'ടാസ്ക്കിനിടെ പൊരിഞ്ഞ വഴക്ക്... ജാസ്മിനെ രസ്മിൻ അടിച്ചു... ഹെൽമെറ്റ് അടക്കം തെറിച്ചുപോയി'; കിച്ചണിൽ നടന്നത്!
ബിഗ് ബോസ് മലയാളം സീസൺ ആറ് അറുപത് ദിവസം പിന്നിടുമ്പോൾ വീട്ടിൽ പതിനഞ്ച് മത്സരാർത്ഥികളാണ് അവശേഷിക്കുന്നത്. ഗബ്രി ജോസാണ് ഏറ്റവും അവസാനം ഷോയിൽ നിന്നും പുറത്തായ മത്സരാർത്ഥി. അതേസമയം ഹൗസിൽ ഇപ്പോൾ ബിബി ഹോട്ടൽ ടാസ്ക്കാണ് നടക്കുന്നത്. അതിന്റെ ഭാഗമായി ഗസ്റ്റുകളായി സീസൺ ഒന്നിലെ മത്സരാർത്ഥികളായ സാബുമോൻ അബ്ദു സമദും ശ്വേത മേനോനും ഹൗസിലേക്ക് എത്തിയിട്ടുണ്ട്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഹോട്ടല്‍ ടാസ്കില്‍ ഗെയിം ചേഞ്ചിംഗ് നടത്താനുള്ള പ്ലാനുമായാണ് ശ്വേത ഹൗസിലേക്ക് എത്തിയിരിക്കുന്നത്.
അതേസമയം ഇപ്പോഴിതാ ശ്വേത വന്നശേഷം വീട്ടിൽ ഒരു അടി നടന്നുവെന്നുള്ള റിപ്പോർട്ടാണ് പുറത്തുവരുന്നത്. അടുത്ത സുഹൃത്തുക്കളായിരുന്ന ജാസ്മിനും രസ്മിനും തമ്മിലാണ് കയ്യാങ്കളി നടന്നിരിക്കുന്നത്. ജാസ്മിനെ രസ്മിൻ അടിച്ചതായും ലൈവ് കണ്ട പ്രേക്ഷകർ സോഷ്യൽമീഡിയയിൽ കുറിക്കുന്നു. ഹോട്ടൽ ടാസ്ക്കിന്റെ രണ്ടാം ദിവസമായ ഇന്ന് റോബോട്ടായാണ് ജാസ്മിൻ വേഷമിട്ടിരിക്കുന്നത്.

