'ജാൻമണി ഹഗ് ചെയ്താൽ ചാരിത്രം പോകുമോ?, രതീഷ് ഒരു അപ്പുകുട്ടൻ... ദുരന്തവും ശോകവും... മലങ്കൾട്ട് ഷോ ഇറക്കുന്നു'
ബിഗ് ബോസ് മലയാളം സീസൺ ആറാണ് എങ്ങും ചർച്ചാ വിഷയം. ആറാം സീസൺ തുടങ്ങി മൂന്ന് ദിവസം മാത്രം പിന്നിടുമ്പോൾ കണ്ടന്റുകളുടെ പെരുമഴയാണ്. വീടിനുള്ളിൽ ഇപ്പോൾ രണ്ട് കോമണേഴ്സ് ഉൾപ്പടെ പത്തൊമ്പത് മത്സരാർത്ഥികളാണുള്ളത്. ഹൗസിലേക്ക് കയറിയപ്പോൾ മുതൽ ഇതുവരെയും വീടിനുള്ളിലും പുറത്തും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നൊരു പേര് അവതാരകനും ഗായകനുമെല്ലമായ രതീഷ് കുമാറിന്റേതാണ്.
തൃശൂർക്കാരനായ രതീഷാണ് ഈ മൂന്ന് ദിവസത്തിനുള്ളിൽ ഹൗസിൽ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ചത്. ജാൻമണി, അസി റോക്കി, റിഷി, ജാസ്മിൻ തുടങ്ങിയവരുമായെല്ലാം രതീഷ് ഇതിനോടകം കൊമ്പ് കോർത്ത് കഴിഞ്ഞു. സഹമത്സാർത്ഥികളുടെ പുറകെ നടന്ന് പ്രശ്നങ്ങൾ സൃഷ്ടിച്ച് സ്ക്രീൻ സ്പേസ് കണ്ടെത്തുന്ന രീതിയാണ് രതീഷിന്റേത്. പക്ഷെ വീട്ടിലുള്ളവർക്കും പ്രേക്ഷകർക്കും അതൊന്നും ദഹിച്ചിട്ടില്ല.

മുൻ സീസണുകളിലെ മത്സരാർത്ഥികളെ അനുകരിച്ചാണ് വീട്ടിൽ രതീഷ് പ്രവർത്തിക്കുന്നതെന്നാണ് ഭൂരിഭാഗം പ്രേക്ഷകരുടെയും അഭിപ്രായം. ഇപ്പോഴിതാ രതീഷിന്റെ ഇതുവരെയുള്ള പ്രകടനം വിലയിരുത്തി സീരിയൽ താരം മനോജ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. മനൂസ് വിഷൻ എന്ന യുട്യൂബ് ചാനലിലാണ് ബിഗ് ബോസ് സീസൺ ആറിനെ കുറിച്ചും മത്സരാർത്ഥികളെ കുറിച്ചുമുള്ള അഭിപ്രായം മനോജ് പങ്കിട്ടത്.
രതീഷ് ഒരു അപ്പുകുട്ടനാണെന്നും ദുരന്തവും ശോകവുമാണ് താരത്തിന്റെ പ്രകടനമെന്നും മലങ്കൾട്ട് ഷോ ഇറക്കുന്നതായാണ് തോന്നിയതെന്നുമാണ് മനോജ് പറഞ്ഞത്. സീസൺ ആറിന്റെ പ്രെഡിക്ഷൻ ലിസ്റ്റിൽ മനോജും ഭാര്യ ബീന ആന്റണിയും ഉൾപ്പെട്ടിരുന്നു. ഒട്ടുമിക്ക സീരിയൽ പ്രേമികളും ഇരുവരും കപ്പിളായി മത്സരിക്കാനെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു.
പുതിയ വീഡിയോയിൽ തങ്ങൾ ബിഗ് ബോസിൽ പങ്കെടുക്കാതിരുന്നതിന്റെ കാരണവും മനോജ് വെളിപ്പെടുത്തി. നടന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... 'പ്രേക്ഷകർ ഒരുപാട് പേർ ചോദിച്ചിരുന്നു എന്താണ് ബിഗ് ബോസിൽ പങ്കെടുക്കാതിരുന്നത്?. വേണ്ടെന്ന് വെച്ചതാണോ എന്നൊക്കെ. കാരണം ബീനയുടെ പേരൊക്കെ പ്രെഡിക്ഷൻ ലിസ്റ്റിലുണ്ടായിരുന്നു. അവസാന നിമിഷം പിന്മാറിയതാണെന്നും റിപ്പോർട്ട് വന്നിരുന്നു. എന്നാൽ അതൊന്നുമല്ല സത്യം.'
'എനിക്കും ബീനയ്ക്കും കോൾ വന്നിട്ടില്ല. വിളിക്കാതെ പോകാൻ പറ്റില്ലല്ലോ. അങ്ങനെ വിളി വന്നാലും നന്നായി ആലോചിച്ചിട്ടേ ഞങ്ങൾ ശമ്പളത്തിന്റെ കാര്യത്തിലൊക്കെ ഒരു സാറ്റിസ്ഫാക്ഷൻ വേണമല്ലോ. അതുപോല ബിഗ് ബോസിലേക്ക് പോകുന്നത് തന്നെ ജീവിതം പണയം വെച്ചിട്ടുള്ള കളിയുമാണ്. അതിനാൽ നന്നായി ആലോചിച്ചിട്ടെ പോകു.'

