'അൻസിബയോട് എനിക്ക് ഭയങ്കര ബഹുമാനമാണ്, ഗബ്രി വിജയിക്കാതെ പോയതിൽ വിഷമമുണ്ട്, അതൊരു കൊതിക്കെറുവ്'
ബിഗ് ബോസ് മലയാളം സീസൺ ആറ് സംഭവബഹുലമായ എപ്പിസോഡുകളിലൂടെയാണ് കടന്ന് പോകുന്നത്. തുടക്കം മുതൽ തന്നെ ശക്തമായ മത്സരം കാഴ്ചവെച്ച് മുന്നേറുകയാണ് മത്സരാർത്ഥികൾ. അവസാന പോരാട്ടത്തിൽ ആരൊക്കെയുണ്ടാകുമെന്നുള്ള പ്രവചനങ്ങൾ ഇതിനോടകം പലരും പങ്കുവെച്ച് കഴിഞ്ഞു. ടിക്കറ്റ് ടു ഫിനാലെ അവസാനിച്ചപ്പോൾ വിജയിയായത് അഭിഷേക് ശ്രീകുമാറാണ്. ഈ ആഴ്ചയിലെ വീക്കെന്റ് എപ്പിസോഡിലും ഒന്നോ, രണ്ടോ എവിക്ഷനുകൾ സംഭവിച്ചേക്കും.
അതേസമയം മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ രജിത്ത് കുമാർ മാധ്യമങ്ങൾക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്. ഈ സീസണിൽ തനിക്ക് ബഹുമാനം തോന്നിയ മത്സരാർത്ഥി നടി അൻസിബ ഹസനാണെന്നാണ് രജിത്ത് കുമാർ പറയുന്നത്. ഗബ്രി പുറത്തായത് തന്നെ വിഷമിപ്പിച്ചതായും ചില മത്സരാർത്ഥികൾ കാരണം ഷോയുടെ നിലവാരം കുറഞ്ഞതായും രജിത്ത് കുമാർ കൂട്ടിച്ചേർത്തു.

'മത്സരാർത്ഥികളിൽ ചിലരുടെ പ്രവൃത്തികൾ കാരണം സീസണിന്റെ നിലവാരം കുറഞ്ഞ് വരുന്നു. ഓരോ സീസൺ കഴിയുന്തോറും സീസണിന്റെ സീക്രസി കുറഞ്ഞ് വരുന്നു. അതുകൊണ്ട് കാണാനുള്ള രസം പോകുന്നു. ബിഗ് ബോസ് ഷോ തകരാൻ വേണ്ടി ആരൊക്കയോ ചിലർ പ്രവർത്തിക്കുന്നതായി തോന്നിയിട്ടുണ്ട്. സൗന്ദര്യമുള്ളവർ കള്ളം മധുരം ചേർത്ത് പറഞ്ഞാൽ നമ്മൾ അതിവേഗം വിശ്വസിക്കും.'
'പക്ഷെ കുറച്ച് സൗന്ദര്യം കുറഞ്ഞൊരാൾ സത്യം പറഞ്ഞാലും നമ്മൾ വിശ്വസിക്കില്ല. അങ്ങനെ നോക്കുമ്പോൾ സീസൺ ആറിലെ മത്സരാർത്ഥിയായിരുന്ന അൻസിബയോട് എനിക്ക് ഭയങ്കര ബഹുമാനമാണ്. അവസാനം വരെ മൂല്യവും സംസ്കാരവും വിടാതെ ഹൗസിന് പുറത്തും ജീവിതമുണ്ടെന്ന് മനസിലാക്കി പെരുമാറി.'
'25 ലക്ഷത്തിന് വേണ്ടി കുടുംബത്തേയും ബന്ധുക്കളേയും നാട്ടുകാരെയും തെറ്റിദ്ധരിപ്പിക്കുകയും കള്ളം പറയുകയും ചെയ്താൽ പുറത്തിറങ്ങുമ്പോൾ സമൂഹത്തിൽ വിലയുണ്ടാവില്ല. ഗെയിമാണെന്ന് പറഞ്ഞ് തോന്നിവാസം കാണിച്ചിട്ട് പിന്നെ വന്നിരുന്ന സോറി പറഞ്ഞാൽ കാര്യമുണ്ടാവില്ല. ഞാൻ എന്റെ സീസണിൽ ഒറ്റപ്പെടാൻ ശ്രമിച്ചിട്ടില്ല.'
'എല്ലാവരോടും കമ്പനി കൂടാൻ ആഗ്രഹിച്ചിരുന്നു. പക്ഷെ സാഹചര്യമുണ്ടായിരുന്നില്ല. ആരും എന്നെ കൂടെ ചേർത്തതുമില്ല. ഗബ്രി മികച്ച മത്സരാർത്ഥിയായിരുന്നു. ഒറ്റയ്ക്ക് കളിച്ചിരുന്നുവെങ്കിൽ അവൻ വിന്നറാവുമായിരുന്നു. അവൻ വിജയിക്കാതെ പോയതിൽ എനിക്ക് വിഷമമുണ്ട്. ഗെയിം മാത്രമല്ല ബിഗ് ബോസ് ഷോ. ഓവറോൾ പെർഫോമൻസാണ്.'

