ജിന്റോയെ കഴുത്തിൽ പിടിച്ച് നിലത്തിട്ട് വലിച്ച് അഭിഷേക്, ടാസ്ക്കിനിടയിൽ വഴക്ക്, അഭിഷേകിന് മോഹൻലാൽ വാണിങ് നൽകും?
ബിഗ് ബോസ് മലയാളം സീസൺ ആറ് അവസാനത്തിലേക്ക് അടുക്കുമ്പോൾ പത്ത് പേരാണ് ഹൗസിൽ കപ്പിനായി പോരാടുന്നത്. ആരാകും വിജയിയായി കപ്പ് ഉയർത്തുക എന്നത് പ്രവചിക്കാൻ പ്രേക്ഷകർക്കും ഇപ്പോൾ സാധിക്കുന്നില്ല. കാരണം ജനപിന്തുണയുടെയും പ്രകടനത്തിന്റെയും കാര്യത്തിൽ ഭൂരിഭാഗം പേരും സമാസമമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ടിക്കറ്റ് ടു ഫിനാലെയുമായി ബന്ധപ്പെട്ട മത്സരങ്ങളാണ് ഹൗസിൽ നടക്കുന്നത്. എട്ടോളം ടാസ്ക്കുകൾ ഇതിനോടകം പൂർത്തിയായി കഴിഞ്ഞു.
ഇനി രണ്ട് ടാസ്ക്കുകൾ കൂടിയാണ് ടിക്കറ്റ് ടു ഫിനാലെയിൽ അവശേഷിക്കുന്നത്. അതേസമയം ഒരിടവേളയ്ക്കുശേഷം വീണ്ടും ഹൗസിൽ ഒരു കയ്യാങ്കളി നടന്നിരിക്കുകയാണ്. എട്ടാമത്തെ ടാസ്ക്കായ മുഖമുദ്ര നടക്കുന്നതിനിടയിലാണ് ജിന്റോയും അഭിഷേകും തമ്മിൽ ഏറ്റുമുട്ടിയത്.

സഹമത്സരാർത്ഥിയുടെ ബോർഡിൽ അനുവദിച്ചിരിക്കുന്ന സമയത്തിനുള്ളിൽ റിജക്ടടെന്ന സീൽ പരമാവധി പതിപ്പിക്കണം. ഓരേ സമയം പത്ത് പേരും ഒരുമിച്ചാണ് ഈ ടാസ്ക്കിൽ മത്സരിക്കുന്നത്. ഓരോ റൗണ്ട് കഴിയുമ്പോഴും ആരുടെ ബോർഡിലാണോ ഏറ്റവും കൂടുതൽ സീലുകൾ ഉള്ളത് അവർ പുറത്താകും.
അത്തരത്തിൽ അവസാനം വരെ ബോർഡിൽ സീൽ ഇല്ലാതെ സർവൈവ് ചെയ്ത് നിൽക്കുന്നതാരോ അവരായിരിക്കും വിജയിക്കുക. ടാസ്ക്ക് തുടങ്ങി ആദ്യം തന്നെ പുറത്തായത് നോറയാണ്. പിന്നാലെ ജാസ്മിൻ, സിജോ, റിഷി, നന്ദന, ശ്രീതു എന്നിവർ പുറത്തായി. ശേഷം അവശേഷിച്ചത് ജിന്റോ, അഭിഷേക്, അർജുൻ, സായ് എന്നിവരാണ്. ജിന്റോ അഭിഷേകിന്റെ ബോർഡിൽ സീൽ പതിപ്പിക്കാനായി എത്തി.
അഭിഷേക് ബോർഡിന് അരികിലേക്ക് ജിന്റോ എത്തും മുമ്പ് തന്നെ തടഞ്ഞു. എന്നാൽ അഭിഷേകിനെ മറികടന്ന് സീൽ പതിപ്പിക്കാൻ ജിന്റോ ശ്രമിച്ചതോടെ കയ്യാങ്കളിയായി. സീൽ പതിപ്പിക്കാനായി ജിന്റോ അഭിഷേകിനെ തള്ളി മാറ്റി. ഉടൻ പാഞ്ഞടുത്ത അഭിഷേക് ജിന്റോയെ കഴുത്തിൽ പിടിച്ച് നിലത്തിട്ട് വലിച്ചു. ഇരുവരും തമ്മിലുള്ള കയ്യാങ്കളി കൂടിയപ്പോൾ സഹമത്സരാർത്ഥികൾ ഓടിയെത്തി രണ്ടുപേരെയും പിടിച്ച് മാറ്റി.
അവസാനം ബിഗ് ബോസ് ശാസിച്ചപ്പോഴാണ് ഇരുവരും തമ്മിലുള്ള വഴക്ക് അവസാനിച്ചത്. ആ റൗണ്ടിൽ ഗെയിമിൽ നിന്ന് ജിന്റോ പുറത്താവുകയും ചെയ്തു. ദേഷ്യം അടങ്ങിയശേഷം ഇരുവരും പരസ്പരം കെട്ടിപിടിച്ച് വഴക്ക് കോംപ്രമൈസ് ചെയ്തു. ഒരിടവേളയ്ക്ക് ശേഷമാണ് രൂക്ഷമായൊരു വഴക്ക് ഹൗസിലുണ്ടാകുന്നത്.

