'അർജുന് എന്ത് ക്യാരക്ടറാണുള്ളത്... എല്ലാം ചെയ്തിട്ട് മിണ്ടാതെ നിൽക്കുന്നത് കൊണ്ടല്ലേ നന്മ മരം ഇമേജ് കിട്ടിയത്'
ബിഗ് ബോസ് മലയാളം സീസൺ ആറ് അവസാനിക്കാൻ ഇനി വെറും അഞ്ച് ദിവസം മാത്രമാണ് ബാക്കി. ആരാകും ആ ബിഗ് ബോസ് കിരീടം ചൂടുക എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകരും. ഫൈനലിലേക്ക് അടുക്കുന്നതിനിടയിൽ ഈ സീസണിൽ നിന്നും എവിക്ടായി പോയ മത്സരാർത്ഥികൾ ഓരോരുത്തരായി തിരിച്ചുവരികയാണ്. അവരെ കാത്ത് ഫൈനലിസ്റ്റുകളും വീട്ടിൽ കാത്തിരിപ്പാണ്. ഇതുവരെ നാലോളം മത്സരാർത്ഥികൾ തിരികെ വീട്ടിലേക്ക് എത്തി.
ബാക്കിയുള്ളവർ ഇനിയുള്ള ദിവസങ്ങളിൽ വീട്ടിലേക്ക് എത്തിച്ചേരും. അകത്ത് മത്സരാർത്ഥികൾ തമ്മിൽ നടക്കുമന്നതിനേക്കാൾ ശക്തമായ പോരാട്ടമാണ് പുറത്ത് ആറ് ഫൈനലിസ്റ്റുകളുടെയും ആരാധകർ തമ്മിൽ നടക്കുന്നത്. ടോപ്പ് ത്രീയിൽ വരുമെന്ന് പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള മത്സരാർത്ഥിയാണ് മോഡലായ അർജുൻ ശ്യാം ഗോപൻ.

സിനിമയിലേക്ക് എത്തിപ്പെടുക എന്ന ലക്ഷ്യത്തോടെയാണ് അർജുൻ ബിഗ് ബോസിലേക്ക് എത്തിയത്. വലിയ ഒച്ചയും ബഹളവുമൊന്നും ഉണ്ടാക്കാതെ വളരെ സമാധാനപരമായി മുന്നോട്ട് സഞ്ചരിക്കുന്ന മത്സരാർത്ഥിയാണ് അർജുൻ. അതുകൊണ്ട് തന്നെ അർജുൻ സേഫ് ഗെയിമറാണെന്ന് ഒരു വിഭാഗം പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്. എന്നാൽ എല്ലാ വഴക്കിലും കയറി ഇടപെട്ട് പൊട്ടിത്തെറിച്ച് നടന്നാൽ മാത്രമെ നല്ല ഗെയിമറാകൂവെന്ന് താൻ കരുതുന്നില്ലെന്നാണ് അർജുൻ സേഫ് ഗെയിമറെന്ന ടാഗിനോട് പ്രതികരിച്ച് പറയാറുള്ളത്.
ഇപ്പോഴിതാ ഫിനാലെ തൊട്ടരികിൽ നിൽക്കുമ്പോൾ അർജുനെ കുറിച്ച് ബിബി ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെട്ടൊരു കുറിപ്പാണ് ചർച്ചയാകുന്നത്. എല്ലാം ചെയ്തിട്ട് മിണ്ടാതെ നിൽക്കുന്നത് കൊണ്ടല്ലേ നന്മ മരം ഇമേജ് അർജുന് കിട്ടിയത് എന്നാണ് കുറിപ്പിലൂടെ അർജുൻ ആരാധകരോട് ബിബി പ്രേക്ഷകരിൽ ഒരാൾ ചോദിക്കുന്നത്.
അർജുന് എന്ത് ക്യാരക്ടറാണുള്ളത്. എങ്ങനെയാണ് നന്മ മരം ഇമേജ് കിട്ടിയത്?. എല്ലാം ചെയ്തിട്ട് മിണ്ടാതെ നിക്കുന്നത് കൊണ്ടോ. നിർധനരായ ആൾക്കാർക്ക് പ്രൈസ് മണി കൊടുക്കുമെന്ന് പറഞ്ഞ് വോട്ട് പിടിക്കാൻ നോക്കുന്നതുകൊണ്ടോ?. അതോ നന്ദനയെ എടുത്ത് താഴെ ഇട്ടതുകൊണ്ടോ?, ശരണ്യയുടെ മുടി പിടിച്ച് വലിച്ചതോ?, വേസ്റ്റ് വലിച്ച് വാരി ഇട്ടതോ?, ജിന്റോയെ എടുത്ത് എറിഞ്ഞതോ? ഇങ്ങനെ എത്ര എത്ര...
അല്ലാതെ മിമിക്രി കാണിച്ചു അതുകൊണ്ട് അർജുന് വോട്ട് കൊടുക്കാൻ പറയാൻ ഇതെന്താ യൂത്ത് ഫെസ്റ്റിവലാണോ..? ഇനി ബിഗ് ബോസ് തുടങ്ങും മുമ്പ് ബിഗ്‌ബോസ് എന്ത് ഗെയിം ഷോയാണെന്ന ടൂട്ടോറിയൽ ബിബി ഗ്രൂപ്പ് ചെയ്യണമെന്ന് റിക്വസ്റ്റ് ചെയുന്നു. കുറേ ആൾക്കാർക്ക് ഇപ്പോഴും അറിയില്ല ഇതെന്ത് ഷോയാണെന്ന എന്നെല്ലാമാണ് അർജുനെ വിമർശിച്ച് വന്ന കുറിപ്പ്.

