ക്യാമറ ഉണ്ടെന്ന് മറന്ന് തുണി പോലും മാറിയിട്ടുണ്ട്! സിഗററ്റ് കിട്ടാത്തതാണ് സമ്മര്‍ദ്ദം കൂട്ടിയതെന്ന് ജാന്‍മണി
സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ ജാന്‍മണി ദാസ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ സിക്സില്‍ പങ്കെടുത്തതിന് ശേഷം പുറത്തേക്ക് വന്ന ജാന്‍മണി നിരവധി അഭിമുഖങ്ങളിലൂടെ പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറയുകയാണ്. അതിനൊപ്പം തന്നെ കുറിച്ച് വന്ന ട്രോളുകള്‍ക്കും താരം മറുപടി പറഞ്ഞിരുന്നു.
ഈ സീസണിന്റെ തുടക്കം മുതല്‍ ഏറ്റവുമധികം പരിഹസിക്കപ്പെടുകയും വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടതായിട്ടും വന്ന മത്സരാര്‍ഥിയായിരുന്നു ജാന്‍മണി. അവര്‍ പറഞ്ഞ ഡയലോഗുകള്‍ വലിയ രീതിയില്‍ ട്രോളായി മാറി. സത്യത്തില്‍ ബിഗ് ബോസിനകത്ത് പോയതിന് ശേഷം സംഭവിച്ചതെന്താണെന്ന് താരം പറയുകയാണിപ്പോള്‍.

നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസിനൊപ്പം സംസാരിക്കുന്ന ജാന്‍മണിയുടെ വീഡിയോയാണ് ശ്രദ്ധേയമാവുന്നത്. ഏറെ കാലമായി രഞ്ജിനിയുമായി അടുത്ത ബന്ധമുള്ള ആളാണ് ജാന്‍മണി. രഞ്ജിനിയുടെ പേഴ്‌സണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുമാണ്. എനിക്ക് ജാന്‍മണിയെ നന്നായി അറിയാം, അതുകൊണ്ട് എന്നോട് കള്ളം പറയാന്‍ പറ്റില്ല. സത്യസന്ധമായി കാര്യങ്ങള്‍ പറയണമെന്ന് പറഞ്ഞു കൊണ്ടാണ് രഞ്ജിനി ജാന്‍മണിയോട് സംസാരിച്ച് തുടങ്ങുന്നത്.
ബിഗ് ബോസ് ഷോയില്‍ പോകുക എന്നത് ജാന്‍മണിയുടെ ഏറെ കാലത്തെ ആഗ്രഹമായിരുന്നു. പലപ്പോഴും തന്നോട് അത് പറഞ്ഞിട്ടുണ്ടെന്നും രഞ്ജിനി പറയുന്നു. എന്നാല്‍ ജാനിന്റെ യഥാര്‍ത്ഥ സ്വഭാവം അറിയാവുന്നത് കൊണ്ട് താന്‍ അക്കാര്യം മൈന്‍ഡ് ചെയ്തില്ലെന്നാണ് രഞ്ജിനി പറയുന്നത്. അവസാനം ജാനിനെ സഹായിച്ചത്, കഴിഞ്ഞ സീസണില്‍ മത്സരിച്ച ശോഭ വിശ്വനാഥനാണ്. ശോഭ വഴിയാണ് ബിഗ് ബോസിലേക്ക് താന്‍ പോകുന്നതെന്നാണ് ജാന്‍മണി പറയുന്നത്.
പക്ഷേ താന്‍ പ്രതീക്ഷിച്ചത് പോലെ ആയിരുന്നില്ല ബിഗ് ബോസ് ഹൗസ്. രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും ഉണ്ടായിരുന്ന ആവേശം എല്ലാം നഷ്ടപ്പെട്ടു. സഹമത്സരാര്‍ഥിയായ രതീഷുമായി വഴക്ക് കൂടിയതോടെ ബിഗ് ബോസിനകത്തെ എല്ലാവരുടെയും ശബ്ദം നഷ്ടപ്പെട്ടിരുന്നു. എന്നാലും അവിടെയുള്ള എല്ലാവരോടും തനിക്ക് സ്നേഹമായിരുന്നു, എല്ലാവരെയും പരിഗണിക്കാനാണ് തനിക്കിഷ്ടം.
ബിഗ് ബോസിലേക്ക് ചെന്ന് രണ്ട് ദിവസം കഴിഞ്ഞതോടെ അവിടെ ക്യാമറ ഉള്ള കാര്യമെല്ലാം മറന്ന് പോയി. സത്യം പറഞ്ഞാല്‍ പലതവണ ക്യാമറയുടെ മുന്നില്‍ നിന്ന് ഡ്രസ്സ് മാറിയിട്ടുണ്ട്. പിന്നീട് ഞാന്‍ അങ്ങോട്ടേക്ക് പോകുമ്പോള്‍ തന്നെ ക്യാമറ മാറ്റാന്‍ തുടങ്ങിയെന്നും തമാശരൂപേണ ജാന്‍മണി പറയുന്നു.