അതുകൊണ്ട് തന്നെ ഗസ്റ്റായ ശ്വേതയും സാബുവും പറയുന്ന കാര്യങ്ങൾ അക്ഷരംപ്രതി അനുസരിക്കുക എന്നതാണ് ജാസ്മിൻ ചെയ്യേണ്ടത്. അതിനാൽ തന്നെ എല്ലാവരോടും ലിവിങ് ഏരിയയിൽ വന്ന് ഇരിക്കാൻ പറയാൻ ശ്വേത ജാസ്മിനോട് ആവശ്യപ്പെട്ടു. പക്ഷെ പലതവണ പറഞ്ഞിട്ടും രസ്മിനും സംഘവും ജാസ്മിന്റെ വാക്കുകൾ അനുസരിക്കാൻ കൂട്ടാക്കിയില്ല. ഇതോടെ കിച്ചണിൽ കയറി ഗ്യാസ് ഓഫ് ചെയ്യാൻ ജാസ്മിൻ ശ്രമിച്ചു.
നേരത്തെ ടാസ്കിലെ കിച്ചന്‍ ടീം രാജിവെച്ചതിനാല്‍ രസ്മിൻ അടക്കം ഉൾപ്പെടുന്ന പവര്‍ ടീമാണ് പാചകം ചെയ്യുന്നത്. ജാസ്മിൻ ഗ്യാസ് ഓഫ് ചെയ്തതോടെ രസ്മിൻ പ്രകോപിതയായി. ഉടൻ ജാസ്മിനെ രസ്മിന്‍ തള്ളിമാറ്റുകയും അടിക്കുകയും ചെയ്തുവെന്നാണ് ലൈവില്‍ വ്യക്തമായത്. ജാസ്മിന്‍റെ റോബോ ഹെല്‍മറ്റും പൊട്ടി. ഇതോടെ ബിഗ് ബോസ് ഇടപെട്ട് എല്ലാവരോടും ലിവിങ് റൂമില്‍ വരാന്‍ പറഞ്ഞു.
ജാസ്മിന്‍ കരയുന്നുണ്ടായിരുന്നു. രസ്മിനും കരയുന്ന അവസ്ഥയിലായി. ഒടുക്കം ലിവിങ് റൂമിലിരുന്നു ജാസ്മിനും നോറയും തമ്മില്‍ വലിയ പ്രശ്നം ഉടലെടുത്തു. അതോടെ രസ്മിന്‍ ബാത്ത് റൂമിലേക്ക് പോയി. ബിഗ് ബോസ് ഇതോടെ ജാസ്മിനേയും റസ്മിനേയും കണ്‍ഫഷന്‍ റൂമിലേക്ക് വിളിപ്പിച്ചു. അവിടെ ഇരുവരും തമ്മില്‍ മാപ്പ് പറഞ്ഞ് കെട്ടിപ്പിടിച്ചു. പൊറുക്കാന്‍ പറ്റാത്ത തെറ്റാണെങ്കിലും ലാസ്റ്റ് വാണിംഗ് നല്‍കി വിടുന്നുവെന്ന് ബിഗ് ബോസ് പറഞ്ഞു.
ഇരുവരും ഏറെ നേരം കൺഫഷൻ റൂമിലിരുന്ന് കെട്ടിപിടിച്ച് കരഞ്ഞു. ജാസ്മിൻ-രസ്മിൻ വഴക്കിന്റെ വീഡിയോ വൈറലായതോടെ പ്രേക്ഷകരും രസ്മിൻ ചെയ്തത് ഫിസിക്കൽ അസാൾട്ടാണെന്ന് പറഞ്ഞ് രംഗത്ത്. ഈ സീസണിൽ തന്നെ സിജോയുടെ മുഖത്ത് ഇടിച്ചതിന്റെ പേരിൽ അസി റോക്കിയെ ബിഗ് ബോസ് ഷോയിൽ നിന്നും പുറത്താക്കിയിരുന്നു.

അന്ന് സിജോയും അസി റോക്കി അടിച്ചതിൽ തനിക്ക് പരാതിയില്ലെന്നാണ് പറഞ്ഞത്. എന്നിട്ടും രസ്മിനെ മാത്രം എന്തിന് മാപ്പ് കൊടുത്ത് ഹൗസിൽ തുടരാൻ അനുവദിക്കുന്നുവെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രസ്മിനും ജാസ്മിനും തമ്മിലുള്ള സൗഹൃദത്തിൽ പൊട്ടലും ചീറ്റലും ഉണ്ടാകുന്നുണ്ട്. ഗബ്രി പുറത്താകുന്നതിന് തലേദിവസം വരെ ചെറിയ പ്രശ്നങ്ങൾ നടന്നിരുന്നു.
ഗബ്രി പുറത്തായശേഷം ജാസ്മിനുമായി അധികം സൗഹൃദം രസ്മിൻ പലർത്തുന്നില്ല. ഗബ്രിയും ജാസ്മിനും കാരണമാണ് തനിക്ക് ഇത്രയേറെ നെഗറ്റീവ് പുറത്തുണ്ടായതെന്ന് അറിഞ്ഞശേഷമാണ് രസ്മിൻ ജാസ്മിനുമായി അകലം പാലിച്ച് തുടങ്ങിയത്. രസ്മിന് ഇപ്പോൾ നോറയുമായാണ് ഏറ്റവും കൂടുതൽ സൗഹൃദം.
അതേസമയം മുമ്പ് നടന്ന എല്ലാ ടാസ്ക്കുകളെയും പോലെ തന്നെ ഈ ഹോട്ടൽ ടാസ്ക്കും മത്സരാർത്ഥികൾ നശിപ്പിച്ചുവെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഇത്രയും മോശം മത്സരാത്ഥികൾ ബിബി ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും പ്രേക്ഷകർ സോഷ്യൽമീഡിയയിൽ കുറിക്കുന്നുണ്ട്. കഴിഞ്ഞ സീസണിലൊക്കെ ഏറ്റവും ഹിറ്റായ ടാസ്ക്കായിരുന്നു ഹോട്ടൽ ടാസ്ക്ക്.


Click it and Unblock the Notifications