച ഭൂരിപക്ഷത്തിന്റെ വോട്ടോടെയാണ് അഖിൽ മാരാർ വിജയിച്ചതെന്നാണ് അറിയാൻ കഴിഞ്ഞതെന്നും രേവതി പറഞ്ഞു.
യുട്യൂബ് പോളിങിലും അഖിൽ തന്നെയാണ് ഉയർന്ന് നിന്നിരുന്നത്. എല്ലായിടത്തും അഖിലിനായിരുന്നു വോട്ട് കൂടുതൽ. യുട്യൂബ് പോളുകളിൽ അറുപത് ശതമാനം വോട്ട് അഖിലിനും ബാക്കിയുള്ള നാൽപ്പത് ശതമാനം അവശേഷിക്കുന്ന നാലുപേർക്കുമാണ് ലഭിച്ചിരുന്നത്.

യുട്യൂബ് പോളിങിൽ മാത്രം അഖിലിന് ജനങ്ങൾ നൽകിയ പിന്തുണ ഒതുങ്ങിയില്ലെന്നും അതുകൊണ്ട് ഹോട്ട്സ്റ്റാർ ഫൈനൽ പോൾ റിസൾട്ട് പുറത്ത് വിട്ടപ്പോൾ വമ്പിച്ച മാർജിൻ സൃഷ്ടിക്കാൻ റണ്ണറപ്പായ വ്യക്തിയിൽ നിന്നും അഖിൽ മാരാർക്ക് സാധിച്ചുവെന്നും രേവതി പറയുന്നു. 50 ലക്ഷം രൂപ ക്യാഷ് പ്രൈസും ട്രോഫിയുമാണ് വിജയിയായ അഖിലിന് സമ്മാനമായി ലഭിച്ചത്.
രണ്ടാം സ്ഥാനം നേടിയത് സീരിയൽ താരം റെനീഷ റഹ്മാനാണ്. എല്ലാവരുടെയും പ്രവചനവും റെനീഷ രണ്ടാം സ്ഥാനത്തെത്തുമെന്ന് തന്നെയായിരുന്നു. ടോപ്പ് ടു ആരാകണമെന്ന ചോദ്യത്തിന് ഏറെയും പേർ നൽകിയ മറുപടിയും അഖിൽ മാരാർ, റെനീഷ എന്നത് തന്നെയായിരുന്നു. ഒന്നും രണ്ടും സ്ഥാനങ്ങൾ നേരത്തെ തന്നെ പ്രവചിക്കാൻ പ്രേക്ഷകർക്ക് സാധിച്ചിരുന്നു. പക്ഷെ മൂന്നാം സ്ഥാനത്ത് ജുനൈസ് വി.പി എത്തുമെന്നത് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നില്ല.
അവിടെയാണ് അട്ടിമറി നടന്നത്. ശോഭ വിശ്വനാഥിനെ കടത്തി വെട്ടിയാണ് ജുനൈസ് പോളിൽ കുതിച്ച് ഉയർന്ന് മൂന്നാം സ്ഥാനം നേടിയത്. ശോഭ മൂന്നാം സ്ഥാനത്ത് എത്തുമെന്നാണ് ഏറെയും പേർ പ്രതീക്ഷിച്ചിരുന്നത്. നാദിറയുടെ സുഹൃത്തായതുകൊണ്ട് തന്നെ താരം പോയ വിടവിൽ നാദിറ ഫാൻസിന്റെ ഇനിയുള്ള വോട്ടുകൾ ശോഭയ്ക്ക് ലഭിക്കുമെന്നും മൂന്നാം സ്ഥാനം ശോഭയ്ക്കായിരിക്കുമെന്നും പ്രവചനങ്ങൾ ഉണ്ടായിരുന്നു.
പക്ഷെ ശോഭ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒന്നാം ദിവസം മുതൽ ഹൗസിലെ അവസാന ദിവസം വരെയും വിജയി താൻ ആയിരിക്കുമെന്ന് അടിക്കടി പറയാതെ പറയാറുണ്ടായിരുന്നു ശോഭ. ഗ്രാന്റ് ഫിനാലെ വേദിയിൽ ധരിക്കാനുള്ള സാരി കൂടി കയ്യിൽ കരുതിയാണ് താൻ വന്നതെന്നും നൂറ് ദിവസം ഹൗസിൽ പിടിച്ച് നിൽക്കുമെന്നും ശോഭ പറയാറുണ്ടായിരുന്നു.

പക്ഷെ ടൈറ്റിലിന് പകരം നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നുവെന്ന് മാത്രം. അഞ്ചാം സ്ഥാനമാണ് സീരിയൽ താരം ഷിജുവിന് ലഭിച്ചത്. സെറീന പുറത്തായശേഷം ഗ്രാന്റ് ഫിനാലെ ദിവസം ആദ്യം പുറത്താകാൻ പോകുന്നത് താൻ ആയിരിക്കുമെന്ന് ഷിജു തന്നെ കഴിഞ്ഞ ദിവസം അഖിലിനോട് സംസാരിക്കവെ പറഞ്ഞിരുന്നു. സീസൺ ഫൈവിലെ ഏറ്റവും നല്ല സുഹൃത്തുക്കളെന്ന് പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞത് അഖിൽ മാരാർ-ഷിജു കോമ്പോയെയാണ്.


Click it and Unblock the Notifications