അർജുന് വോട്ടുണ്ട്, പക്ഷെ കണ്ടന്റ് എവിടെ?; എങ്ങനെ രണ്ടാം സ്ഥാനം ലഭിച്ചു; കാരണങ്ങൾ ഇവയാകാം
ബിഗ് ബോസ് ആറാം സീസണിൽ അപ്രതീക്ഷിതമായി പലരും ടോപ് ടെന്നിലേക്കും ടോപ് ഫൈവിലേക്കും എത്തിയെന്ന് പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്. ഇതിന് ഉദാഹരണമായി പലരും ചൂണ്ടിക്കാണിച്ചത് അഭിഷേക് ശ്രീകുമാർ, അർജുൻ, ശ്രീതു, സായി കൃഷ്ണ തുടങ്ങിയവർ ഷോയിൽ തുടർന്നതാണ്. ഇവരിൽ അർജുനൊഴികെ എല്ലാവരും ഓരോ ഘട്ടങ്ങളിലായി പുറത്തായി. നാലാം റണ്ണർ അപ്പായാണ് അഭിഷേക് പുറത്തിറങ്ങിയത്. എന്നാൽ അർജുൻ രണ്ടാം സ്ഥാനത്തേക്ക് എത്തിയത് ചിലരെയെങ്കിലും ആശ്ചര്യപ്പെടുത്തുന്നുണ്ട്.
സ്വന്തം നെഗറ്റീവും പോസിറ്റീവും തുറന്ന് കാണിക്കാൻ പല മത്സരാർത്ഥികളും ഈ സീസണിൽ തയ്യാറായിട്ടുണ്ട്. ജാന്മണി, അപ്സര തുടങ്ങിവരെല്ലാം ഇതിന് ഉദാഹരണമാണ്. എന്നാൽ അർജുന്റെ കാര്യത്തിൽ അങ്ങനെയല്ല. അർജുനെ പൂർണമായും മനസിലാക്കാൻ പലപ്പോഴും കഴിഞ്ഞിട്ടില്ലെന്ന് പ്രേക്ഷകരിൽ പലരും പറയുന്നുണ്ട്. സേഫ് ഗെയിമാണ് പലപ്പോഴും കളിച്ചത്. കണ്ടന്റ് മേക്കറെന്ന നിലയിൽ നോക്കിയാൽ ജാസ്മിനും ജിന്റോയ്ക്കും എത്രയോ താഴെയാണ് അർജുൻ.

അതേസമയം ചില ടാസ്കുകൾ എന്റർടെയ്നിംഗ് ആക്കാൻ അർജുന് കഴിഞ്ഞു. ആകെ എടുത്ത് പറയാനുള്ള കണ്ടന്റ് ശ്രീതുവുമായുള്ള കോംബോയാണ്. ഈ കോബോയ്ക്കാണെങ്കിൽ അവസാന ഘട്ടത്തിൽ പ്രേക്ഷകർക്ക് മടുത്തിരുന്നു. കണ്ടന്റായി കാര്യമായൊന്നും ശ്രീതു-അർജുൻ കോംബോയിൽ നിന്ന് വന്നിട്ടില്ല. ഈ സീസണിലെ മിക്ക മത്സരാർത്ഥികളെയെടുത്താലും അവരുടെ സ്വഭാവ സവിശേഷതകളെക്കുറിച്ച് പ്രേക്ഷകർക്ക് എടുത്ത് പറയാനുണ്ടാവും.
എന്നാൽ അർജുന്റെ കാര്യത്തിൽ അതും ഇല്ലെന്ന് വിമർശകർ പറയുന്നു. തുടക്കത്തിൽ ഹൈപ് ഉണ്ടായെങ്കിലും പിന്നീട് അർജുന്റെ ഗ്രാഫ് കുറഞ്ഞെന്നത് യാഥാർത്ഥ്യമാണ്. പ്രത്യേകിച്ചും വൈൽഡ് കാർഡ് എൻട്രികൾ വന്ന സമയത്ത്. പിന്നീട് അർജുന് തുണയായത് ശ്രീതുവുമായുള്ള കോംബോ മാത്രമാണ്. ഷോ പരിശോധിക്കുമ്പോൾ അർജുനെ ഫൈനലിൽ തുണച്ചത് ജാസ്മിന്റെയും ജിന്റോയുടെയും വിമർശകരാണ്. ഇവരുടെ ഹേറ്റേഴ്സിന്റെ വോട്ട് അർജുനിലേക്കെത്തി.

ജാസ്മിനും ജിന്റോയ്ക്കും നേരെ വിമർശനം ഉന്നയിച്ച് വലിയാെരു പ്രേക്ഷക വിഭാഗം പുറത്തുണ്ട്. ഇവരുടെ വോട്ട് അർജുനിലേക്ക് എത്തിയെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായം. ജാസ്മിനൊഴിച്ച് പ്രശ്നക്കാരായ എല്ലാവരും തുടക്കം മുതൽ എവിക്ടായ സീസണാണിത്.
രതീഷ്, ജാന്മണി, ഗബ്രി തുടങ്ങിയവരെല്ലാം ഇതിന് ഉദാഹരണമാണ്. ഇഷ്ടപ്പെടാത്ത മത്സരാർത്ഥികളെ പുറത്താക്കാനുള്ള ആവേശത്തിൽ പലരും രക്ഷപ്പെട്ടു. പവർ റൂമും തുണയായി. അതേസമയം ഇതുവരെയുള്ള അർജുന്റെ ഗെയിമിനെ പൂർണമായും തള്ളിക്കളയാൻ പറ്റില്ല.
പ്രേക്ഷകരുടെ പിന്തുണയാണ് അർജുനെ ഈ സ്ഥാനം വരെ എത്തിച്ചത്. അനാവശ്യമായ പ്രശ്നങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കാൻ അർജുൻ ശ്രദ്ധിച്ചു. എല്ലാവരോടും നല്ല രീതിയിൽ പെരുമാറി. ദേഷ്യം നിയന്ത്രിച്ചു. ഫാമിലി വീക്കിൽ അർജുനെയും കുടുംബത്തെയും പ്രേക്ഷകർക്ക് കൂടുതൽ ഇഷ്ടപ്പെട്ടു. അർജുൻ ജീവിതത്തിൽ കടന്ന് വന്ന പ്രതിസന്ധി ഘട്ടങ്ങളും പ്രേക്ഷക പിന്തുണയ്ക്ക് കാരണമായി. മോഡലായ അർജുന് ജീവിതത്തിലും കരിയറിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ ബിഗ് ബോസിന് ശേഷം സാധിക്കുമെന്നുറപ്പാണ്.


Click it and Unblock the Notifications