കഴിഞ്ഞ ആഴ്ച നടന്ന പരകായപ്രവേശം ടാസ്ക്കിൽ ഏറ്റവും മനോഹരമായി പ്രകടനം കാഴ്ചവെച്ചത് അർജുനായിരുന്നു. നോറയായിട്ടായിരുന്നു അർജുൻ വേഷം മാറിയത്. മോഹൻലാൽ ഏറ്റവും കൂടുതൽ അഭിനന്ദിച്ച പ്രകടനം അർജുന്റേതായിരുന്നു. ടാസ്ക്കുകൾ വരുമ്പോൾ ഏറ്റവും നല്ല പ്രകടനം കാഴ്ചവെക്കുന്നവരിൽ ഒരാൾ കൂടിയാണ് അർജുൻ. അതേസമയം കഴിഞ്ഞ ദിവസം അർജുൻ വിന്നറായാൽ തങ്ങൾ എന്താണ് ചെയ്യുകയെന്ന് പറഞ്ഞ് അർജുന്റെ അമ്മയുടെ വീഡിയോ പുറത്ത് വന്നത് വൈറലായിരുന്നു.
അർജുന് ലഭിക്കുന്ന പ്രൈസ് മണി അവൻ അവന്റെ ആവശ്യങ്ങൾക്ക് വേണ്ടി മാത്രമല്ല നിർധനരെ സഹായിക്കാനും ഉപയോഗിക്കുമെന്നാണ് കഴിഞ്ഞ ദിവസം അർജുന്റെ അമ്മ പറഞ്ഞത്. ഇത് വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. വാഗ്ദാനങ്ങൾ നൽകി വോട്ട് പിടിക്കാൻ ഇത് തെരഞ്ഞെടുപ്പ് അല്ലല്ലോയെന്നെല്ലാമാണ് വിമർശനങ്ങൾ.
അർജുനെ കൂടാതെ ഫൈനലിലുള്ളത് ശ്രീതു, ജിന്റോ, അഭിഷേക്, റിഷി, ജാസ്മിൻ എന്നിവരാണ്. പരകായപ്രവേശനം ടാസ്ക്കിനുശേഷം ജിന്റോയോടും ജാസ്മിനോടും ഏറ്റുമുട്ടാൻ പാകത്തിന് അർജുന്റെ വോട്ട് ഉയർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.


Click it and Unblock the Notifications