'പ്രെഷറുണ്ടെങ്കിൽ വീട്ടിൽ ഇരിക്കണം ഞങ്ങളെ ശല്യപ്പെടുത്താൻ വരരുത്'; വീക്കെന്റ് എപ്പിസോഡിൽ ലാലേട്ടൻ ചുമ്മാ തീ!
ബിഗ് ബോസ് മലയാളം സീസൺ ആറ് തുടങ്ങി വെറും അഞ്ച് ദിവസത്തിനുള്ളിൽ തന്നെ വലിയ ചർച്ചയായി മാറി കഴിഞ്ഞു. ഒന്നാം ദിവസം മുതൽ ഇതുവരെയും നിരവധി വഴക്കുകളും ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം സംഭവിച്ചു. ഇപ്പോൾ ഹൗസിൽ 19 പേരാണ് മത്സരാർത്ഥികളായുള്ളത്. അവരിൽ എട്ടുപേർ നോമിനേഷൻ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. അവതാരകനായ മോഹൻലാൽ വരുന്ന ശനി, ഞായർ ദിവസങ്ങളിലെ എപ്പിസോഡുകളിലാണ് എവിക്ഷൻ പ്രക്രിയയും ഇതുവരെയുള്ള ദിവസങ്ങളിലെ മത്സരാർത്ഥികളുടെ പ്രകടനങ്ങളും വിലയിരുത്തപ്പെടുക.
ലോഞ്ച് എപ്പിസോഡ് മുതൽ ഇതുവരെയുള്ള ദിവസങ്ങളിൽ സംഭവബഹുലമായ ഒരുപാട് കാര്യങ്ങൾ നടന്നു. അവയിൽ മത്സരാർത്ഥികൾ തമ്മിലുണ്ടായ പല പ്രശ്നങ്ങളും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടേണ്ടതും മറ്റ് ചിലത് ഇനി ഒരിക്കലും ആവർത്തിക്കാൻ പാടില്ലെന്ന തരത്തിൽ താക്കീത് നൽകേണ്ടവയുമാണ്.

അതുകൊണ്ട് തന്നെ ലാലേട്ടൻ വീക്കെന്റ് എപ്പിസോഡിൽ വരുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. ഇപ്പോഴിതാ മോഹൻലാൽ ഒരാഴ്ചയ്ക്ക് ശേഷം മത്സരാർത്ഥികളെ കാണാൻ എത്തിയതിന്റെ ഏറ്റവും പുതിയ പ്രമോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. പതിവിൽ നിന്നും വിപരീതമായി അത്ര ഹാപ്പി മൂഡിലൊന്നുമല്ല മത്സരാർത്ഥികളെ കാണാൻ മോഹൻലാൽ എത്തിയിരിക്കുന്നത്.
പൊതുവെ ആദ്യ ആഴ്ചയിലൊന്നും അവതാരകന് മത്സരാർത്ഥികളോട് പൊട്ടിതെറിക്കേണ്ട അവസ്ഥ വരാറില്ല. മൂന്ന് ആഴ്ചയൊക്കെ പിന്നിട്ട് കളി മുറുകി തുടങ്ങുമ്പോഴാണ് അത്തരം സന്ദർഭങ്ങൾ ഉണ്ടാകാറ്. എന്നാൽ ഈ സീസണിൽ ലാലേട്ടൻ ആദ്യത്തെ വീക്കെന്റ് എപ്പിസോഡിൽ തന്നെ കലിപ്പാണ്.
എന്താണ് ഈ ഗെയിമെന്ന് ആർക്കും മനസിലായിട്ടില്ലെന്ന് പറഞ്ഞുകൊണ്ടാണ് മോഹൻലാൽ സംസാരിച്ച് തുടങ്ങുന്നത്. ബിഗ് ബോസ് ഗെയിമിനെ കുറിച്ച് ചോദിച്ചപ്പോൾ മോഹൻലാലിന് മത്സരാർത്ഥികളായ അസി റോക്കിയും രതീഷ് കുമാറും മറുപടി നൽകുന്നുണ്ട്. എന്റർടെയ്ൻമെന്റ്, എജ്യൂക്കേറ്റ് എന്നായിരുന്നു റോക്കിയുടെ മറുപടി. അതിന് അതൊക്കെയാണോ ചെയ്യുന്നത് എന്നാണ് ലാലേട്ടൻ തിരിച്ച് ചോദിച്ചത്. രതീഷ് കുമാറും ലാലേട്ടന് മറുപടി നൽകുന്നുണ്ട്.
പക്ഷെ അതിലൊന്നും തൃപ്തനാകാതെ തഗ് അടിക്കുകയാണ് മോഹൻലാൽ ചെയ്തത്. മാത്രമല്ല മറുപടി പറയുന്നതിനിടയിൽ രതീഷ് ചിരിച്ചപ്പോഴും മോഹൻലാൽ ശാസിച്ചു. ജാൻമോണി സിഗരറ്റ് അടുക്കളയിലെ സ്റ്റൗവ്വിൽ നിന്നും കത്തിച്ചപ്പോൾ എന്തിനാണ് ഇമോഷണലായി പെരുമാറിയതെന്നും വീട് കത്തിപോകുമോയെന്നും രോഷത്തോടെ മോഹൻലാൽ രതീഷിനോട് ചോദിച്ചു.

