'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
ബിഗ് ബോസ് പ്രേക്ഷകർ ഏറെ കാത്തിരുന്ന ഒരു മുഹൂർത്തം ഇന്ന് സംഭവിച്ചിരിക്കുകയാണ്. ശാരീരികമായി പരിക്കേറ്റ് ചികിത്സയ്ക്കായി ഹൗസിൽ നിന്നും വിട്ടുനിന്ന സിജോ ഹൗസിലേക്ക് വീണ്ടും തിരിച്ചുവന്നിരിക്കുന്നു. രണ്ടാഴ്ചയായി ഹൗസിന് പുറത്ത് ബിഗ് ബോസ് ടീമിനൊപ്പം വിശ്രമത്തിലായിരുന്നു സിജോ. അസി റോക്കിയുമായി ഉണ്ടായ വാക്കുതർക്കത്തിനിടെ റോക്കി സിജോയുടെ മുഖത്ത് ശക്തമായി ഇടിച്ചിരുന്നു. ഹൗസിൽ ഒരിക്കലും അനുവദനീയമല്ലാത്ത വലിയൊരു പിഴവാണ് സഹമത്സരാർത്ഥിയെ കയ്യേറ്റം ചെയ്യുക എന്നത്.
അതുകൊണ്ട് തന്നെ സിജോയെ ഇടിച്ച അസി റോക്കി അടുത്ത നിമിഷം തന്നെ ഹൗസിൽ നിന്നും ഷോയിൽ നിന്നും പുറത്തായി. ഇടിയുടെ ആഘാതത്തിൽ ഏറെ നേരം സിജോയ്ക്ക് വായ തുറക്കാനും സംസാരിക്കാനുമൊന്നും സാധിക്കുന്നുണ്ടായിരുന്നില്ല. പരിക്ക് സാരമുള്ളതാണെന്ന് മനസിലായപ്പോൾ വിദഗ്ധ ചികിത്സയ്ക്കും സർജറിക്കുമായി സിജോയെ ആശുപത്രിയിലേക്ക് മാറ്റി.

സർജറിക്കുശേഷം പിന്നീട് ഒരിക്കൽ മോഹൻലാലിനൊപ്പം ബിബിയുടെ സ്റ്റേജിൽ സിജോ വന്നിരുന്നു. അന്ന് വീട്ടിലെ സഹമത്സരാർത്ഥികളോട് സിജോ സംസാരിക്കുകയും ചെയ്തിരുന്നു. വിശ്രമം ആവശ്യമുള്ളതുകൊണ്ട് സിജോ ഹൗസിലേക്ക് ഇപ്പോൾ കയറ്റി വിടുന്നില്ലെന്നാണ് അന്ന് അവതാരകൻ മോഹൻലാൽ പറഞ്ഞത്.
സിജോ അന്ന് ബിബി വേദി വിട്ടുപോയപ്പോൾ ഇനിയൊരിക്കലും സിജോ മത്സരാർത്ഥിയായി ഹൗസിലേക്ക് വരില്ലേയെന്ന സംശയം പ്രേക്ഷകർക്കും ആരാധകർക്കും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ കമന്റ്സിലൂടെയും മറ്റും അതേ കുറിച്ച് പ്രേക്ഷകർ ബിബി ടീമിനോട് ചോദിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടിയായി സിജോ ഹൗസിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. ഗംഭീര സ്വീകരണമാണ് ബിബി ടീം സിജോയ്ക്ക് നൽകിയത്.
പ്രമോ ഇതിനോടകം വൈറലാണ്. ബിഗ് ബോസ് സീസൺ ആറിന്റെ നാൽപത്തി അഞ്ചാം ദിവസത്തിലാണ് സിജോ വീണ്ടും ബിഗ് ബോസിലേക്ക് എത്തിയിരിക്കുന്നത്. കൺഫെഷൻ റൂം വഴിയാണ് സിജോ ഹൗസിലേക്ക് തിരികെ എത്തിയത്. അപ്രതീക്ഷിതമായി സിജോയെ കണ്ട പല മത്സരാർത്ഥികളും ഒന്ന് ഞെട്ടിയിട്ടുണ്ട് എന്നത് പ്രമോയിൽ നിന്നും വ്യക്തമാണ്.
ബിഗ് ബോസ് തീം സോങ് ആരംഭിച്ചപ്പോൾ മത്സരാർത്ഥികൾ എല്ലാം പ്രധാന വാതിലിന് അടുത്തേക്ക് ഓടി എത്തി. ഉടൻ രണ്ട് മുഖം മൂടി ധാരികൾ വെൽകം ബാക്ക് എന്നെഴുതി ബാനറുമായി ഗാർഡൺ ഏരിയയിൽ വന്ന് നിന്നു. എന്നാൽ എന്താണ് നടക്കുന്നതെന്ന് സഹമത്സരാർത്ഥികൾക്ക് മനസിലായില്ല. അപ്പോഴാണ് കയ്യിൽ ഒരു ഹാംപറുമായി സിജോ കൺഫഷൻ റൂം വഴി ഹൗസിലേക്ക് എത്തിയത്.

