'ടിആർപി ബിഗ് ബോസിന് കിട്ടിയത് ഞാൻ കാരണം, രതീഷിന്റെ ദാരിദ്ര്യ കഥകേട്ടിട്ടാണ് എന്റെ അവസ്ഥ പറയാതിരുന്നത്'
ബിഗ് ബോസ് മലയാളം സീസൺ ആറിൽ ഏറ്റവും കൂടുതൽ കോളിളക്കം സൃഷ്ടിച്ച ഒരു മത്സരാർത്ഥിയായിരുന്നു അസി റോക്കി. തുടക്കത്തിൽ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷ റോക്കിയുടെ ഗെയിമിനെ കുറിച്ച് ഉണ്ടായിരുന്നു. പതിനാറ് ദിവസം കൊണ്ട് അത്യാവശ്യം ഫാൻസിനേയും റോക്കി നേടിയിരുന്നു. രണ്ടാഴ്ച കൊണ്ട് പലരുടെയും ഫൈനൽ ഫൈവിൽ ഒരാളും റോക്കിയായിരുന്നു. പക്ഷെ പതിനാറ് ദിവസത്തിനുള്ളിൽ ഷോയിൽ നിന്നും റോക്കി എവിക്ടായി. സഹമത്സരാർത്ഥിയെ സിജോയെ മർദ്ദിച്ചതിനാലാണ് റോക്കി പുറത്തായത്.
ഇത്തരം വളരെ മോശമായ ഒരു പ്രവൃത്തി ചെയ്തതുകൊണ്ട് തന്നെ റോക്കിയെ ഷോയുടെ ഗ്രാന്റ് ഫിനാലെയ്ക്ക് പോലും ബിഗ് ബോസ് ടീം ക്ഷണിച്ചിരുന്നില്ല. ക്രൂരമായ മർദ്ദനമാണ് സിജോയ്ക്ക് നേരെ റോക്കിയുടെ ഭാഗത്ത് നിന്നുണ്ടായത്. എന്നാൽ നേരിട്ട് സിജോയെ കണ്ട് റോക്കി മാപ്പ് പറയാൻ തയ്യാറായിട്ടില്ല. പലപ്പോഴായി സോഷ്യൽമീഡിയയിൽ പങ്കിട്ട വീഡിയോകളിലൂടെയാണ് റോക്കി സിജോയോട് മാപ്പ് പറഞ്ഞിട്ടുള്ളത്.

