'ശരീരത്തിന്റെ വലതുഭാഗം ശോഷിക്കുന്ന അവസ്ഥയാണെനിക്ക് ചികിത്സയൊന്നുമില്ല, വോട്ട് കിട്ടാനല്ല ഇത് ഇവിടെ പറഞ്ഞത്'
ബിഗ് ബോസ് മലയാളം ആറാം സീസണിലെ മത്സരാർത്ഥികളിൽ ഒരാളാണ് അർജുൻ ശ്യാം ഗോപൻ. ബിഗ് ബോസ് വീട്ടിലെ ഏറ്റവും പൊക്കക്കാരനായ മത്സരാർത്ഥി. ആറടി നാലിഞ്ചാണ് അർജുന്റെ പൊക്കം. ബിഗ് ബോസ് ആരംഭിച്ച് രണ്ടാഴ്ചയോട് അടുക്കുമ്പോൾ തന്നെ വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കാൻ അർജുന് സാധിച്ചിട്ടുണ്ട്. സൈലന്റായി നിന്ന് മൈന്റ് ഗെയിം കളിച്ച് ആരാധകരെ നേടാൻ അർജുന് സാധിക്കുന്നുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതകഥ വെളിപ്പെടുത്തിയിരിക്കുകയാണ് അർജുൻ.
ചികിത്സയില്ലാത്ത തന്റെ രോഗാവസ്ഥയെ കുറിച്ചും അർജുൻ സംസാരിച്ചു. 'എന്റെ പേരിൽ എന്റെ അപ്പനും അമ്മയുമുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വത്തും എന്റെ അപ്പനും അമ്മയുമാണ്. അപ്പൻ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ഡ്രൈവറാണ്. ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്ത് തടിയുള്ള കുട്ടിയായിരുന്നു. സ്ഥിരം മാവേലിയും സാന്റാക്ലോസുമെല്ലാം ഞാനായിരുന്നു. എല്ലാവരും അക്കാലത്ത് ബോഡി ഷെയിം ചെയ്യുമായിരുന്നു.'

'തടിയാ, ആശാനെ എന്നൊക്കെ വിളിക്കും. ഏത് റേഷൻ കടയിൽ നിന്നാണ് അരി വാങ്ങുന്നതെന്ന് ചോദിക്കും. ക്ലാസിൽ ഏറ്റവും വലിയ കുട്ടിയും ഞാനായിരുന്നു. ഒട്ടും കോൺഫിഡൻസുണ്ടായിരുന്നില്ല. എല്ലാവർക്കും എന്നെ പേടിയാണ്. അത്ഭുതദ്വീപിലെ ആള് വരുന്നുവെന്നൊക്കെ പറഞ്ഞ് കളിയാക്കും. അപ്പോൾ അത് കേട്ട് ചിരിക്കുമെങ്കിലും പിന്നീട് വീട്ടിൽ പോയി കരയും.'
'അങ്ങനെ അമ്മ 13ആം വയസിൽ എന്നെ ജിമ്മിൽ ചേർത്തു. പത്താം ക്ലാസ് മുതൽ ബോഡി ബിൽഡിങ് ചെയ്ത് തുടങ്ങി.15ആം വയസിൽ മിസ്റ്റർ കോട്ടയമായി. ആ പ്രായത്തിൽ തന്നെ എനിക്ക് ബൈസെപ്സ് ഒക്കെ ഉണ്ടായിരുന്നു. ആ സമയത്ത് ടിവി ഷോ കണ്ട് മോഡലിങ് ചെയ്യണമെന്ന ആഗ്രഹം വന്നു. അതിനിടയിൽ ജൂനിയർ ആർട്ടിസ്റ്റായി പോകുമായിരുന്നു. പ്ലസ് ടു കഴിഞ്ഞാണ് മോഡലിങ് ശ്രമിച്ച് തുടങ്ങിയത്.'
'ആദ്യം ശ്രമിച്ചപ്പോൾ തടിയാണെന്ന് പറഞ്ഞ് ഒഴിവാക്കി. ആ സമയത്ത് എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരു അതിഥി വന്നു അതും ജപ്പാനിൽ നിന്ന്. എനിക്ക് ഒരു അസുഖം വന്നു ഹിരായാമ. ശരീരത്തിന്റെ വലതുഭാഗം ശോഷിക്കുന്ന അവസ്ഥയാണത്. ബിബിഎ രണ്ടാം വർഷമായിരുന്നു ഞാൻ. ടിഷ്യു ഡാമേജായി. ചികിത്സയൊന്നുമില്ല ഇപ്പോഴും. എന്റെ കൈക്ക് ഗ്രിപ്പില്ല. കുറച്ചുപേർക്ക് മാത്രമെ അറിയു. ആരോടും ഞാൻ പറഞ്ഞിട്ടില്ല.'
'പിന്നെ വീട്ടിലിരുപ്പായിരുന്നു. ബന്ധുക്കൾ വരും സഹതാപം കാണിക്കും. ആ അസുഖം ബാധിച്ചവരുടെ ഫോട്ടോ കണ്ടാൽ പേടിയാകും. എന്റെ ഭാവി എങ്ങനെയാകുമെന്ന് അറിയില്ല. ആ സമയത്ത് ചിരിക്കാനും കരയാനും പറ്റില്ലായിരുന്നു. ജീവിതം അവസാനിപ്പിച്ചാലോയെന്ന് വരെ ചിന്തിച്ചിരുന്നു.'