അത് ചെയ്യാൻ പാടില്ലാത്ത കാര്യമല്ലേ... എന്നായിരുന്നു രതീഷിന്റെ മറുപടി. അപ്പോൾ നിങ്ങൾ ഹൗസിൽ ചെയ്യുന്നതെല്ലാം ചെയ്യാൻ പറ്റുന്ന കാര്യങ്ങളാണോ എന്നാണ് ലാലേട്ടൻ ചോദിച്ചത്. കൂടാതെ പ്രെഷറുണ്ടെങ്കിൽ വീട്ടിൽ ഇരിക്കണം... ഞങ്ങളെ ശല്യപ്പെടുത്താൻ വരരുതെന്നും രതീഷിനോട് മോഹൻലാൽ പറഞ്ഞു. രതീഷിനോട് പൊട്ടിത്തെറിക്കുന്ന മോഹൻലാലിന്റെ പ്രമോ അതിവേഗത്തിൽ വൈറലായി.
പ്രമോയും ലാലേട്ടന്റെ പ്രമോയും പ്രേക്ഷകർക്ക് ബോധിച്ചുവെന്നത് വീഡിയോയുടെ കമന്റ് സെക്ഷനിൽ നിന്നും തന്നെ വ്യക്തമാണ്. ഇതാണ് ബിഗ് ബോസ് പ്രേക്ഷകർ സീൻ, രതീഷിന് കിട്ടേണ്ടത് കിട്ടി ലാലേട്ടൻ ഓൺ ഫയർ, ലാലേട്ടൻ തുടക്കത്തിൽ തന്നെ ഫയറാണല്ലോ ഇവരുടെയൊക്കെ അടുത്ത് ഇങ്ങനെതന്നെ നിൽക്കണം, ഇതാണ് ലാലേട്ടാ ഞങ്ങൾ കാണാൻ ആഗ്രഹിച്ചത് എന്നിങ്ങനെയാണ് കമന്റുകൾ.
അതേസമയം തുടക്കം മുതൽ ഇതുവരെയും ഒരു നിമിഷം പോലും വിശ്രമിക്കാതെ കണ്ടന്റുണ്ടാക്കിയ മത്സാരർത്ഥിയാണ് രതീഷ്. പക്ഷെ അവയിൽ പലതും അനാവശ്യമായിരുന്നുവെന്നതാണ് പ്രേക്ഷകരിൽ പോലും രതീഷിന് ഹേറ്റേഴ്സുണ്ടാകാൻ കാരണം.
മറ്റുള്ളവർക്ക് പറയാനുള്ളത് പോലും കേൾക്കാതെ അനാവശ്യ കാര്യങ്ങൾ ഊതിപ്പെരുപ്പിക്കുന്നതാണ് രതീഷിന്റെ രീതി. അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഷോയ ക്വിറ്റ് ചെയ്യുന്നുവെന്ന് പ്രഖ്യാപിച്ച് പെട്ടിയുമായി ഹൗസിൽ നിന്നും രതീഷ് ഇറങ്ങിപ്പോയതും വൈറലായിരുന്നു.


Click it and Unblock the Notifications