അതേ സമയം ജാന്‍മണിയെ കുറിച്ച് രഞ്ജിനിയും സംസാരിച്ചിരുന്നു. 'ബിഗ് ബോസിന്റെ തുടക്കത്തിലൊക്കെ ജാന്‍മണിയെ കണ്ടപ്പോള്‍ എനിക്ക് ഭയങ്കര അഭിമാനമായിരുന്നു, എന്നാല്‍ ക്യാപ്റ്റന്‍സി ടാസ്‌ക് കിട്ടിയ ആഴ്ച മുതലാണ് വെറുപ്പിക്കാന്‍ തുടങ്ങിയത്. എന്റെ സുഹൃത്താണ്, മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്, അതിനപ്പുറം ഒരു സഹോദര ബന്ധമുണ്ട് എന്നതൊക്കെ ശരി. പക്ഷേ അതിന് ശേഷം വോട്ട് ചെയ്യാന്‍ എനിക്ക് പോലും തോന്നിയില്ല.
എന്റെ സ്വന്തം അമ്മയോട് പോലും ജാന്‍മണിയ്ക്ക് വേണ്ടി വോട്ട് ചോദിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. അതിന് മാത്രം എന്താണ് ആ ആഴ്ച സംഭവിച്ചത് എന്ന് രഞ്ജിനി ജാന്‍മണിയോട് ചോദിക്കുന്നുണ്ട്. മാത്രമല്ല താന്‍ തെറി വാക്കുകളൊന്നും ഉപയോഗിച്ചിട്ടില്ലെന്ന് ജാന്‍ പറഞ്ഞപ്പോള്‍, ശാപവാക്കുകള്‍ അതിനെക്കാള്‍ മോശമാണെന്നായിരുന്നു രഞ്ജിനിയുടെ മറുപടി.
എന്നാല്‍ അത് പലപ്പോഴും ദേഷ്യം കണ്‍ട്രോള്‍ ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലേക്ക് പോയത് കൊണ്ടാണെന്ന് ജാന്‍മണി പറയുന്നു. ക്യാപ്റ്റന്‍സിയുടെ പ്രഷര്‍ നല്ല രീതിയിലുണ്ടാവും. പിന്നെ അവിടെ സാധനങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഭക്ഷണം കഴിക്കാന്‍ ഉപ്പ് പോലും ഇല്ലായിരുന്നു. തനിക്കൊട്ടും അംഗീകരിക്കാന്‍ പറ്റാതിരുന്നത് സിഗരറ്റ് കിട്ടാത്തതാണ്. അതാണ് തന്റെ സമ്മര്‍ദ്ദം കൂടാനുള്ള കാരണമെന്ന് ജാന്‍മണി വ്യക്തമാക്കുന്നു.


Click it and Unblock the Notifications