'വല്ല ആവശ്യവുമുണ്ടായിരുന്നോ?, മുഴുവൻ ചീത്ത വിളി, പണ്ടാരം പിടിച്ച ബിഗ് ബോസ് ഷോ നിർത്തിപോണെ എന്നാണ് പ്രാർത്ഥന'
അവതാരകയായും അഭിനേത്രിയായുമൊക്കെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് നടി ആര്യ ബഡായ് എന്നറിയപ്പെടുന്ന ആര്യ ബാബു. നിരവധി പരമ്പരകളിലൂടെ ടെലിവിഷന്‍ രംഗത്തേക്ക് വന്ന ആര്യ പിന്നീട് ബഡായ് ബംഗ്ലാവില്‍ സജീവമാവുകയും ചെയ്തിരുന്നു. ബഡായ് ബംഗ്ലാവ് കണ്ടിട്ടാണ് ആര്യയെ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെട്ട് തുടങ്ങിയത്. അതിനുശേഷം ബിഗ് ബോസിൽ എത്തിയപ്പോൾ താരത്തെ പ്രേക്ഷകർ കൂടുതൽ അടുത്ത് അറിഞ്ഞു. ബിഗ് ബോസ് സീസൺ രണ്ടിലെ മത്സരാർത്ഥിയായിരുന്നു താരം.
അതിനുശേഷം ഇതിപ്പോൾ ആറാം സീസണാണ് നടന്നുകൊണ്ടിരിക്കുന്നത്. പക്ഷെ ഏത് സീസൺ വന്നാലും എത്രമത്തെ സീസണായാലും ആര്യ ഇടയ്ക്കിടെ ചർച്ചാ വിഷയമാകും. ആര്യയോട് മാധ്യമങ്ങൾ എവിടെ വെച്ച് കണ്ടാലും ബിഗ് ബോസിനെ കുറിച്ചും അതിലെ മത്സരാർത്ഥികളെ കുറിച്ചും ചോദിക്കും. അത്തരത്തിൽ താൻ ബിഗ് ബോസിനെ കുറിച്ച് അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ചീത്ത വിളി കേൾക്കുകയാണെന്ന് പറയുകയാണിപ്പോൾ ആര്യ.

മുൻ ബിഗ് ബോസ് താരം അനൂപ് സംവിധാനം ചെയ്ത ആദ്യത്തെ സിനിമയുടെ പ്രീമിയറിന് എത്തിയപ്പോഴുള്ള അനുഭവമാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ആര്യ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. നടിയുടെ വാക്കുകളിലേക്ക്... ഒരു ചെറിയ കഥ പറയാം... ഇന്ന് രാവിലെ എന്റെ ഏറ്റവും അടുത്ത സുഹൃത്ത് അനൂപിന്റെ ഡയറക്ഷണൽ ഡെബ്യു മൂവി കൺമഷിയുടെ പ്രീമിയർ വനിത വിനീതയിലുണ്ടായിരുന്നു. ഞാൻ പോയി.
സ്വാഭാവികമായും അവിടെ മീഡിയക്കാരുണ്ടായിരുന്നു. അവർ എല്ലാവരും എന്റെ അടുത്ത് വന്ന് ബൈറ്റ് തരുമോയെന്ന് ചോദിച്ചു. നമ്മൾ ഒരു പടത്തിന്റെ പ്രീമിയറിന് വരുമ്പോൾ അതിനെ കുറിച്ചാണല്ലോ നമ്മൾ സംസാരിക്കേണ്ടത്. അതുകൊണ്ട് ഞാൻ ബൈറ്റ് തരാമെന്ന് പറഞ്ഞു. അങ്ങനെ ഞാൻ പോയി നിന്നു. അവർ ആദ്യത്തെ ചോദ്യം ചോദിച്ചു. കൺമഷിയെ പറ്റി പറയൂവെന്ന് പറഞ്ഞു. ഞാൻ പറഞ്ഞു. പക്ഷെ ഞാൻ ആ പറഞ്ഞ സാധനം ദൈവം സഹായിച്ച് ഒരിടത്തും വന്നിട്ടില്ല.
അത് കഴിഞ്ഞ് അവർ ഒരു ഏഴ്, എട്ട് ചോദ്യത്തോളം ചോദിച്ചു. എല്ലാം ബിഗ് ബോസിനെ കുറിച്ചുള്ളതായിരുന്നു. എനിക്ക് ഇതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ?. എന്നിട്ട് ഞാൻ എല്ലാത്തിനും മറുപടിയും കൊടുത്തു. എന്നിട്ട് ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് ഞാൻ പറയാം. യുട്യൂബിൽ മുഴുവൻ ഈ സാധനം കിടന്ന് ഓടുന്നുണ്ട്. അതിന്റെ തമ്പ് നെയിലൊക്കെയാണ് സൂപ്പർ. അതുകൊണ്ട് അതിനെ കുറിച്ച് ഒരു അഭിപ്രായവും ഞാൻ പറയുന്നില്ല.
ആ തമ്പ് നെയിൽ കാണുമ്പോൾ അറിയാം അതിനകത്ത് ചോദിച്ചിരിക്കുന്ന ചോദ്യവും ഉത്തരവും തമ്പ് നെയിലുമായി ബന്ധമുള്ളതല്ലെന്ന്. അത് അങ്ങനെയാണ്. പക്ഷെ എനിക്ക് എന്തിന്റെ കേടായിരുന്നുവെന്ന് എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല. അവർ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ഞാൻ മറുപടി പറഞ്ഞു.

