'ബിയർ കുപ്പി പൊട്ടിച്ച് തന്തേ... ഇനി എന്റെ അമ്മേനെ വല്ലോം ചെയ്താലെന്ന് പറഞ്ഞു, അമ്മയ്ക്ക് വെറുപ്പാണ്'; റിഷി
ഉപ്പും മുളകുമെന്ന പരിപാടിയിലൂടെ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ താരമാണ് റിഷി എസ് കുമാർ. കാപ്പിരി മുടിയും ഗ്ലാസില്ലാത്ത കണ്ണടയും ഫ്രീക്ക് ലുക്കുമായി നടക്കുന്ന വിഷ്ണു എന്ന കഥാപാത്രത്തെയാണ് ഉപ്പും മുളകിൽ റിഷി അവതരിപ്പിച്ചിരുന്നത്. ഉപ്പും മുളകിലെ കഥാപാത്രങ്ങൾ റിഷിയെ മുടിയനെന്ന് വിളിച്ച് തുടങ്ങിയതോടെയാണ് മലയാളികളും അങ്ങനെ വിളിക്കാൻ തുടങ്ങിയത്.
ഉപ്പും മുളകിലെ ആദ്യ സംവിധായകന്റെ മകനാണ് റിഷിയെ കണ്ടെത്തി വിഷ്ണുവെന്ന കഥാപാത്രം നൽകിയത്. അമ്മയും രണ്ട് സഹോദരങ്ങളും അടങ്ങുന്നതാണ് റിഷിയുടെ കുടുംബം. നടൻ എന്നതിലുപരി നല്ലൊരു നർത്തകൻ കൂടിയായ താരം ഇപ്പോൾ ബിഗ് ബോസ് മലയാളം സീസൺ ആറിലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളാണ്.

റിഷി ബിഗ് ബോസിൽ വരുന്നതിന് മുമ്പ് പലപ്പോഴായ തന്റെ അനുഭവങ്ങളും സ്വകാര്യ ജീവിതത്തെ കുറിച്ചുമെല്ലാം പങ്കിട്ടിട്ടുണ്ടെങ്കിൽ കുട്ടിക്കാലം മുതൽ വളരെ അധികം വിഷമങ്ങൾ നിറഞ്ഞ സാഹചര്യങ്ങളിലൂടെ റിഷിക്ക് കടന്നുപോകേണ്ടി വന്നിട്ടുണ്ടെന്ന് പ്രേക്ഷകർ അറിയുന്നത് ഇപ്പോഴാണ്. അച്ഛൻ മദ്യാപാനിയായതിന്റെ ദുരിതങ്ങൾ ഏറ്റവും കൂടുതൽ അനുഭവിച്ച് ജീവിച്ചവരാണ് താനും അമ്മയും സഹോദരങ്ങളുമെന്നാണ് റിഷി ബിഗ് ബോസിൽ തന്റെ ജീവിത കഥ വെളിപ്പെടുത്തവെ പറഞ്ഞത്.
അമ്മയും അച്ഛനും വേർപിരിഞ്ഞാണ് കഴിയുന്നതെന്ന് റിഷി പലപ്പോഴായി പറഞ്ഞിട്ടുണ്ടെങ്കിലും അതിന് പിന്നിൽ വലിയൊര അനുഭവ കഥ തന്നെയുണ്ടെന്ന് റിഷി വെളിപ്പെടുത്തുന്നത് ഇപ്പോഴാണ്. ബിയർ കുപ്പി പൊട്ടിച്ച് പിടിച്ച് അച്ഛന് നേരെ ദേഷ്യപ്പെട്ട് ചെന്നതിനെ കുറിച്ചെല്ലാം റിഷി വിവരിച്ചു.
താരത്തിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... 'ഞങ്ങൾ മൂന്ന് ആൺമക്കളാണ്. ഞാനാണ് മൂത്ത ആള്. അമ്മയും അച്ഛനും ലവ് മാരേജായിരുന്നു. അമ്മ പാലക്കാടും അച്ഛൻ കണ്ണൂരുമാണ്. പാലക്കാട് സ്റ്റേജ് ഷോയ്ക്ക് പോയപ്പോഴാണ് അമ്മയെ അച്ഛൻ കാണുന്നത്. അച്ഛൻ അസാധ്യമായി പാടും. പക്ഷെ പറഞ്ഞിട്ട് കാര്യമില്ല. അദ്ദേഹം മദ്യപാനിയാണ്.'
'ഞങ്ങൾ കൊച്ചിയിൽ വന്നിട്ട് മുപ്പത്തി അഞ്ച് വർഷത്തിന് മുകളിലായി. അച്ഛൻ കാരണം ഓരോ വീടുകളായി മാറി മാറി ജീവിക്കേണ്ടി വന്നു. വെള്ളമടിച്ച് ലക്കില്ലാതെ കയറി വരും. പിന്നെ രാവിലെ വരെ ഉറക്കമില്ല. അതുപോലെ അമ്മയെ ചവിട്ടലും അടിയുമൊക്കെയാണ്. എറണാകുളത്തെ ഒട്ടുമിക്ക വീടുകളിലും ഞാനും കുടുംബവും അച്ഛന്റെ പ്രവൃത്തികൾ കാരണം മാറി മാറി താമസിച്ചിട്ടുണ്ട്.'

