അറിഞ്ഞ് കൊണ്ട് പറഞ്ഞതല്ല, ഈ നിമിഷം ക്ഷമ ചോദിക്കുന്നു; നോറയോട് ജാസ്മിൻ; ഭാവ വ്യത്യാസമില്ലാതെ നോറ
ബിഗ് ബോസ് വീട്ടിൽ വലിയ വഴക്കുകളാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. അതിഥികളായ സാബു മോന്റെയും ശ്വേത മേനോന്റെയും മുന്നിൽ വെച്ച് കടുത്ത വാക്കേറ്റം നടന്നു. ജാസ്മിനും രെസ്മിനും തമ്മിലുണ്ടായ വഴക്കായിരുന്നു പ്രധാനം. അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും വഴക്കിടുകയും പിന്നീട് പൊട്ടിക്കരയുകയുമുണ്ടായി. ഇതിനിടെ നോറയും ജാസ്മിനും തമ്മിൽ പ്രശ്നമുണ്ടായി. നോറയുടെ വാക്ക് കേട്ടാണ് ജാസ്മിൻ തനിക്ക് നേരെ തിരിഞ്ഞതെന്നായിരുന്നു ജാസ്മിന്റെ ആരോപണം.
കൊടും വിഷമാണ് നോറയെന്ന് ജാസ്മിൻ തുറന്നടിച്ചു. ഇത് വാക്കേറ്റത്തിലെത്തി. അതിഥികളുടെ മുന്നിൽ വെച്ച് തന്നെ അപമാനിച്ചെന്ന് പറഞ്ഞ് നോറ പൊട്ടിക്കരഞ്ഞു. വഴക്കുകൾക്ക് വഴി വെച്ച ഹോട്ടൽ ടാസ്ക് അവസാനിച്ചപ്പോൾ വൈകാരികമായ രംഗങ്ങളും ബിഗ് ബോസ് വീട്ടിലുണ്ടായി. ശ്വേതയും സാബുവും എല്ലാവർക്കും ഒപ്പമിരുന്ന് സംസാരിച്ചു.

പരസ്പരം സംസാരിക്കാനുള്ളവർക്ക് സംസാരിക്കാമെന്ന് പറഞ്ഞപ്പോൾ ജാസ്മിൻ നോറയോട് സംസാരിച്ചു. ബിഗ് ബോസ് ആറാം സീസണിന്റെ തുടക്ക നാളുകളിൽ നൽകിയ ടാസ്കുകളിൽ ഒന്നിൽ നോറ ഇമോഷണലി വീക്ക് ആണെന്ന് ജാസ്മിൻ പറഞ്ഞിരുന്നു. ഇതിന്റെ പേരിലാണ് ജാസ്മിൻ ക്ഷമ ചോദിച്ചത്. നോറയുടെ മനസിൽ അന്നും ഇന്നും നാളെയും കിടക്കാൻ പോകുന്ന സാധനമാണ് ഒരു ടാക്സികിനിടയിൽ ഞാൻ പറഞ്ഞ വാക്ക്.
അത് കൊണ്ടാണ് ഇപ്പോഴും ആൾക്കാർ അങ്ങനെ പറയുന്നത് എന്ന തോന്നൽ. ഞാൻ അറിഞ്ഞ് കൊണ്ട് പറഞ്ഞതല്ല. എത്ര വലിയ സുഹൃത്തായാലും ടാസ്കിന് വരുമ്പോൾ നമുക്ക് അവരെ തോൽപ്പിക്കണം. അത്രയേ ഞാൻ വിചാരിച്ചിട്ടുള്ളൂ. നിനക്കത് വിഷമം ആയിട്ടുണ്ടെങ്കിൽ ഈ നിമിഷം സോറി ചോദിക്കുന്നെന്ന് ജാസ്മിൻ പറഞ്ഞു. എന്നാൽ നോറയുടെ മുഖത്ത് ഭാവ വ്യത്യാസമൊന്നും ഉണ്ടായില്ല. രെസ്മിൻ ജാസ്മിനോട് ക്ഷമ ചോദിക്കുന്നുണ്ട്. ഹോട്ടൽ ടാസ്കിനിടെയുണ്ടായ വഴക്കിന്റെ പേരിലാണ് രെസ്മിൻ ക്ഷമ ചോദിച്ചത്.

എവിടെയൊക്കെയോ തെറ്റിദ്ധാരണകൾ വന്നതിനെ തുടർന്നുണ്ടായ പ്രവൃത്തിയാണ്. ഇപ്പോഴും അവളെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ടാണ്. ഞാൻ അങ്ങനെ ചെയ്തതിൽ ഫിസിക്കലിയും മെന്റലിയും അവൾക്ക് വേദനിച്ചിട്ടുണ്ടാകും. അങ്ങനെ ചെയ്തല്ലോ എന്നാലോചിച്ച് അവളേക്കാൾ കൂടുതൽ വേദനിക്കുന്നത് എനിക്കാണ്. ഞാൻ വേണമെന്ന് വെച്ച് ചെയ്തതല്ലെന്ന് രെസ്മിൻ പറഞ്ഞു.
ഇരുവരും കെട്ടിപ്പിടിക്കുകയും ചെയ്തു. വഴക്ക് നടന്നപ്പോഴും തനിക്ക് ലഭിച്ച ടാസ്കിനോട് നീതി പുലർത്തിയ ജാസ്മിൻ പ്രേക്ഷകരുടെ കൈയടി നേടിയിട്ടുണ്ട്. രെസ്മിന് നേരെ വിമർശനവും വന്നു. നിലവിൽ ബിഗ് ബോസ് വീട്ടിൽ ജാസ്മിന് ഏറ്റവും കൂടുതൽ അടുപ്പമുള്ളത് രെസ്മിനോടാണ്. പല ഘട്ടങ്ങളിൽ ജാസ്മിന് രെസ്മിൻ ആശ്വാസമായിട്ടുണ്ട്. എന്നാൽ ഇവർക്കിടയിൽ പ്രശ്നം വന്നപ്പോൾ പ്രേക്ഷകരും അമ്പരന്നു. ജാസ്മിൻ നോറയോട് ക്ഷമ ചോദിച്ച് ആത്മാർത്ഥമായല്ലെന്നും ചിലർക്ക് അഭിപ്രായമുണ്ട്. അതേസമയം നോറ ഇടയ്ക്കിടെ കരയുന്നത് പ്രേക്ഷകർക്കിടയിൽ ചർച്ചയാകാറുണ്ട്. കരഞ്ഞും പരാതി പറഞ്ഞും സ്ക്രീൻ സ്പേസ് ഉണ്ടാക്കുന്നു എന്ന് വിമർശനവും വരാറുണ്ട്.


Click it and Unblock the Notifications