'പൊരുതി തോറ്റാലങ്ങ് പോട്ടെയെന്ന് വെക്കില്ല, കൂടെയുണ്ട് തിരിച്ചുവരണം, മക്കളെ മുന്നോട്ട് നമ്മൾ ഒരുമിച്ചുണ്ടാകും'
ബിഗ് ബോസ് മലയാളം സീസൺ ആറിന്റെ ടൈറ്റിൽ നേടാൻ ഏറ്റവും കൂടുതൽ യോഗ്യതയുള്ള വ്യക്തിയായി ബിബി പ്രേക്ഷകരിൽ ഏറെയും പേർ പറഞ്ഞിരുന്നത് ജാസ്മിൻ ജാഫറിന്റെ പേരാണ്. അത്രത്തോളം ജനപിന്തുണ നൂറ് ദിവസം കൊണ്ട് ജാസ്മിനുണ്ടാക്കിയിരുന്നു. എന്നാൽ മൂന്നാം സ്ഥാനത്ത് എത്താൻ മാത്രമെ ജാസ്മിന് സാധിച്ചുള്ളു. ഫിനാലെയോട് അടുത്ത ദിവസങ്ങളിൽ അർജു ശ്യാം ഗോപൻ വോട്ടിങിൽ നടത്തിയ കുതിപ്പാണ് ജാസ്മിന് വിനയായത്.
ഈ സീസണിലെ കണ്ടന്റ് മേക്കറിൽ ഒരാൾ ജാസ്മിനായിരുന്നു. അതുകൊണ്ട് തന്നെ രണ്ടാം സ്ഥാനം ജാസ്മിൻ അർഹിച്ചിരുന്നതായി പ്രേക്ഷകരിൽ ഏറെയും പേർ ഗ്രാന്റ് ഫിനാലെ റിസൾട്ടിനുശേഷം സോഷ്യൽമീഡിയയിലും മറ്റും കുറിച്ചിരുന്നു. ജാസ്മിൻ ബിബി മത്സരാർത്ഥിയായ ശേഷം ഏറെയും ലഭിച്ചത് നെഗറ്റീവ് പബ്ലിസിറ്റിയാണ്.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന കുക്ക് വിത്ത് കോമാളിയിൽ മത്സരാർത്ഥിയായിരുന്നു ജാസ്മിൻ. അത് തന്നെയാണ് ബിഗ് ബോസിലേക്കുള്ള വഴി ജാസ്മിന് വെട്ടികൊടുത്തതും. ഗബ്രിയുമായുള്ള കോമ്പോ, ശുചിത്വം ഇല്ലായ്മ എന്നതായിരുന്നു ജാസ്മിനെ പ്രേക്ഷകർക്കിടയിൽ നെഗറ്റീവാക്കിയ പ്രധാന ഘടകങ്ങൾ. വിവാഹനിശ്ചയം കഴിഞ്ഞ ജാസ്മിൻ ഹൗസിലെത്തിയശേഷം ഗബ്രിയുമായി അടുത്തത് താരത്തിന്റെ ഇമേജിനെ കാര്യമായി തന്നെ ബാധിച്ചിരുന്നു.
അതുകൊണ്ട് തന്നെ ഗ്രാന്റ് ഫിനാലെ കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും ജാസ്മിൻ വലിയ രീതിയിലുള്ള സൈബർ ആക്രമണം നേരിടുന്നുണ്ട്. ബിഗ് ബോസിലേക്ക് എത്തിയ ജാസ്മിന് ഏറ്റവും കൂടുതൽ പിന്തുണ നൽകിയിട്ടുള്ള ഒരാളാണ് മുൻ ബിഗ് ബോസ് താരവും ആക്ടിവിസ്റ്റുമായ ദിയ സന. ജാസ്മിൻ-സിബിൻ പ്രശ്നങ്ങൾ ഹൗസിൽ നടന്നപ്പോൾ മുതലാണ് ദിയ സന ജാസ്മിന് പിന്തുണയായി നിന്ന് തുടങ്ങിയത്.