'അഞ്ചാം ക്ലാസിലൊക്കെയായപ്പോൾ ഞാൻ പ്രതികരിക്കാൻ തുടങ്ങി. അനിയന്മാരെ ഉറക്കി റൂമിൽ കിടത്തി ഡോർ അടക്കും. ഞാൻ എത്തുമ്പോഴേക്കും അച്ഛന്റെ തെറിവിളിയും അടിയും എല്ലാം കൊണ്ട് ഒറ്റയിരുപ്പ് അമ്മ ഇരിക്കുന്നുണ്ടാകും. ആരും സഹായിക്കാൻ ഉണ്ടായില്ല. ഞങ്ങൾ ഒറ്റയ്ക്ക് തന്നെയായിരുന്നു. ഇങ്ങനൊരു കേസായതുകൊണ്ട് ആർക്കും ഇടപെടാനും പറ്റില്ലല്ലോ. അമ്മയെ അടിക്കുമ്പോൾ ഞാൻ നടുക്ക് കേറി നിൽക്കും.'
'അപ്പോൾ എന്നെയും ചവിട്ടി തെറിപ്പിക്കും. ഒരു ലെവൽ കഴിഞ്ഞപ്പോൾ ബിയർ കുപ്പി പൊട്ടിച്ച് പിടിച്ച് തന്തേ ഇനി എന്റെ അമ്മേനെ വല്ലോം ചെയ്താൽ.. എന്ന് ഞാൻ പറഞ്ഞു. അപ്പോൾ അത് കേട്ട് അച്ഛൻ പൊട്ടിച്ചിരിച്ചു. കൊള്ളാം സ്വന്തം മകൻ അച്ഛനോട് എന്ന രീതിയിലാണ് ചിരി. അത്രയും സൈക്കോ അവസ്ഥയാണ് അച്ഛൻ വെള്ളമടിച്ചാൽ.'
'വെള്ളമടിച്ചില്ലേൽ ഇതുപോലത്തെ പാവം മനുഷ്യനുമില്ല. നിലവിൽ അച്ഛനും അമ്മയും വേർപിരിഞ്ഞാണ് കഴിയുന്നത്. നിയമപരമായി മാറിയിട്ടില്ല. എട്ട് ഒമ്പത് വർഷമായി അങ്ങനെയാണ്. അമ്മയ്ക്ക് വെറുപ്പാണ് അച്ഛനെ.'
'നിലവിൽ ഇവിടെ ഞാൻ വരാൻ കാരണം അമ്മയാണ്. അമ്മയ്ക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്. ഉണ്ടാക്കിയിട്ടിട്ട് തന്തയാണെന്ന് പറഞ്ഞിട്ട് കാര്യമില്ല... നോക്കണം. അച്ഛൻ കാരണം തന്നെയാണ് അമ്മ സ്ട്രോങ്ങായതും. നിലവിൽ ഞാനാണ് എന്റെ കുടുംബത്തെ നോക്കുന്നത്'', എന്നാണ് റിഷി കുടുംബത്തെ കുറിച്ച് വെളിപ്പെടുത്തി പറഞ്ഞത്.


Click it and Unblock the Notifications