'ഇതാണ് വോട്ട് കിട്ടാനുള്ള കാരണം, അർജുൻ ഗെയിമിൽ അത്രപോരെങ്കിലും അഭിനയിക്കാനുള്ള ടാസ്ക്കുകളിൽ പൊളിയാണ്'
ബിഗ് ബോസ് മലയാളം സീസൺ ആറ് എട്ടാം ആഴ്ചയിൽ എത്തി നിൽക്കുമ്പോൾ മത്സരം കുറച്ച് കടുപ്പിച്ചിട്ടുണ്ട് ബിഗ് ബോസ്. ഇനിയുള്ള ദിവസങ്ങളിൽ ശാരീരികമായും ഫിറ്റാണെങ്കിൽ മാത്രമെ ടാസ്ക്കുകളിൽ വിജയിക്കാൻ മത്സരാർത്ഥികൾക്ക് സാധിക്കു. ഇനിയങ്ങോട്ട് ഫിസിക്കലിയും മെന്റലിയും കഴിവ് തെളിയിക്കേണ്ട കടുത്ത ടാസ്ക്കുകളാകും വരാൻ പോകുന്നതെന്ന് ഇക്കഴിഞ്ഞ വീക്കെന്റ് എപ്പിസോഡിൽ മോഹൻലാൽ മത്സരാർത്ഥികളെ പ്രത്യേകം ഓർമിപ്പിക്കുകയും ചെയ്തിരുന്നു.
ഇപ്പോൾ ഹൗസിലുള്ള മത്സരാർത്ഥികളിൽ ഏറ്റവും ജനപ്രീതിയുള്ള ഒരാളാണ് അർജുൻ. മോഡലായ അർജുൻ സിനിമയിലേക്കുള്ള തന്റെ വെട്ടുക എന്ന ലക്ഷ്യത്തോടെയാണ് ആദ്യ പടിയായി ബിഗ് ബോസിൽ എത്തിയത്. എന്നാൽ മറ്റുള്ള മത്സരാർത്ഥികളെ അപേക്ഷിച്ച് നോക്കുമ്പോൾ അർജുൻ തീരെ ആക്ടീവല്ലെന്നാണ് പ്രേക്ഷകരുടെ പക്ഷം. ഹൗസിലെ ഒരു പ്രശ്നത്തിലും തർക്കത്തിലും അർജുൻ ഇടപെടാറില്ല.

മാത്രമല്ല പലപ്പോഴും അർജുൻ ഹൗസിലുണ്ടെന്ന കാര്യം പോലും പ്രേക്ഷകർ മറന്നുപോകാറുണ്ട്. താരത്തിന്റേത് സെയ്ഫ് ഗെയിമാണെന്ന അഭിപ്രായവും പ്രേക്ഷകർക്കുണ്ട്. മോഹൻലാൽ വീക്കെന്റ് എപ്പിസോഡിൽ വന്ന് അഭിപ്രായം ചോദിക്കുമ്പോൾ മാത്രമാണ് അതുവരെ ഹൗസിൽ നടന്ന കാര്യങ്ങളെ കുറിച്ച് തനിക്ക് പറയാനുള്ളത് അർജുൻ പറയുന്നത്.
ഗെയിമിലും വീട്ടിലെ തർക്കങ്ങളിലും ഒന്നും അർജുൻ അധികം തലയിടാറില്ലെങ്കിലും തന്റെ കഴിവിന്റെ പരമാവധി അർജുൻ ഉപയോഗിക്കുന്ന ഒരേയൊരു സ്ഥലം അഭിയവുമായി ബന്ധപ്പെട്ടുള്ള ടാസ്ക്കുകൾ വരുമ്പോഴാണ്. അർജുനുണ്ടെങ്കിൽ അർജുൻ തന്നെയാകും ആ ടാസ്ക്കിൽ സ്കോർ ചെയ്യുകയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്യുക. അടുത്തിടെ ടാസ്ക്കിന്റെ ഭാഗമായി ജാൻമണി ദാസിനെപ്പോലെ വേഷം കെട്ടി അഭിനയിച്ച് അർജുൻ കയ്യടി വാങ്ങിയിരുന്നു.
ആ ആഴ്ച ഏറ്റവും വൈറലായ ക്ലിപ്പും ജാൻമണിയായുള്ള അർജുന്റെ പ്രകടനം തന്നെയായിരുന്നു. ഇപ്പോഴിതാ വീണ്ടും അർജുൻ അഭിനയത്തിൽ താൻ പുലിയാണെന്ന് തെളിയിക്കുന്ന ഒരു പ്രമോയാണ് വൈറലാകുന്നത്. ഹൗസിൽ റെട്രോ ലുക്കിൽ പ്രത്യക്ഷപ്പെട്ട് അഭിനയത്തിലുള്ള തന്റെ സാധ്യതകളെല്ലാം പ്രയോജനപ്പെടുത്തുന്ന അർജുനാണ് പ്രമോയിലുള്ളത്.
ഇടവേളകൾ ആനന്ദകരമാക്കുന്നതിന്റെ ഭാഗമായാണ് അർജുനും മറ്റുള്ള എല്ലാ സഹമത്സരാർത്ഥികളും റെട്രോ ലുക്കിൽ മേക്കപ്പും വസ്ത്രധാരണവും ചെയ്ത് പ്രകടനം നടത്താൻ തുടങ്ങിയത്. വീട്ടിൽ ചിരിവിരുന്നൊരുക്കി എൺപതുകളിലെ പൂവാലന്മാരായി അർജുനും സംഘവും. എപ്പിസോഡിന്റെ ലൈവ് കണ്ടവരെല്ലാം അർജുന്റെ പ്രകടനത്തെയാണ് ഏറ്റവും കൂടുതൽ പുകഴ്ത്തുന്നത്.

