'നിർഭാഗ്യം കൊണ്ട് ഇതെല്ലാം സംഭവിച്ചു... എനിക്ക് പ്രധാനം നിന്റെ ആരോഗ്യമാണ്, നീ ഇതിനോടകം വിജയിയായി കഴിഞ്ഞു'
ബിഗ് ബോസ് മലയാളം സീസൺ ആറ് തുടങ്ങിയശേഷം ഇതിനോടകം നിരവധി മത്സരാർത്ഥികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്തിരുന്നു. ആരോഗ്യപ്രശ്നങ്ങളാൽ ആശുപത്രിയിലേക്ക് മാറ്റിയവരിൽ ഏറ്റവും സീരിയസ് അവസ്ഥ അവതാരകയും നർത്തകിയുമായ പൂജ കൃഷ്ണയുടേതായിരുന്നു. ആറ് വൈല്‍ഡ് കാര്‍ഡുകള്‍ ഹൗസിലേക്ക് എത്തിയതില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയ ഒരാളായിരുന്നു പൂജ.
കനത്ത നടുവേദനയെ തുടര്‍ന്നാണ് പൂജയെ ആശുപത്രിയിലേക്ക് മാറ്റിയത്. വേദന സഹിക്കാൻ കഴിയാതെ കരഞ്ഞ പൂജയെ ബിഗ് ബോസ് ടീം ഹൗസിലേക്ക് എത്തിച്ച് സ്ട്രക്ചറിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ചെറുതായി പോലും ചലിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു പൂജ. വീക്കെന്റ് എപ്പിസോഡിൽ ലഭിച്ച ഒരു ടാസ്ക്കിൽ നന്നായി ശാരീരിക ക്ഷമത ഉപയോഗിക്കേണ്ട സാഹചര്യം പൂജയ്ക്ക് വന്നിരുന്നു.

അതേ തുടർന്നാണ് പെടുന്നനെ വീണ്ടും താരത്തിന് നടുവേദന ഉണ്ടായത്. മുമ്പും ഡിസ്ക്കുമായി ബന്ധപ്പെട്ട് അസുഖങ്ങൾ വന്നിട്ടുള്ളയാളാണ് പൂജ. ചികിത്സക്കായി രണ്ട് ദിവസം മുമ്പാണ് പൂജയെ ബിഗ് ബോസ് ടീം ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ ആരോഗ്യസ്ഥിതി മോശമായതിനാൽ പരിപൂർണ വിശ്രമം പൂജയ്ക്ക് ആവശ്യമാണ്. അതുകൊണ്ട് തന്നെ പൂജ ഷോയിൽ നിന്നും പിന്മാറി എന്നാണ് റിപ്പോർട്ടുകൾ.
ബിഗ് ബോസ് ഇതുമായി ബന്ധപ്പെട്ട് മത്സരാർത്ഥികൾക്ക് അറിയിപ്പും നൽകി കഴിഞ്ഞു. വലിയ പ്രതീക്ഷയോടെയും പരിശ്രമത്തിലൂടെയുമാണ് പൂജ സീസൺ ആറിൽ മത്സരിക്കാനെത്തിയത്. ഇപ്പോഴിതാ പൂജയെ കുറിച്ച് കാമുകൻ സോഷ്യൽമീഡിയയിൽ പങ്കിട്ട കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. നിർഭാഗ്യം കൊണ്ടാണ് എല്ലാം സംഭവിച്ചതെന്നും തനിക്ക് ഏറ്റവും പ്രധാനം പൂജയുടെ ആരോഗ്യമാണെന്നും കാമുകൻ അഖിൽ കുറിച്ചു.
ഹൗസിൽ വേദന കൊണ്ട് പുളയുമ്പോഴും കാമുകന് കൊടുക്ക വാക്ക് പാലിക്കാൻ സാധിച്ചില്ലല്ലോയെന്ന് പറഞ്ഞാണ് പൂജ ഏറെയും വിഷമിച്ചതും കരഞ്ഞതും. 'അവളോട് സ്നേഹവും കരുതലും പിന്തുണയും പങ്കുവെച്ച നിങ്ങൾ ഓരോരുത്തരോടും നന്ദി പറയാൻ ഈ നിമിഷം ഞാൻ ആഗ്രഹിക്കുന്നു. അവളെ കുറിച്ച് അന്വേഷിച്ച് ഇപ്പോഴും ധാരാളം സന്ദേശങ്ങളും ഇ-മെയിലുകളും കോളുകളും ലഭിക്കുന്നുണ്ട്. അത് വളരെ വലുതാണ്.'
'എല്ലാവരോടും ആത്മാർത്ഥമായ സ്നേഹവും നന്ദിയും അറിയിക്കുന്നു. അവൾ സുഖം പ്രാപിച്ച് ആശുപത്രിയിൽ തുടരുകയാണ്. ക്ഷമിക്കണം എനിക്ക് ഇപ്പോൾ കൂടുതൽ വിശദാംശങ്ങൾ നൽകാൻ കഴിയില്ല. എൻ്റെ ബേബി പൂജയോട് എനിക്ക് പറയാനുള്ളത്... ദയവായി വിഷമിക്കരുത്... നിർഭാഗ്യവശാൽ ചിലത് സംഭവിച്ചു. അൽപ്പം വിശ്രമിക്കാനുള്ള സമയമാണിത്.'

