'ഒറ്റയ്ക്ക് ഷോ മുന്നോട്ട് കൊണ്ടുപോകുന്നു... ഇതുപോലൊരു സ്ട്രോങ് ലേഡി ഇനി ബിഗ് ബോസിൽ വരുമെന്ന് തോന്നുന്നില്ല'
ബിഗ് ബോസ് മലയാളം സീസൺ ആറ് അവസാനിക്കാൻ ഇനി മൂന്ന് ആഴ്ചകൾ മാത്രമാണ് ബാക്കി. ആരൊക്കെയാകും ടോപ് ഫൈവിൽ ഉണ്ടാകുകയെന്നും ആരാകും വിജയ കിരീടം ചൂടുക എന്നറിയാനുമായി കാത്തിരിക്കുകയാണ് ബിഗ് ബോസ് പ്രേക്ഷകരും. ഫിനാലെയിലേക്ക് അടുക്കുന്നതിനിടെ മത്സരാർത്ഥികളാൽ നോമിനേറ്റ് ചെയ്യപ്പെടുന്ന അവസാന നോമിനേഷൻ നടന്ന് കഴിഞ്ഞു. അടുത്ത ആഴ്ച മുതൽ എല്ലാവരും നേരിട്ട് നോമിനേഷനിൽ വരും.
പത്ത് പേരിൽ മൂന്ന് പേർ മാത്രമാണ് അവസാന നോമിനേഷനിൽ നിന്നും സേഫായത്. ബാക്കിയുള്ള ഏഴ് പേർ നോമിനേഷനിൽ വരികയും ചെയ്തു. സിജോ, ജിന്റോ, അർജുൻ എന്നിവരാണ് നോമിനേഷനിൽ ഉൾപ്പെടാതെ രക്ഷപ്പെട്ടവർ. ഫൈനലിലേക്ക് അടുക്കുന്നതിന്റെ ഭാഗമായി ഗെയിമുകളും നിലവിൽ മുറുകി കൊണ്ടിരിക്കുകയാണ്.

ഹൗസിൽ അവശേഷിക്കുന്ന പത്ത് മത്സരാർത്ഥികളിൽ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള ഒരു മത്സരാർത്ഥിയാണ് ജാസ്മിൻ ജാഫർ. ഗബ്രി പുറത്തായാൽ ജാസ്മിന്റെ ഗെയിം വീക്കാകും എന്നാണ് പ്രേക്ഷകരിൽ ഭൂരിഭാഗം പേരും കരുതിയിരുന്നത്. എന്നാൽ ഏറ്റവും ശക്തമായി തന്നെയാണ് ജാസ്മിന്റെ ഗെയിം മുന്നോട്ട് പോകുന്നത്.
ഹൗസിലെ മറ്റ് പലരും ജിന്റോ, അഭിഷേക്, സിജോ പോലുള്ളവരോട് നേരിട്ട് ഏറ്റുമുട്ടാൻ മടിക്കുമ്പോൾ ജാസ്മിൻ മാത്രമാണ് നേർക്കുനേർ പോരാട്ടം കാഴ്ചവെക്കുന്നത്. ഈ സീസണിലെ അവസാന നോമിനേഷൻ ദിവസമായ തിങ്കളാഴ്ച രാവിലെ തന്നെ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു. ആദ്യത്തെ വഴക്ക് കിച്ചൺ ജോലികൾ കൃത്യമായി ചെയ്യുന്നില്ലെന്ന് ആരോപിച്ച് ജിന്റോയും ജാസ്മിനും തമ്മിലായിരുന്നു. ഹൗസിൽ ഏറ്റവും ശക്തരായ മത്സരാർത്ഥികളും ഇരുവരും തന്നെയാണ്.
പലരും ജിന്റോയോട് എതിർത്ത് സംസാരിക്കാനും വിമർശിക്കാനും മടി കാണിക്കുന്നവരാണ്. അതുകൊണ്ട് തന്നെ കപ്പ് സ്വന്തമാക്കാൻ ജിന്റോ മറികടക്കേണ്ട കടമ്പകളിൽ ഒന്ന് ജാസ്മിൻ തന്നെയാണ്. രണ്ടാമത്തെ വഴക്ക് അഭിഷേകും ജാസ്മിനും തമ്മിലായിരുന്നു. അഭിഷേക് പ്രശ്നങ്ങളിൽ ഒന്നും ഇടപെടാതെ സേഫ് ഗെയിം കളിക്കുന്നുവെന്നാണ് ജാസ്മിൻ ആരോപിക്കുന്നത്. മൂന്നാമത്തെ വഴക്ക് ജാസ്മിനും സിജോയും തമ്മിലായിരുന്നു.
ടാസ്ക്കിനിടെ എതിർത്ത് സംസാരിക്കാൻ സിജോ തന്റെ വീട്ടുകാരെ ഉപയോഗിച്ചുവെന്ന് ജാസ്മിൻ പറഞ്ഞതോടെയാണ് വഴക്ക് ആരംഭിച്ചത്. ഇപ്പോൾ ഹൗസിൽ നിലകൊള്ളുന്ന മത്സരാർത്ഥികളിൽ കണ്ടന്റ് മേക്കർ ജാസ്മിനാണെന്നാണ് പ്രേക്ഷകരിൽ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. ജാസ്മിൻ ഒറ്റയ്ക്ക് ഷോ മുന്നോട്ട് കൊണ്ടുപോകുന്നുവെന്നും ഇതുപോലൊരു സ്ട്രോങ് ലേഡി ഇനി ബിഗ് ബോസിൽ വരുമെന്ന് തോന്നുന്നില്ലെന്നുമാണ് ആരാധകരിൽ ഒരാൾ ജാസ്മിനെ കുറിച്ച് സോഷ്യൽമീഡിയയിൽ എഴുതിയത്.

