ഇത് സത്യമോ?, ദിലീപ് ബിഗ് ബോസ് ഹൗസിലേക്ക് എത്തുന്നു, ലാലിന് പുറമെ മറ്റൊരു താരം ഹൗസിലെത്തുന്നത് ആദ്യം!
ബിഗ് ബോസ് മലയാളം സീസൺ ആറ് നിരവധി സർപ്രൈസുകൾ പ്രേക്ഷകർക്ക് നൽകി കൊണ്ടാണ് സംപ്രേഷണം തുടരുന്നത്. സീസൺ ആറ് മറ്റുള്ള സീസണുകളിൽ നിന്നും വളരെ വ്യത്യസ്തമാണ്. നാല് ബെഡ്റൂമുകൾ, പവർ റൂം എന്നിവയെല്ലാം സീസൺ ആറിന്റെ മാത്രം പ്രത്യേകതകളാണ്. അതുപോലെ ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായി സീസൺ ആറിലാണ് ആറ് വൈൽഡ് കാർഡുകൾ ഒരുമിച്ച് ഹൗസിലേക്ക് കയറിയത്. അതുപോലെ തന്നെ ഏറ്റവും റിയലിസ്റ്റിക്കായ അവതരണവുമായി അവതാരകൻ മോഹൻലാലും ഈ സീസണിലെ വീക്കെന്റ് എപ്പിസോഡുകളിൽ പ്രേക്ഷകരുടെ കയ്യടി വാങ്ങുന്നുണ്ട്.
അതേസമയം ഇപ്പോൾ ഹൗസിൽ പതിനേഴ് മത്സരാർത്ഥികളാണ് ഉള്ളത്. ജാൻമണിയാണ് എവിക്ഷനിലൂടെ ഏറ്റവും അവസാനം പുറത്തായത്. അതുപോലെ ആരോഗ്യപ്രശ്നങ്ങളും അതിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഹൗസിൽ നിന്നും വിട്ടുനിന്ന സിജോ കഴിഞ്ഞ ദിവസം വീണ്ടും തിരികെ കയറി.

കാട്ടുതീയായി വന്ന സിജോ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. സീസൺ ആറ് പകുതി ദൂരം പിന്നിടാൻ ഒരുങ്ങുമ്പോൾ പ്രേക്ഷകർക്ക് ഏറെ സർപ്രൈസ് നൽകുന്ന ചില റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. അത് മറ്റൊന്നുമല്ല നടൻ ദിലീപ് ബിഗ് ബോസ് ഹൗസിലേക്ക് കയറാൻ പോകുന്നുവെന്നുള്ള വാർത്തകളാണ് വരുന്നത്. താരത്തിന്റെ ഏറ്റവും പുതിയ സിനിമ പവി കെയർ ടേക്കർ പ്രമോഷനായാണ് ദിലീപ് ഹൗസിലേക്ക് എത്തുന്നത്.
സിനിമാ പ്രമോഷനായി താരങ്ങൾ ബിഗ് ബോസിലേക്ക് എത്തുന്നത് സ്ഥിരമായി സംഭവിക്കാറുള്ളതാണ്. വിക്രം റിലീസ് അടുത്തപ്പോൾ നടൻ കമൽഹാസൻ ബിഗ് ബോസ് വീക്കെന്റ് എപ്പിസോഡിൽ മോഹൻലാലിനൊപ്പം അതിഥിയായി വന്നിരുന്നു. അന്ന് സീസൺ നാലിലെ മത്സരാർത്ഥികൾ സ്പെഷ്യൽ പ്രോഗ്രാമുകളും താരത്തിനായി ചെയ്തിരുന്നു.
ശേഷം സീസൺ അഞ്ചിൽ അജു വർഗീസും സംഘവും തങ്ങളുടെ വെബ് സീരിസിന്റെ പ്രമോഷനായി എത്തിയിരുന്നു. എന്നാൽ ഇവരെല്ലാം എൽഇഡി വാളിൽ കൂടിയാണ് മത്സരാർത്ഥികളോട് സംവദിച്ചത്. ആരും തന്നെ ഹൗസിനുള്ളിലേക്ക് പോവുകയോ മത്സരാർത്ഥികളുമായി നേരിട്ട് സംവദിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ ദിലീപ് ഹൗസിനുള്ളിലേക്ക് കയറി മത്സരാർത്ഥികളുമായി നേരിട്ട് സംവദിക്കുമെന്നാണ് റിപ്പോർട്ടുകൾ.
മോഹൻലാൽ മാത്രമാണ് ഇത്തരത്തിൽ മത്സരാർത്ഥികളുമായി നേരിട്ട് സംവദിക്കാൻ ഇതുവരെ ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ഹൗസിനുള്ളിലേക്ക് പോയിട്ടുള്ളത്. ദിലീപ് ഹൗസിനുള്ളിലേക്ക് കയറും എന്നുള്ള റിപ്പോർട്ടുകൾ വന്നതോടെ പ്രേക്ഷകരും ത്രില്ലിലാണ്. വിനീത് കുമാറിന്റെ സംവിധാനത്തിൽ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന പവി കെയർ ടേക്കറിന്റെ ട്രെയിലറിന് വൻ സ്വീകരണമാണ് ലഭിച്ചത്.

ദിലീപിന്റെ കോമഡി നമ്പറുകളാണ് ട്രെയിലറിന്റെ പ്രധാന ആകർഷണം. ചിത്രം ഏപ്രിൽ 26ന് റിലീസ് ചെയ്യും. തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ആദ്യമായി വിതരണത്തിനെത്തിക്കുന്ന ചിത്രം കൂടിയാണ് പവി കെയർ ടേക്കർ. ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലിന രാമകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ അഞ്ച് നായികമാർ.
ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, സഫടികം ജോർജ്, അഭിഷേക് ജോസഫ്, മാസ്റ്റർ ശ്രീപത്, ഷൈജു അടിമാലി, ദീപു പണിക്കർ, ഷാഹി കബീർ, ജിനു ബെൻ തുടങ്ങിയ ഒരു വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.


Click it and Unblock the Notifications