കാരണം എൺപതുകളിലെ ലുക്കിൽ ഏറ്റവും സുന്ദരൻ അർജുൻ തന്നെയായിരുന്നു. ഗെയിമിൽ കാര്യമായ പ്രകടനം കാഴ്ചവെച്ചില്ലെങ്കിലും അർജുൻ വീട്ടിൽ തുടരുന്നതിന്റെ കാരണം ഇത്തരം സ്കിറ്റുകൾ അവതരിപ്പിച്ച് നേടുന്ന വോട്ടാണെന്നാണ് പ്രമോ വൈറലായതോടെ പ്രധാനമായും പ്രത്യക്ഷപ്പെടുന്ന കമന്റുകൾ.
അർജുൻ ഗെയിമിൽ അത്രപോരെങ്കിലും അഭിനയിക്കാനുള്ള ടാസ്ക്കുകളിൽ പൊളിയാണ്, ഇതാണ് സേഫ് ഗെയിം കളിച്ചാലും അർജുന് വോട്ട് കിട്ടാനുള്ള കാരണം, അർജുന് ആക്ടിങിൽ നല്ല ഭാവിയുണ്ട്, അർജുൻ ഇപ്രാവശ്യം സ്കോർ ചെയ്തു ഒരു രക്ഷയുമില്ല.
അർജുന്റെ പ്രകടനം കണ്ട് ചിരിച്ച് വഴിയായി എന്നിങ്ങനെ നീളുന്നു കമന്റുകൾ. അർജുനെപ്പോലെ തന്നെ എൺപതുകളിലെ പൂവലനായി ഗബ്രിയും ജിന്റോയും മികച്ച പ്രകടനം കാഴ്ചവെച്ചു. ഗബ്രിയുടെ പൂവലനായുള്ള മേക്കോവർ അടിപൊളിയാണെന്നുള്ള കമന്റുകളുമുണ്ട്.
അഭിനയത്തോട് താൽപര്യമുള്ളവരാണ് മൂന്നുപേരും. ഇത്തവണത്തെ നോമിനേഷൻ ലിസ്റ്റിൽ അർജുനും ഗബ്രിയും ജിന്റോയുമെല്ലാമുണ്ട്. ഈ സ്കിറ്റ് ടെലികാസ്റ്റ് ചെയ്ത് കഴിയുമ്പോൾ അർജുനുള്ള ജനപിന്തുണ ഇരട്ടിയാകും. ഹൗസിലെ പുരുഷന്മാർ മാത്രമല്ല ജാസ്മിൻ അടക്കമുള്ള എല്ലാ പെൺകുട്ടികളും റെട്രോ ലുക്കിൽ അതീവ സുന്ദരികളായി എത്തി അർജുനും ഗബ്രിക്കും ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനം കാഴ്ചവെച്ചു.


Click it and Unblock the Notifications