'എന്നെ മണ്ടനെന്ന് വിളിച്ചവർക്കുള്ള തിരിച്ചടിയാണ് എന്റെ കയ്യിലിരിക്കുന്ന കപ്പ്... ഈ കപ്പ് പ്രേക്ഷകർക്കുള്ളതാണ്'
ബിഗ് ബോസ് മലയാളം സീസൺ ആറും അവസാനിച്ചു. ആറാം സീസണിന്റെ വിജയ കിരീടം ചൂടിയത് ബോഡി ബിൽഡറും ഫിറ്റ്നസ് ട്രെയിനറുമായ ജിന്റോയാണ്. തുടക്കത്തിൽ പ്രേക്ഷകർക്ക് ഒരു പ്രതീക്ഷയുമില്ലാതിരുന്ന മത്സരാർത്ഥിയായിരുന്നു ജിന്റോ. എന്നാൽ കപ്പ് നേടണമെന്ന ദൃഢനിശ്ചയത്തോടെയായിരുന്നു ജിന്റോ ഹൗസിലേക്ക് കയറിയത്. തുടക്കം മുതൽ അവസാനം വരെ അതുകൊണ്ട് തന്നെ ജിന്റോ കളം നിറഞ്ഞ് കളിച്ചു.
ആദ്യത്തെ നോമിനേഷനിൽ ഉൾപ്പെട്ടതിന്റെ അടുത്ത നിമിഷം മുതൽ ജിന്റോ ഗെയിം കളിച്ച് തുടങ്ങിയിരുന്നു. അതുകൊണ്ട് തന്നെയാണ് കപ്പ് ഉയർത്താൻ താരത്തിന് സാധിച്ചതും. താൻ ആഗ്രഹിച്ച് മോഹിച്ചാണ് ഷോയിലേക്ക് വന്നതെന്നും അതുകൊണ്ട് തന്നെ കപ്പ് കൊണ്ട് മാത്രമെ വീട്ടിലേക്ക് മടങ്ങൂവെന്നും നിരന്തരം ജിന്റോ പറയാറുണ്ടായിരുന്നു.

എവിക്ടായി പുറത്തേക്ക് വന്ന മത്സരാർത്ഥികൾക്കെല്ലാം ജിന്റോയ്ക്ക് ലഭിക്കുന്ന പ്രേക്ഷക പിന്തുണ കണ്ട് അത്ഭുതമാണ് ഉണ്ടായത്. ഇപ്പോഴിതാ നൂറ് ദിവസത്തെ ചെന്നൈ ജീവിതം അവസാനിപ്പിച്ച് കേരളത്തിലേക്ക് മടങ്ങി ജിന്റോ. വിമാനം കയറാനായി പുറപ്പെടും മുമ്പ് തന്നെ വളഞ്ഞ ഓൺലൈൻ മാധ്യമങ്ങളോട് ജിന്റോ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
തന്നെ മണ്ടനെന്ന് വിളിച്ചവർക്കുള്ള മറുപടിയാണ് തന്റെ കയ്യിലിരിക്കുന്ന കപ്പെന്നാണ് ജിന്റോ പറഞ്ഞത്. എന്നെ ഇഷ്പ്പെടുന്ന എല്ലാവരോടും ലവ് യൂ എന്നാണ് പറയാനുള്ളത്. എന്നെ ഇവിടെ വരെ എത്തിച്ചതിന് നന്ദി. എന്നെ മണ്ടനെന്ന് വിളിച്ചവർക്കുള്ള തിരിച്ചടിയാണ് എന്റെ കയ്യിലിരിക്കുന്ന കപ്പ്. ഈ കപ്പ് പ്രേക്ഷകർക്കുള്ളതാണ്. ഇതിലും വലിയ തിരിച്ചടി ഇനി ഇല്ല. എല്ലാത്തിനുമുള്ള മറുപടി ഞാൻ പറയാം എന്നാണ് ജിന്റോ മാധ്യമങ്ങോട് സംസാരിക്കവെ പറഞ്ഞത്.
ഷോ പകുതി പിന്നിട്ടപ്പോൾ തന്നെ പ്രേക്ഷകരുടെ ഫൈനലിസ്റ്റുകളിൽ രണ്ടുപേർ ജിന്റോയും ജാസ്മിനുമായിരുന്നു. ഇരുവരും ടോപ്പ് ടുവായിരിക്കുമെന്ന് പ്രതീക്ഷിച്ചവരും നിരവധിയാണ്. എന്നാൽ രണ്ടാഴ്ച കൊണ്ട് അർജുനുണ്ടായ ആരാധകരുടെ എണ്ണത്തിൽ വലിയ വർധനവ് വന്നതോടെ ജാസ്മിൻ വോട്ടിങിൽ പിന്നിലേക്ക് പോവുകയായിരുന്നു.
തുടക്കം മുതൽ അവസാനം വരെ ഒറ്റയ്ക്ക് നിന്ന് പോരാടിയാണ് ജിന്റോ വിജയിച്ചത്. ഏറ്റവും കൂടുതൽ ടാർഗറ്റ് ചെയ്യപ്പെട്ട മത്സരാർത്ഥി കൂടിയായിരുന്നു ജിന്റോ. ആദ്യാവരത്തിലെ മണ്ടൻ ടാഗ് ലൈൻ കിട്ടിയപ്പോഴെ അച്ചീവ് ചെയ്യണമെന്ന് ആഗ്രഹിച്ചുവെന്നും അതാണ് ഇവിടം വരെ എത്തിച്ചതെന്നുമാണ് ടൈറ്റിൽ നേടിയ ശേഷം സംസാരിക്കവെ ജിന്റോ പറഞ്ഞത്. ബിഗ് ബോസിലെ ആദ്യ വാരത്തിൽ എനിക്ക് കിട്ടുന്ന ടാഗ് എന്നത് മണ്ടൻ എന്നതാണ്.

