'ഇന്നലെ കാണിച്ചതിന്റെ പകുതി അഭിനയം ചെയ്ത ഏതേലും സിനിമകളിൽ കാണിച്ചിരുന്നേൽ എവിടെ എത്തേണ്ട ആളായിരുന്നു?'
ബിഗ് ബോസ് മലയാളം സീസൺ ആറിൽ വീണ്ടും ഫിസിക്കൽ ടാസ്ക്കിന് സമാനമായ പ്രവൃത്തികൾ നടന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഫൈവ് സ്റ്റാർ ഹോട്ടൽ ടാസ്ക്കാണ് ബിബി ഹൗസിൽ നടക്കുന്നത്. അതിന്റെ ഭാഗമായി സീസൺ ഒന്നിലെ മത്സരാർത്ഥികളായ സാബു മോൻ അബ്ദു സമദും ശ്വേത മേനോനും ഹൗസിലേക്ക് എത്തി. ഇരുവരും ഹോട്ടലിലെ ഗസ്റ്റുകളായാണ് വന്നത്. അതുകൊണ്ട് തന്നെ മത്സരാർത്ഥികൾ ഹോട്ടലിലെ സ്റ്റാഫായി നിന്ന് ഏറ്റവും മികച്ച സർവീസ് നൽകി ഗസ്റ്റുകളുടെ കയ്യിൽ നിന്നും ടിപ്പ് വാങ്ങണം.
ആ ടിപ്പുകൾ ടാസ്ക്ക് തീരുമ്പോൾ ബിഗ് ബോസ് കൂട്ടും. അതിന് അനുസരിച്ചായിരിക്കും മത്സരാർത്ഥികളുടെ മുന്നോട്ടുള്ള ഹൗസിലെ നിലനിൽപ്പ്. എന്നാൽ ഹോട്ടൽ ടാസ്ക്കിന്റെ രണ്ടാം ദിവസം ചില അപ്രതീക്ഷിത സംഭവങ്ങൾ നടന്നു. അത് കയ്യാങ്കളിയിലേക്ക് വരെ ഒരു ഘട്ടത്തിൽ എത്തി.

മത്സരാർത്ഥികൾ തമ്മിൽ കയ്യേറ്റം ചെയ്യാൻ പാടില്ലെന്ന നിയമം നിലനിൽക്കെ ജാസ്മിനും രസ്മിനും തമ്മിൽ ഉന്തും തള്ളും കഴുത്തിന് കുത്തിപിടിക്കലും നടന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രസ്മിനും ജാസ്മിനും സൗഹൃദത്തിലല്ല. അതുകൊണ്ട് തന്നെ ടാസ്ക്കിൽ എഐ റോബോയായി മാറിയ ജാസ്മിൻ നിർദേശങ്ങൾ നൽകാൻ എത്തിയപ്പോൾ രോഷംപൂണ്ട് രസ്മിൻ ദേഹത്ത് കൈവെക്കുകയായിരുന്നു. ജാസ്മിന്‍ പവര്‍ ടീമിനെ ലിവിംഗ് റൂമിൽ പോയി ഇരിക്കാനായി വിളിച്ചു.
എന്നാല്‍ അവര്‍ അനുസരിച്ചില്ല. രസ്മിന്‍, അന്‍സിബ എന്നിവര്‍ അത് ഒട്ടും കേട്ടില്ല. ഒടുക്കം അവര്‍ക്കിടയിലേക്ക് വന്ന ജാസ്മിന്‍ പാചകം ചെയ്യുന്ന ഗ്യാസ് ഓഫാക്കി. ഇതോടെ ജാസ്മിനെ രസ്മിന്‍ തള്ളിമാറ്റുകയും അടിക്കുകയും ചെയ്തുവെന്നാണ് ലൈവില്‍ വ്യക്തമായത്. ജാസ്മിന്‍റെ ഹെല്‍മറ്റും പൊട്ടി.
ഇരുവരും ഏറ്റുമുട്ടുന്നത് കണ്ട് ഹൗസ്മേറ്റ്സ് ഓടി എത്തി രണ്ടുപേരെയും പിടിച്ച് മാറ്റുകയായിരുന്നു. രസ്മിന്റെ പേരിൽ തനിക്ക് പരാതിയില്ലെന്ന് ജാസ്മിൻ പറഞ്ഞതിനാൽ കൺഫഷൻ റൂമിൽ വെച്ച് ബിഗ് ബോസ് രസ്മിന് വാണിങ് കൊടുത്ത് പറഞ്ഞയച്ചു. ഇരുവരുടെയും വഴക്കിനിടയിൽ ഉണ്ടായിരുന്ന അൻസിബയും ഈ പ്രശ്നങ്ങൾക്കുശേഷം പൊട്ടിക്കരയുന്നുണ്ടായിരുന്നു.
അൻസിബ രസ്മിനിൽ കുത്തിവെച്ച പരദൂഷണത്തിന്റെ ഫലമായിരുന്നു രസ്മിനും ജാസ്മിനും തമ്മിൽ കിച്ചണിൽ നടന്ന അടിയെന്നാണ് പ്രേക്ഷകരിൽ ചിലർ സോഷ്യൽമീഡിയയിൽ കുറിക്കുന്നത്. പവർ റൂം അധികാരം കിട്ടിയത് മുതൽ ഉള്ളിന്റെ ഉള്ളിൽ ഇരുന്ന് വീർപ്പ് മുട്ടിയ യഥാർത്ഥ അൻസിബ വെളിയിൽ ചാടാൻ തുടങ്ങി എന്നെല്ലാമാണ് ഒരു പ്രേക്ഷകൻ ഇന്നലെ നടന്ന സംഭവത്തെ വിലയിരുത്തി ബിഗ് ബോസ് പ്രേക്ഷകരുടെ സോഷ്യൽമീഡിയ ഗ്രൂപ്പിൽ കുറിച്ചത്.