സിജോയെ കയ്യടികളോടെയാണ് എല്ലാവരും വരവേറ്റത്. മാത്രമല്ല ചിലർ കെട്ടിപിടിച്ചും മറ്റും സ്നേഹം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. ശേഷം സിജോ താൻ ഇനി എങ്ങനെയാണ് ഹൗസിൽ കളിക്കാൻ പോകുന്നതെന്ന് സഹമത്സരാർത്ഥികളോട് പറഞ്ഞു. താനിപ്പോൾ ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണെന്നാണ് സിജോ പറയുന്നത്. ലാലേട്ടൻ എന്റെ കയ്യിൽ അമർത്തിയൊരു പിടി പിടിച്ചു. അന്നെനിക്ക് കിട്ടിയ ഒരു എനർജിയുണ്ട്.
എന്റെ ലൈഫിൽ അവസാനം വരെ അതുണ്ടാവും. ഇപ്പോൾ തീപ്പൊരിയല്ല. ഞാൻ വന്നിരിക്കുന്നത് ഒരു കാട്ടുതീയുമായാണ്. അത് ഞാൻ കത്തിച്ച് കത്തിച്ച് കത്തിച്ചിട്ടേ ഇവിടുന്നു ഞാൻ ഇറങ്ങൂ... എന്നാണ് സിജോ മത്സരാർത്ഥികൾക്ക് മുന്നിൽ നിന്നും പറയുന്നത്. സിജോയുടെ വരവിനായി കാത്തിരുന്ന പ്രേക്ഷകർക്ക് വൻ ആവേശമാണ് പ്രമോ കണ്ടതോടെ ലഭിച്ചിരിക്കുന്നത്. അവിടെ ഓരോരുത്തരുടെ തലയിൽ ആണി അടിക്കാനുള്ള വരവാണ് സിജോയുടേത്.
രണ്ടാഴ്ചയായി ഈ മനുഷ്യൻ വരുന്നത് നോക്കി ഇരിക്കാൻ തുടങ്ങിയിട്ട്, സിജോ പുറത്ത് പോകുമ്പോൾ ഗെയിം പൂർത്തിയാക്കാൻ പറ്റിയില്ല എന്ന നിരാശയും കരുത്തോടെ ഗെയിം പൂർത്തിയാക്കണം എന്നുള്ള ഒരു ആഗ്രഹവുമുണ്ടായിരുന്നു. ഇപ്പോൾ അതിനൊത്ത കരുത്തോടെ സിജോ തിരിച്ച് എത്തിയിരിക്കുന്നു. ഇനി ഗെയിം തുടങ്ങട്ടേ എന്നിങ്ങനെ നീളുന്നു സിജോയ്ക്ക് ആശംസകൾ നേർന്നുള്ള കമന്റുകൾ.


Click it and Unblock the Notifications