അത് കിട്ടിയപ്പോഴെ എനിക്ക് അച്ചീവ് ചെയ്തേ പറ്റുള്ളൂവെന്ന് തീരുമാനിച്ചതാണ്. പിന്നെ എവിടെ നിന്നോ ഒരു അദൃശ്യ കൈ പിടിച്ച് കയറാനായിട്ട് കിട്ടി. കയറി വാ മക്കളേയെന്ന് പറഞ്ഞ് ഞാൻ എല്ലാവർക്കും കൈ കൊടുത്തിട്ടുണ്ട്. അതൊക്കെ കൊണ്ടാകാം ഈ വിജയം. ഞാൻ ചെയ്ത നന്മകൾക്കുള്ള പ്രതിഫലമാകുമിത്. കാരണവന്മാരുടെ അനുഗ്രഹമാകും. എങ്ങനെയോ ഞാൻ ഇവിടെ എത്തി. ആദ്യ ആഴ്ച ഞാൻ മിണ്ടാതെ ഇരിക്കുവായിരുന്നു.
കുടുതൽ അടി ഉണ്ടാക്കുകയോ ബഹളം വെയ്ക്കുകയോ ചെയ്യില്ലെന്ന് ഞാൻ അമ്മയ്ക്ക് വാക്ക് കൊടുത്തിരുന്നു. അപ്പോൾ തന്നെ ഒമ്പത് നോമിനേഷൻ എനിക്ക് കിട്ടി. പിന്നെ മനസിലായി ഇവിടെ വെറുതെ ഇരുന്നിട്ട് കാര്യമില്ല. യമുന ചേച്ചിയുടെ ചായയിൽ ഞാൻ അങ്ങ് കേറിപ്പിടിച്ചു. പിന്നെ അങ്ങോട്ട് പട പടാന്ന് പറഞ്ഞ് പൊളിക്കലായിരുന്നു.
ബിഗ് ബോസ് തരുന്ന പ്ലാനുകളിൽ പിടിച്ച് കയറാൻ പറ്റുന്നവർക്ക് വിജയിക്കാൻ പറ്റും. അതിൽ കുറച്ച് ഭാഗ്യവും ദൈവത്തിന്റെ അനുഗ്രഹവുമുണ്ട്. എനിക്കൊപ്പം ഉണ്ടായിരുന്ന ഇരുപത്തി അഞ്ച് പേരും വിജയികളാണ്. ഗെയിമേഴ്സുമാണ് എന്നാണ് കപ്പ് നേടിയശേഷം ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ ജിന്റോ പറഞ്ഞത്.


Click it and Unblock the Notifications