ഗ്രാന്റ് ഫിനാലെ കാണാനും തിരികെ ജാസ്മിനെയും കുടുംബത്തേയും വീട്ടിൽ എത്തിക്കുന്നത് വരെയും ദിയ സന ഒപ്പമുണ്ടായിരുന്നു. എല്ലാക്കാലവും ജാസ്മിനൊപ്പം താൻ ഉണ്ടാകുമെന്നാണ് ദിയ സന പറയാറുള്ളത്. പുറത്ത് സംഭവിച്ച കാര്യങ്ങളെല്ലാം തരണം ചെയ്യാൻ ജാസ്മിനെ ഏറ്റവും കൂടുതൽ സഹായിക്കുന്ന രണ്ടുപേർ സഹമത്സരാർത്ഥി രസ്മിനും ദിയ സനയുമാണ്.
ഇപ്പോഴിതാ രസ്മിനേയും ജാസ്മിനേയും ചേർത്ത് പിടിച്ച് നിൽക്കുന്ന ദിയ സനയുടെ ചിത്രമാണ് ശ്രദ്ധിക്കപ്പെടുന്നത്. പൊരുതി തോറ്റാലങ്ങ് പോട്ടെയെന്ന് വെക്കില്ല... കൂടെയുണ്ട് ശക്തമായി തിരിച്ച് വരണം മക്കളെ.... ഈ ബുള്ളിങ് ഇന്നും ഇന്നലേയുമല്ല... ഇനി മുന്നോട്ട് നമ്മൾ ഒരുമിച്ചുണ്ടാകും എന്നാണ് രസ്മിനും ജാസ്മിനും ഒപ്പമുള്ള ചിത്രം പങ്കിട്ട് ദിയ സന കുറിച്ചത്. നിരവധി പേർ ദിയയുടെ പുതിയ പോസ്റ്റിലും സൈബർ ബുള്ളിയിങുമായി എത്തിയിട്ടുണ്ട്.

മറ്റ് ചിലർ മനകരുത്ത് നൽകി ജാസ്മിനെ ചേർത്ത് പിടിക്കുന്നതിന് ദിയയേയും രസ്മിനേയും അഭിനന്ദിച്ചു. ഹൗസിലേക്ക് ഗ്രാന്റ് ഫിനാലെയ്ക്ക് മുന്നോടിയായി രസ്മിൻ റീ എൻട്രി നടത്തിയിരുന്നു. അടുത്ത സുഹൃത്ത് ഗബ്രിയെക്കാൾ കൂടുതൽ ആത്മവിശ്വാസം ജാസ്മിന് നൽകിയത് രസ്മിനായിരുന്നു. ഗ്രാന്റ് ഫിനാലെ കഴിഞ്ഞ ദിവസം മുതൽ ഇതുവരെയും ജാസ്മിനൊപ്പം കരുത്തായി രസ്മിനുണ്ട്. ജാസ്മിന്റെ വിശേഷങ്ങൾ ആരാധകർ അന്വേഷിക്കുന്നതും രസ്മിനോടും ദിയ സനയോടുമാണ്.
തനിക്ക് എതിരെ വരുന്ന കണക്കില്ലാത്ത സൈബർ ബുള്ളിയിങിനെ ജാസ്മിൻ അതിജീവിക്കുന്നതും ദിയയും രസ്മിനും ഒപ്പമുള്ളതിനാലാണ്. ജാസ്മിനെപ്പോലെ ശക്തയായ ഒരു പെൺകുട്ടിയെ ജീവിതത്തിൽ ഇന്നേവരെ കണ്ടിട്ടില്ലെന്നും ജാസ്മിൻ സൂപ്പറാണെന്ന് മനസിലാക്കിയത് ഷോയിൽ നിന്നും പുറത്ത് വന്നപ്പോഴാണെന്നും അടുത്തിടെ സോഷ്യൽമീഡിയ വഴി ആരാധകരുമായി സംവദിക്കവെ രസ്മിൻ പറഞ്ഞിരുന്നു.
ഒന്ന് മാറ്റിപ്പിടിച്ചാലോ എന്നായിരുന്നു സീസണ്‍ ആറിന്റെ ന്‍റെ ടാഗ് ലൈന്‍. ആ വാക്കുകള്‍ വെറുതെയാക്കാത്ത അടിമുടി മാറ്റവും കൊണ്ടുവന്നതും ടിആർപിയിൽ പോലും വൻ കുതിപ്പ് ഉണ്ടാക്കിയതുമായ സീസണായിരുന്നു ബിഗ് ബോസ് സീസൺ ആറ്. വിജയിയായത് ജിന്റോയായിരുന്നു. അർജുനായിരുന്നു റണ്ണറപ്പ്.


Click it and Unblock the Notifications