'ക്രിഞ്ച്... ക്യാമറ സ്പേസിന് വേണ്ടി പ്രണയം അഭിനയിക്കുന്ന രണ്ടുപേർ'; ജാസ്മിൻ-ഗബ്രി പ്രണയത്തിനെതിരെ റിയാസ് സലീം
ബിഗ് ബോസ് മലയാളം സീസൺ ആറ് ഇപ്പോൾ മലയാളികൾക്കിടയിൽ ഒരു ചർച്ചാ വിഷയമായി മാറിയിരിക്കുന്നു. ആദ്യ എവിക്ഷനിലൂടെ അവതാരകനും മിമിക്രി താരവുമായ രതീഷ് കുമാർ പുറത്തായതോടെ ഹൗസിലെ മത്സരാർത്ഥികളുടെ എണ്ണം പതിനെട്ടായി. ആദ്യ ആഴ്ച പിന്നിടുമ്പോൾ വാശിയേറിയ മത്സരമാണ് ഹൗസിൽ നടക്കുന്നത്. പ്രേക്ഷകരെ പോലെ തന്നെ മുൻ സീസണുകളിലെ മത്സരാർത്ഥികളും ബിഗ് ബോസ് സീസൺ ആറ് കാണുകയും അഭിപ്രായങ്ങൾ സോഷ്യൽമീഡിയ വഴിയും യുട്യൂബ് ചാനൽ വഴിയും പങ്കിടുകയും ചെയ്യാറുണ്ട്.
അത്തരത്തിൽ സീസൺ നാലിൽ ടോപ്പ് സിക്സിലെ മത്സരാർത്ഥികളിൽ ഒരാളായി മാറിയ സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ റിയാസ് സലീമിന്റെ പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിൽ ക്യാമറ സ്പേസിന് വേണ്ടി പ്രണയ നാടകം നടക്കുന്നുവെന്നാണ് റിയാസ് സലീമിന്റെ പുതിയ പോസ്റ്റ്.

'രണ്ട് പേർ പ്രണയത്തിലാണെന്ന് അഭിനയിക്കുന്നു. ഫൂട്ടേജിന് വേണ്ടി മാത്രമാണെന്ന് വ്യക്തമാണ്. അതേസമയം തങ്ങൾ പ്രണയത്തിലല്ലെന്ന് ലോകത്തെ മുഴുവൻ പ്രതിരോധിച്ച് അവർ പറയുകയും ചെയ്യുന്നത് ബിഗ്ബോസ് ഹൗസിൽ ഔദ്യോഗികമായി ആരംഭിച്ചു. ക്യാമറകൾക്ക് മുമ്പിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള കാര്യങ്ങളെല്ലാം ചെയ്യുന്നു.'
'പരസ്പരം പ്രതിരോധിച്ചുകൊണ്ട് അവർ ലോകത്തെ രക്ഷിക്കുന്നതുപോലെ പെരുമാറുന്നു. എന്നാൽ നമുക്ക് യാഥാർത്ഥ്യമാകാം... ഇത് വളരെ ഭയാനകമാണ്. അതുപോലെ അവരുടെ മുഴുവൻ പ്രണയകഥയും പ്രണയത്തിലാകുമ്പോൾ എന്തുചെയ്യരുത് എന്നതിൻ്റെ ഒരു പാഠപുസ്തക ഉദാഹരണമാണെന്നുമാണ്', റിയാസ് സലീം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്. റിയാസ് സലീം മുകളിൽ പറഞ്ഞ കുറിപ്പിലൂടെ ഉദ്ദേശിച്ചത് ജാസ്മിൻ-ഗബ്രി കോമ്പോയെയാണ്.
തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്ന് ആവർത്തിച്ച് പറയുന്ന ഇരുവരും പക്ഷെ ഹൗസിനുള്ളിൽ ചെയ്യുന്ന കാര്യങ്ങളെല്ലാം കമിതാക്കളുടേതിന് സമമാണ്. അത് ഹൗസിനുള്ളിലെ മറ്റ് അംഗങ്ങൾ വരെ മനസിലാക്കി എതിർത്ത് തുടങ്ങി. കഴിഞ്ഞ ദിവസം ഇരുവരോടും ഇതേ കുറിച്ച് സഹമത്സരാർത്ഥി ശരണ്യ ചോദിച്ചപ്പോൾ ജാസ്മിൻ പറഞ്ഞത് തനിക്ക് ഗബ്രിയോട് കാതൽ ഇല്ലെന്നാണ്. അങ്ങനെ തോന്നിയാൽ താൻ അത് എല്ലാവരോടും പറയുമെന്നുമാണ്.
ഗബ്രിയോടുള്ളത് ഒരു സൗഹൃദം മാത്രമാണെന്നും ഹൗസിലെ തന്റെ കംഫേർട്ട് സോൺ ഗബ്രിയാണെന്നും ജാസ്മിൻ കൂട്ടിചേർത്തു. അതേസമയം കഴിഞ്ഞ ദിവസം റിഷിയുമായി ഉണ്ടായ വലിയ വഴക്കിനുശേഷം ജാസ്മിൻ പൊട്ടിക്കരഞ്ഞപ്പോൾ ഗബ്രി ആശ്വസിപ്പിക്കുന്നതും കയ്യിൽ ചുംബിക്കുന്നതുമായ വീഡിയോകൾ പുറത്ത് വന്നിരുന്നു.