'കാരണം ബൈക്ക് ഓടിക്കാനോ, മോഡലിങ് ചെയ്യാനോ, ജിമ്മിൽ പോകാനോ കഴിയില്ല. പിന്നെ ഞാൻ തന്നെ റിയലൈസ് ചെയ്തു എന്റെ സൂപ്പർ ഹീറോ ഞാൻ തന്നെയെന്ന്. അങ്ങനെ ഫിസിയോ തെറാപ്പി തുടങ്ങി ജിമ്മിൽ പോകാൻ തുടങ്ങി. കൈ വിറയ്ക്കുന്നത് കാരണം എക്സാം പോലും എഴുതാൻ പറ്റില്ലായിരുന്നു. പിന്നെ ശരീരം ഭാരം ഞാൻ കുറച്ച്.'
'വർക്കൗട്ട് ചെയ്ത് മിസ്റ്റർ കേരളയായി. ശേഷമാണ് മോഡലിങ് ചെയ്ത് തുടങ്ങിയത്. ആദ്യം പത്ത് പൈസ പോലും കിട്ടിയിട്ടില്ല. എച്ച് ആർ ആയും ജോലി ചെയ്തിട്ടുണ്ട്. അതിനിടയിൽ ബിഗ് ബോസ് ഓഡീഷന് നിരന്തരം ശ്രമിക്കുമായിരുന്നു. ലുക്കുവെച്ച് നോർത്ത് ഇന്ത്യൻ മോഡലിങ് അവസരങ്ങൾ വരുമായിരുന്നു.'
'പിന്നെ ജിമ്മിൽ അപകടം സംഭവിച്ച് ശരീരത്തിൽ മുറിവുകളുണ്ടായി. ആ ബെഡ്റെസ്റ്റ് സമയത്താണ് റീൽസ് ചെയ്ത് തുടങ്ങിയത്. ട്രാൻസ്ഫോർമേഷൻ വീഡിയോയും ക്ലിക്കായി. അങ്ങനെയാണ് ബിഗ് ബോസിൽ വന്നത്.'
'നമുക്ക് എന്ത് ബുദ്ധിമുട്ടുകളുണ്ടെങ്കിലും വീട്ടിൽ അടച്ചിരുന്നിട്ട് കാര്യമില്ല. നമ്മൾ തന്നെ കംഫർട്ട്സോണിൽ നിന്നും പുറത്ത് വരണം. വോട്ട് കിട്ടാനല്ല ഈ കഥ ഞാൻ ഇവിടെ പറഞ്ഞത്. ആ സിംപതി ആരും കാണിക്കുകയും വേണ്ട. എനിക്ക് നല്ല സ്ട്രങ്തുണ്ട് ടാസ്ക്ക് ഒക്കെ ചെയ്യാൻ', എന്നാണ് അർജുൻ പറഞ്ഞത്.


Click it and Unblock the Notifications