'ഇനി ബിഗ് ബോസിലെ മത്സരാർത്ഥികളിലേക്ക് വന്നാൽ ഹൗസിലെ രതീഷ് കുമാറിന്റെ പ്രകടനം കാണുമ്പോൾ അപ്പുകുട്ടനെയാണ് ഓർമ വന്നത്. അതുപോലെ മത്സരാർത്ഥികളിൽ പലരും പഠിച്ചും മറ്റുള്ളവരുടെ ഉപദേശം കേട്ടും വന്നത് പോലെയാണ് തോന്നുന്നത്. ഷോയിൽ വരുമ്പോൾ തന്നെ ഞാൻ ജേതാവാകും എന്നുള്ള തരത്തിലുള്ള ചിന്തകൾ വന്നാൽ അതൊരു ഫൂളിഷ്നെസ്സാണ്. സ്വഭാവികമായാണ് എല്ലാം സംഭവിക്കേണ്ടത്.'
'രതീഷ് കഴിഞ്ഞ സീസണിലെ ആളുകളുടെ രീതി അരച്ച് കലക്കി കുടിച്ച് വന്ന് പെരുമാറുന്നത് പോലെയാണ് തോന്നുന്നത്. സ്പേസ് പിടിക്കാൻ തോന്നുന്നത് പോലെ മലങ്കൾട്ടായിട്ടാണ് തോന്നിയത്. അതുപോലെ ജാൻമണിയുമായി രതീഷിനുണ്ടായ പ്രശ്നം വളരെ മോശമായി തോന്നി. രതീഷ് ജാൻമണിയുമായി ഉണ്ടാക്കിയ പ്രശ്നത്തിനിടെ പറഞ്ഞ കാരണം കേട്ട് ചിരി വന്നു.'
'പലതും ആവശ്യമില്ലാത്ത കാറലായിരുന്നു. പറയുന്നതിന് ഔചിത്യം വേണം ഇങ്ങനെ വെറുപ്പിക്കരുത് രതീഷേ... ജാൻമണി ഹഗ് ചെയ്തതിന്റെ പേരിലും പ്രശ്നമുണ്ടാക്കുന്നത് കണ്ടു. സെൽഫ് റെസ്പെക്ട് പോലും രതീഷിന് ഇല്ലാത്തത് പോലെ തോന്നി.'
'ജാൻമണി ഹഗ് ചെയ്താൽ നിങ്ങളുടെ ചാരിത്രം പോകുമോ രതീഷേ?. മാന്യനാണെന്ന് കാണിച്ച് കണ്ടെന്റുണ്ടാക്കാൻ നോക്കുന്നത് പോലെയാണ് രതീഷിന്റെ പെരുമാറ്റം. ദുരന്തവും ശോകവുമായാണ് തോന്നിയതെന്നാണ്', രതീഷിന്റെ പ്രകടനത്തെ വിലയിരുത്തി മനോജ് പറഞ്ഞത്.


Click it and Unblock the Notifications