തന്നെ പ്രവോക്ക് ചെയ്തതുകൊണ്ട് മാത്രമാണ് അത്തരമൊരു പ്രവൃത്തി ചെയ്തതെന്ന് പറയുകയാണ് ഇപ്പോൾ അസി റോക്കി മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ജീവിതത്തിൽ ആദ്യമായാണ് ഒരാളെ മർദ്ദിക്കുന്നതെന്നും അസി റോക്കി കൂട്ടിച്ചേർത്തു. എന്നെ അവിടെയുള്ളവർ പ്രവോക്ക് ചെയ്യുമ്പോൾ ഞാൻ ചുമ്മാതെ ഇരിക്കണോ.
എന്റെ ജീവിതത്തിലെ വലിയൊരു വീഴ്ചയായിരുന്നു ബിഗ് ബോസിൽ സംഭവിച്ചത്. ഞാൻ ചെയ്തത് കുറ്റമാണെങ്കിൽ എനിക്ക് കുറ്റബോധം വരും. ആ ഹൗസിൽ ഏറ്റവും കുറവ് സോറി പറഞ്ഞയാൾ ഞാനാണ്. മാപ്പിന് ഒരു വില കൊടുക്കുന്നയാളാണ് ഞാൻ. അതുകൊണ്ട് ആവശ്യമില്ലാതെ അത് ഉപയോഗിക്കില്ല. ഹൗസിൽ ഏറ്റവും കൂടുതൽ സോറി പറഞ്ഞയാൾക്കാണ് ബിഗ് ബോസ് കപ്പ് കൊടുത്തത്.
ഞാൻ അടിച്ചപ്പോൾ സിജോയ്ക്ക് വേദനിച്ചതിന് ഞാൻ സോറി പറഞ്ഞിട്ടുണ്ട്. അത് എന്റെ ഹൃദയം പൊട്ടി പറഞ്ഞ സോറിയാണ്. അതിൽ കൂടുതൽ എങ്ങനെയാണ് സോറി പറയേണ്ടത്. ഇതിനിടെ ഒരു വീഡിയോയിലൂടെയും സിജോയോട് ഞാൻ സോറി പറഞ്ഞിരുന്നു. ബിഗ് ബോസിന്റെ പുറകെ തൂങ്ങിപ്പോയി കോൺട്രവേർസി ഉണ്ടാക്കാൻ ആഗ്രഹമില്ല.
ഒരു ചാനലിനും ഇന്റർവ്യു കൊടുക്കരുതെന്ന് ബിഗ് ബോസ് ടീം എന്നോട് പറഞ്ഞിരുന്നു. പക്ഷെ ഞാൻ അത് അനുസരിച്ചില്ല. അതുകൊണ്ടാണ് അവർക്ക് എന്നോട് ദേഷ്യം. അവർ എന്നെ ഫിനാലെയ്ക്ക് വിളിക്കുമെന്നതിൽ വലിയ പ്രതീക്ഷയില്ലായിരുന്നു. റിഷി, അൻസിബ, അർജുൻ എന്നിവരൊക്കെ എന്നെ ഒരുപാട് സപ്പോട്ട് ചെയ്തവരാണ്. റിഷി മെസേജ് ചെയ്യാറുണ്ട്.

ഞാൻ ഹൗസിൽ നിന്നും പുറത്തായശേഷം ഇവർ എന്നെ കുറിച്ച് ഡെയ്ലി ഹൗസിൽ സംസാരിക്കുമായിരുന്നു. പക്ഷെ അതൊക്കെ ബിഗ് ബോസ് ടീം കട്ട് ചെയ്ത് കളഞ്ഞു. അതുപോലെ ഫിനാലെയിൽ പ്ലെ ചെയ്ത വീഡിയോയിൽ ഒന്നും എന്റെ ഒരു സീൻ പോലും കാണിച്ചില്ല. ഞാനുണ്ടായിരുന്ന പതിനാറ് ദിവസം ടിആർപി റേറ്റിങിൽ നമ്പർ വണ്ണായിരുന്നു ബിഗ് ബോസ്.
ഷോയുടെ ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമാണ്. അത്തരത്തിൽ റേറ്റിങ് ഷോയ്ക്ക് കിട്ടിയത് ഞാൻ കാരണമാണ്. നൂറ് ശതമാനം എനിക്ക് അതിൽ ഉറപ്പുണ്ട്. ഞാൻ അത്രയും ചോരയും നീരും അവിടെ ഒഴുക്കിയിട്ടുണ്ട്. ഞാൻ ഷോയിൽ ഫേക്കായി നിന്നിട്ടില്ല. മുമ്പ് ഞാൻ ആരെയും ഇടിച്ചിട്ടില്ല.
അതുകൊണ്ട് തന്നെ ആ സാഹചര്യം എങ്ങനെ ഹാന്റിൽ ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. ഹൗസിൽ എല്ലാവരും ദാരിദ്ര കഥകളാണ് പറഞ്ഞത്. രതീഷിന്റെ ദാരിദ്ര്യ കഥകേട്ടിട്ടാണ് ഞാൻ എന്റെ അവസ്ഥ എന്തായിരുന്നുവെന്ന് പറയാതിരുന്നത്. ഒരു ഇൻസ്പിരേഷൻ എന്ന രീതിയിലാണ് എന്റെ വീടിനെ കുറിച്ചും മറ്റുമൊക്കെ പറഞ്ഞത്. വീടിന്റെ പ്രമാണം ബാങ്കിൽ തന്നെയാണ് എന്നാണ് അസി റോക്കി പറഞ്ഞത്.


Click it and Unblock the Notifications