മാത്രമല്ല ബിഗ് ബോസ് വീടിന്റെ നിയമങ്ങളെ മറികടക്കുന്ന തരത്തിലുള്ളതായിരുന്നു ഇരുവരുടെയും കയ്യാങ്കളി. അതുകൊണ്ട് തന്നെ വീക്കെന്റ് എപ്പിസോഡിൽ അഭിഷേകിന് വാണിങ് ലഭിച്ചേക്കും. സഹമത്സരാർത്ഥിയെ കയ്യേറ്റം ചെയ്യുക എന്നത് ഹൗസിൽ ഏറ്റവും ഗുരുതരമായ തെറ്റുകളിൽ ഒന്നാണ്. ഈ സീസണിൽ ഇതിന് മുമ്പ് രണ്ട് തവണ മത്സരാർത്ഥികൾ തമ്മിൽ ഫിസിക്കൽ അസാൾട്ട് നടന്നിട്ടുണ്ട്.
അതിൽ സിജോയെ മർദ്ദിച്ചതിന് അസി റോക്കി എന്ന മത്സരാർത്ഥിയെ ഷോയിൽ നിന്നും പുറത്താക്കിയിരുന്നു. അതിനുശേഷം ജാസ്മിനും രസ്മിനും തമ്മിൽ കയ്യാങ്കളി ഉണ്ടാവുകയും രസ്മിന് വാണിങും ശിക്ഷയും ലഭിക്കുകയും ചെയ്തിരുന്നു. ജിന്റോ-അഭിഷേക് വഴക്കിൽ ബിഗ് ബോസ് ടീം എന്ത് നടപടിയാണ് എടുക്കുക എന്നത് വീക്കെന്റ് എപ്പിസോഡിൽ അറിയാം.
അതേസമയം ഏറ്റവും കൂടുതൽ ജനപിന്തുണയുള്ള രണ്ട് മത്സരാർത്ഥികളാണ് അഭിഷേകും ജിന്റോയും. മാത്രമല്ല ടിക്കറ്റ് ടു ഫിനാലെ ടാസ്ക്കിൽ പോയിന്റ് അടിസ്ഥാനത്തിൽ ഒന്നാം സ്ഥാനത്ത് ഇപ്പോൾ നിൽക്കുന്നത് അഭിഷേകാണ്.
ഫിനാലെ അടുക്കുന്ന സാഹചര്യത്തിൽ സൂക്ഷിച്ച് പെരുമാറിയില്ലെങ്കിൽ ഗ്രാന്റ് ഫിനാലെ വേദി കാണാതെ വീട്ടിലേക്ക് മടങ്ങേണ്ട അവസ്ഥ അഭിഷേകിനും ജിന്റോയ്ക്കുമുണ്ടാകും. കൂടാതെ ടിക്കറ്റ് ടു ഫിനാലെ മറ്റ് പോയിന്റിൽ പിറകിൽ നിൽക്കുന്നവരിലേക്ക് എത്തിപ്പെടും.


Click it and Unblock the Notifications