'മത്സരാർത്ഥിയുടെ മാതാപിതാക്കൾ വന്ന് മാല ഊരി മാറ്റി പുതിയ മാല ഇടീപ്പിച്ചതിനോട് എനിക്ക് എതിർപ്പുണ്ട്. അത് മറ്റ് മത്സരാർത്ഥികളോട് കാണിക്കുന്ന അനീതിയാണ്. ഇങ്ങനെയൊക്കെ സംഭവിക്കുമ്പോൾ സീസണിന്റെ ക്രെഡിബിലിറ്റിയും വിശ്വാസ്യതയും താഴേക്ക് പോകും. നമ്മൾ ചെയ്യുമ്പോൾ നീതി ബോധത്തോടെ ചെയ്യണം.'
'ഷോയിൽ നിന്നും പുറത്താകുന്നവർ വായിൽ തോന്നിയത് വിളിച്ച് പറയുന്നത് ഒരു കൊതിക്കെറുവായാണ് എനിക്ക് തോന്നിയിട്ടുള്ളത്', എന്നാണ് രജിത്ത് കുമാർ പറഞ്ഞത്. സീസൺ രണ്ടിലെ മത്സരാർത്ഥിയായിരുന്നു രജിത്ത് കുമാർ. ഏറ്റവും കൂടുതൽ ജനപിന്തുണയും രജിത്ത് കുമാറിന് തന്നെയായിരുന്നു. എന്നാൽ മത്സരം എഴുപത് ദിവസത്തോട് അടുക്കാനായപ്പോൾ സഹമത്സരാർത്ഥിയുടെ കണ്ണിൽ മുളക് തേച്ചതിനാണ് രജിത്ത് പുറത്തായത്.
ഷോയ്ക്ക് ഇടയിൽ ഫിസിക്കൽ അസാൾട്ട് നടത്തിയതിന് ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഷോയിൽ നിന്നും പുറത്താക്കപ്പെട്ട മത്സരാർത്ഥിയാണ് രജിത്ത് കുമാർ. അതിനുശേഷം സീസൺ അഞ്ചായപ്പോൾ ചലഞ്ചറായി വീണ്ടും ഹൗസിലേക്ക് എത്തിയിരുന്നു രജിത്ത് കുമാർ.
അന്ന് ബിബി ക്ലാസിക്ക് ടാസ്ക്കായ ഹോട്ടൽ ടാസ്ക്ക് മനോഹരമായി തീർന്നതിന് പിന്നിലും രജിത്ത് കുമാറിന്റെ കൈ കൂടി ഉണ്ടായിരുന്നു. രജിത്തിനൊപ്പം റോബിൻ, പൊളി ഫിറോസ് എന്നിവരും അന്ന് ചലഞ്ചേഴ്സായി ഹൗസിലേക്ക് കയറിയിരുന്നു.


Click it and Unblock the Notifications