അവസാന നോമിനേഷൻ പട്ടികയിൽ തെറ്റായ സ്ട്രാറ്റജി, കൃത്രിമ മാറ്റം എന്നീ കാരണങ്ങളാലാണ് ജാസ്മിൻ ഉൾപ്പെട്ടത്. അതേസമയം ഇന്ന് മുതൽ ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങൾക്ക് തുടക്കമാകാൻ പോവുകയാണ്. ടിക്കറ്റ് ടു ഫിനാലെ എന്നത് ഒരാഴ്ചയിലെ എവിക്ഷൻ പ്രക്രിയയിൽ നിന്ന് രക്ഷനേടി നേരിട്ട് ഫിനാലെയിലെ വീക്കിലേക്ക് അവശേഷിക്കുന്ന പത്ത് മത്സരാർത്ഥികളിൽ ഒരാളെ എത്തിക്കുന്ന അസുലഭ അവസരമാണ്.
നിലവിൽ റിഷിയും ജാസ്മിനും മാത്രമാണ് പൂജ്യം അല്ലാത്ത പോയിന്റിൽ നിന്നുകൊണ്ട് ടിക്ക്റ്റ് ടു ഫിനാലെ ആരംഭിക്കാൻ പോകുന്നത്. വാശിയേറിയ മത്സരം ടിക്കറ്റ് ടു ഫിനാലെയിൽ കാണാൻ സാധിക്കുമെന്നത് പുതിയ പ്രമോയിൽ നിന്നും വ്യക്തമാണ്. ഫിസിക്കൽ ടാസ്ക്കുകളിൽ മുന്നിൽ നിൽക്കുന്നവരാണ് ഈ സീസണിലെ മത്സരാർത്ഥികളിലെല്ലാം.
ഏറ്റവും അവസാനം ഹൗസിൽ നിന്നും പുറത്തായത് അപ്സരയും അൻസിബയുമാണ്. പ്രേക്ഷകരെ ഞെട്ടിച്ചത് അൻസിബയുടെ എവിക്ഷനായിരുന്നു. പല പ്രേക്ഷകരുടെയും ടോപ്പ് ഫൈവ് പ്രെഡിക്ഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന മത്സരാർത്ഥിയായിരുന്നു അൻസിബ.


Click it and Unblock the Notifications