എന്നിട്ട് ഇപ്പോൾ ആ വീഡിയോസിന്റെ താഴെ മുഴുവൻ ചീത്ത വിളിയാണ്. ഈ പിആർ ടീമുകളുടെ മുഴുവൻ വായിലിരിക്കുന്നത് ഞാൻ കേൾക്കണം. ഇതൊരു റിക്വസ്റ്റായി നിങ്ങൾ എടുക്കണം. എന്റെ പ്രിയപ്പെട്ട മീഡിയ സുഹൃത്തുക്കളോടാണ്. നിങ്ങളോട് എനിക്ക് ബഹുമാനമൊക്കെയുണ്ട്. നിങ്ങൾ നിങ്ങളുടെ പണിയാണ് ചെയ്യുന്നതെന്ന് അറിയാം.
എന്നാലും ഞാൻ വേണമെങ്കിൽ കുറച്ച് കാശ് അങ്ങോട്ട് തരാം. ദയവ് ചെയ്ത് എന്നെ ഏതെങ്കിലും പഞ്ചായത്തിൽ വെച്ച് കാണുകയാണെങ്കിൽ ഈ ബിഗ് ബോസിനെ കുറിച്ച് എന്നോട് ചോദിക്കരുത്. ഞാൻ കാല് പിടിക്കാം. ആ നശിച്ച പരിപാടിയെ പറ്റി എന്നോട് ഒന്നും ചോദിക്കരുത്. ഒരു റിക്വസ്റ്റായി ഇത് പരിഗണിക്കണം. എനിക്ക് വയ്യ മടുത്തു. വെറൊരു തലത്തിലുള്ള ഇറിറ്റേഷനാണ് എനിക്കിപ്പോൾ.
ഇത് ഇപ്പോൾ ആറാമത്തെ സീസണാണ്. ഞാൻ എന്തിനാണ് ഇപ്പോഴും നാട്ടുകാരുടെ വായിലിരിക്കുന്നത് കേൾക്കുന്നത്. ഈ പണ്ടാരം പിടിച്ച പരിപാടി നിർത്തിപോണെ എന്നാണ് എന്റെ പ്രാർത്ഥന. ഒരു മനുഷ്യർക്ക് ഒരു ഗുണവുമില്ലെന്നാണ് ആര്യ പറഞ്ഞത്.


Click it and Unblock the Notifications