വഴക്കിനുശേഷം അൻസിബ നടത്തിയ കരച്ചിൽ അഭിനയമാണെന്നും കുറിപ്പിൽ പറയുന്നു. 'അൽപനേരത്തെ ആശ്വാസത്തിനും സ്വന്തം നിലനിൽപ്പിനും വേണ്ടി പറയുന്ന പരദൂഷണം കേൾക്കുന്ന ആൾടെ മനസിൽ എന്തുമാത്രം വിഷം കുത്തി വെയ്ക്കുന്ന ഒന്നാണെന്ന് ഇന്നലത്തെ ജാസ്മിൻ-രസ്മിൻ ഫൈറ്റോടെ കാണാമായിരുന്നു. ഇതിന്റെ എല്ലാം മൂലകാരണം (അൻസിബ) എന്തിനാണ് ഇങ്ങനെ ഇരുന്ന് മോങ്ങുന്നതെന്ന് മാത്രം മനസിലായില്ല.'
'കുത്തി വെയ്ക്കുന്ന വിഷത്തിന്റെ തീണ്ടലാണ് ഇപ്പോൾ കണ്ടതെന്ന് ജാസ്മിൻ പറഞ്ഞപ്പോൾ മുതൽ കുറ്റം ചെയ്ത ആളെപോലെ തല കുനിച്ച് ഇരിക്കാൻ തുടങ്ങിയതാണ് അൻസിബ. അൻസിബ താങ്കൾ ഇന്നലെ കാണിച്ചതിന്റെ പകുതി അഭിനയം അഭിനയിച്ച ഏതേലും സിനിമകളിൽ കാണിച്ചിരുന്നേൽ എവിടെ എത്തേണ്ട ആളായിരുന്നുവെന്ന് വിചാരിച്ചുപോയി.'
'പവർ റൂം അധികാരം കിട്ടിയത് മുതൽ ഉള്ളിന്റെ ഉള്ളിൽ ഇരുന്ന് വീർപ്പ് മുട്ടിയ യഥാർത്ഥ അൻസിബ വെളിയിൽ ചാടാൻ തുടങ്ങി. ജാസ്മിനോട് ഉള്ള വ്യക്തി വൈരാഗ്യം വെച്ചു കളിച്ച് എക്സ്പോസ്ഡായി ഇരുന്ന് മോങ്ങുന്ന രണ്ടാമത്തെ വ്യക്തിയാണ് അൻസിബ. മോളെ 10000 രൂപ ലോട്ടറി അടിച്ചെന്ന് വെച്ച് അംബാനിയെ പോയി മുണ്ട് പൊക്കി കാണിക്കാൻ ചെന്നാൽ ഇങ്ങനെ ഇരിക്കും', എന്നായിരുന്നു കുറിപ്പ്.


Click it and Unblock the Notifications