റോക്കി രാവിലെ പറഞ്ഞത് അറംപറ്റി; ഷോയിൽ മുന്നോട്ട് പോകാൻ കഴിയില്ലായിരുന്നു എന്നതിന് തെളിവ്
അസി റോക്കി ബിഗ് ബോസിൽ നിന്ന് പുറത്തായതിനെക്കുറിച്ച് രണ്ട് അഭിപ്രായങ്ങൾ വരുന്നുണ്ട്. റോക്കി ശാരീരികാക്രമണം നടത്തിയത് തെറ്റാണെന്നും അർഹിക്കുന്ന നടപടിയാണിതെന്നും ഒരു വിഭാഗം പറയുന്നു. എന്നാൽ റോക്കി സിജോയുടെ തന്ത്രത്തിൽ വീണെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. എപ്പിസോഡും ലൈവും കണ്ട മിക്കവരും റോക്കിയുടെ ഭാഗത്താണ് തെറ്റെന്ന വിലയിരുത്തലിലാണ്. ബിഗ് ബോസിൽ തുടർന്ന് പോകാനുള്ള ക്ഷമയോ പക്വതയോ റോക്കിക്കില്ലെന്ന് ഇവർ പറയുന്നു. ഇതിനേറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ രാവിലെ തന്നെ നടന്ന സംഭവം.
സിജോ തന്ത്രപരമായാണ് നീങ്ങുന്നതെന്നും മുന്നോട്ട് ശ്രദ്ധിച്ച് പോകേണ്ടതുണ്ടെന്നും റോക്കി ക്യാമറയിൽ നോക്കി പറയുന്നുണ്ട്.
ബിഗ് ബോസ് വീട്ടിൽ ആൾക്കാരുടെ മുഖങ്ങൾ മാറിക്കൊണ്ടിരിക്കുകയാണെന്ന് റോക്കി ചൂണ്ടിക്കാട്ടി. ഓരോ പുഞ്ചിരിയിലും വഞ്ചനയുണ്ട്. ഓരോ ചുവട് വെപ്പും വളരെ ശ്രദ്ധിച്ച് വെച്ചില്ലെങ്കിൽ ചതിയിൽ അകപ്പെട്ട് പോകും, സിജോ തുടക്കത്തിൽ ഇവിടെ വന്നപ്പോൾ എന്റെ നല്ല സുഹൃത്താണെന്ന് കണക്കാക്കിയ ആളാണ് ഞാൻ. സിജോയാണ് ഹീറോ എന്ന സംസാരം സിജോയുടെ ഭാഗത്ത് നിന്നുണ്ടായി.

ബിഗ് ബോസിലുണ്ടായ ആദ്യ സമരത്തിന്റെ ക്രെഡിറ്റെടുക്കാൻ സിജോ കൈ പൊക്കിയെന്നും റോക്കി ക്യാമറയിൽ പറഞ്ഞു. ഇന്ന് മുതൽ സിജോയാണ് ഈ വീടിന്റെ ക്യാപ്റ്റൻ. ആൾക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന സിജോയുടെ നേതൃത്വത്തിലാണ് ഈ വീടിന്റെ ഭരണം. ഈ മലവെള്ളപ്പാച്ചിലിൽ ആര് വീഴും വാഴുമെന്ന് നമുക്ക് കാണാമെന്നും റോക്കി ക്യാമറയിൽ പറഞ്ഞു. എന്നാൽ ഇത്രയും ആധികാരികമായി മത്സരാർത്ഥികളെ വിലയിരുത്തിയിട്ടും ഒരു നിമിഷത്തെ എടുത്ത് ചാട്ടം കൊണ്ട് റോക്കിക്ക് ബിഗ് ബോസിന് പുറത്തേക്ക് പോകേണ്ടി വന്നു.
റോക്കിയുടെ വാക്കുകൾ അറം പറ്റിയെന്ന് പ്രേക്ഷകർ പറയുന്നു. പൊട്ടിക്കരഞ്ഞ് കൊണ്ടാണ് റോക്കി ബിഗ് ബോസിൽ നിന്നും പുറത്തേക്ക് പോയത്. എന്നാൽ റോക്കിയെ കുറ്റപ്പെടുത്തി സംസാരിക്കാനോ പരാതിപ്പെടാനോ പിന്നീട് സിജോ തയ്യാറായിട്ടില്ല. എന്റെ ഏറ്റവും നല്ല സുഹൃത്താണ്, റോക്കി. ഞാനവനെ പ്രകോപിപ്പിച്ചു എന്ന് ഇവിടെ ആരൊക്കെയോ പറയുന്നത് കേട്ടു. ഞങ്ങൾ സംസാരിക്കുമ്പോൾ ആരോഗ്യകരമായ സംസാരമേ നടക്കൂ എന്ന ഉറപ്പ് ഞങ്ങൾക്ക് രണ്ട് പേർക്കും ഉണ്ടായിരുന്നു. ദേഷ്യത്തിൽ ചെയ്ത് പോയതായിരിക്കാം.

ഞാനവനെതിരെ പരാതി ഉന്നയിച്ചിട്ടില്ല. അവനോട് ദേഷ്യമില്ല. അതിനിടെ ചിലർ കുത്തിത്തിരിപ്പുണ്ടാക്കിയത് ഭയങ്കര ബോറൻ പരിപാടിയാണെന്നും സിജോ തുറന്നടിച്ചു. റോക്കി പോയതിൽ പൊട്ടക്കരഞ്ഞ അൻസിബയെയും ഋഷിയെയും സിജോ ആശ്വസിപ്പിക്കുകയും ചെയ്തു. അൻസിബ സങ്കടം സഹിക്കാനാകാതെ ഏറെ നേരം കരഞ്ഞു. അർജുനും ഋഷിയും കരയുന്നതും കാണാം. വഴക്കുണ്ടായിട്ടുണ്ടെങ്കിലും റോക്കി തനിക്ക് പ്രിയപ്പെട്ട ആളായിരുന്നെന്ന് ഗബ്രിയും പറഞ്ഞു.
അടുക്കള വിഷയത്തിൽ സമരം ചെയ്തതിന്റെ ക്രെഡിറ്റ് സിജോ എടുത്തത് മുതൽ റോക്കിക്ക് സിജോയോട് ദേഷ്യമുണ്ടെന്ന് ജാസ്മിൻ അഭിപ്രായപ്പെട്ടു. ഒരു നിമിഷം കൊണ്ടാണ് റോക്കിയുടെ ബിഗ് ബോസ് സ്വപ്നങ്ങൾ തകർന്നടിഞ്ഞതെന്ന് അപ്സര ചൂണ്ടിക്കാട്ടി. നൂറ് ഡ്രസ് അയാൾ വാങ്ങിയിട്ടുണ്ട്. അത്രയും നേരം ഞാൻ പിടിച്ച് നിന്നു. പക്ഷെ പെട്ടി കണ്ടപ്പോൾ വിഷമമായി. അത്രയും ദിവസം ഇവിടെ നിൽക്കുമെന്ന് അയാൾക്ക് ഉറപ്പായിരുന്നു. ഒരു സെക്കന്റ് കൊണ്ട് എല്ലാം മാറിയെന്നും അപ്സര ചൂണ്ടിക്കാട്ടി. റോക്കിക്ക് യാത്രയപ്പ് നൽകാൻ പോലും മത്സരാർത്ഥികൾക്ക് കഴിഞ്ഞിട്ടില്ല.


Click it and Unblock the Notifications