തുടക്കത്തിൽ ഇരുവരും ഒറ്റയ്ക്ക് നിന്ന് കളിച്ചിരുന്ന സമയത്ത് വൻ ജനപിന്തുണ ഇരുവർക്കുമുണ്ടായിരുന്നു. എന്നാൽ ഇരുവരും കോമ്പോയായി മാറി ലവ് ട്രാക്ക് ഇറക്കി തുടങ്ങിയതോടെ പ്രേക്ഷകർക്കിടയിൽ രണ്ടുപേർക്കും നെഗറ്റീവ് ഇമേജാണ്. അതുകൊണ്ട് തന്നെ ഇരുവരും കളിക്കുന്ന ഗെയിം പോലും പ്രേക്ഷകർ ശ്രദ്ധിക്കുന്നില്ല. ഹൗസിലെ ഏറ്റവും ശക്തയായ സ്ത്രീ മത്സരാർത്ഥിയായിരുന്നു ജാസ്മിൻ.
തുടക്കത്തിൽ തന്നെ നല്ല ഫാൻ പവറുമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ജാസ്മിന്റെ സംസാരം പോലും പ്രേക്ഷകർക്ക് അരോചകമായി മാറുന്ന സ്ഥിതിയാണ്. റിഷിയുമായി ജാസ്മിനുണ്ടായ വഴക്കിനുശേഷം ഹൗസ് മുഴുവൻ ജാസ്മിനും ഗബ്രിക്കും എതിരാണ്. എല്ലാവരും റിഷിയേയാണ് പിൻതുണയ്ക്കുന്നത്. അതിന് കാരണവും ഇരുവരുടെയും കോമ്പോ കളിയാണ്. മാത്രമല്ല പവർ ടീമിനെ മാനിപ്പുലേറ്റ് ചെയ്ത് ജാസ്മിനെ ടീമിൽ എടുത്തതിനോടും ഹൗസിലെ അംഗങ്ങൾക്ക് ഗബ്രിയോട് എതിർപ്പുണ്ട്.
ഇരുവരുടെയും സൗഹൃദം അവസാനം വരെ ഉണ്ടാകുമോ അതോ റിഷിയെ പിന്നിൽ നിന്നും കുത്തിയതുപോലെ ജാസ്മിൻ ഗബ്രിയേയും പിന്നിൽ നിന്ന് കുത്തുമോയെന്ന് അറിയാനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്. പേളി-ശ്രീനിഷ് ജോഡിക്കുശേഷം പിന്നെ ഒരു സീസണിലും ഒരു പ്രണയ ജോഡിയും ഹൗസിൽ സക്സസായിട്ടില്ല.


Click it and Unblock the Notifications