'നിന്റെ ആരോഗ്യം മറ്റെന്തിനേക്കാളും എനിക്ക് പ്രധാനമാണ്. എന്നെ സംബന്ധിച്ചിടത്തോളം നീ ഇതിനകം തന്നെ ബിഗ് ബോസ് സീസൺ ആറിലെ വിജയിയും മികച്ച മത്സരാർത്ഥിയുമാണ്. എൻ്റെ കാഴ്ചപ്പാടിൽ ഏറ്റവും യോഗ്യയായ വിജയി നീയാണ്. നീ പലരുടെയും ഹൃദയം കീഴടക്കി. അവർ ഇപ്പോൾ നിന്റെ നല്ല ആരോഗ്യത്തിനും നിന്റെ മനോഹരമായ പുഞ്ചിരിക്കും വേണ്ടി കാത്തിരിക്കുകയാണ്. അതിനാൽ വിഷമിക്കേണ്ട. നീ ഇപ്പോൾ സുരക്ഷിതയാണ്.'
'എല്ലാം ശരിയാകും. നിന്റെ പോസിറ്റീവ് എനർജിയും സന്തോഷവും കൊണ്ട് നീ മടങ്ങിവരുന്നതിനായി ഞങ്ങൾ എല്ലാവരും കാത്തിരിക്കുകയാണ്. നിന്നെ ഞാൻ സ്നേഹിക്കുന്നു', എന്നാണ് പൂജയെ കുറിച്ച് കാമുകൻ അഖിൽ സോഷ്യൽമീഡിയയിൽ കുറിച്ചത്. ആറ് വൈല്‍ഡ് കാര്‍ഡുകള്‍ എത്തിയതില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയ ഒരാളായിരുന്നു പൂജ.
യുട്യൂബ് അഭിമുഖങ്ങളിലൂടെ പ്രേക്ഷകരുടെ പരിചിത മുഖമായ പൂജ ഇതുവരെയുള്ള ഷോ കണ്ട് കൃത്യമായ വിലയിരുത്തലുകളോടെയാണ് എത്തിയിരുന്നത്. സിബിനൊപ്പം പവര്‍ ടീമിന്‍റെ തീരുമാനങ്ങളില്‍ കാര്യമായ പങ്ക് വഹിച്ചിരുന്നു പൂജ. സ്വന്തം ടീം അംഗങ്ങളുടെയും തെറ്റുകള്‍ ചൂണ്ടിക്കാട്ടിയിരുന്ന പൂജ സഹമത്സരാര്‍ഥികള്‍ക്കിടയില്‍ പൊതുവില്‍ സ്വീകാര്യത നേടിയിരുന്നു. അതേസമയം പൂജ കൂടി പോകുന്നതോടെ നല്ലൊരു മത്സരാർത്ഥിയെയാണ് ബിബി6ന് നഷ്ടമാകുന്നത്.


Click it and Unblock the Notifications