'അതിഥികളായി വന്നു... കുടുംബത്തെ പോലെ പിരിയുന്നു..., നിങ്ങൾ കാരണം ബിഗ് ബോസ് ഒരു വീടായി'; അനുഭവം പങ്കിട്ട് സാബു
ബിഗ് ബോസിലെ നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളിലും സാബുമോൻ അബ്ദുസമദ് എന്ന മത്സരാർത്ഥിയുടെ സാന്നിധ്യമുണ്ടായിരുന്നു. ഒരു ഘട്ടത്തിൽ വില്ലനായി തോന്നിപ്പിച്ച സാബുവിന്റെ മറ്റൊരു മുഖമാണ് മുമ്പോട്ട് പോകും തോറും പ്രേക്ഷകർ കണ്ടത്. സൗഹൃദത്തിനും മനുഷ്യത്വത്തിനും വലിയ വില കൽപിക്കുന്ന ഏത് കാര്യത്തിലും സ്വന്തം നിലപാടുകളും അഭിപ്രായങ്ങളും ശക്തമായി പറയുന്ന തന്നെ ചൊറിയാൻ വരുന്നവരെ അതിശക്തമായി ചൊറിയുന്ന സാബു പതുക്കെ പതുക്കെ ബിഗ് ബോസ് സീസൺ ഒന്നിലെ സർവ്വവ്യാപിയായി മാറി.
ബിഗ് ബോസ് മലയാളം സീസണ്‍ വണിന്‍റെ ടൈറ്റില്‍ വിന്നര്‍ സ്ഥാനം സാബു മോന്‍ അബ്ദുസമദ് സ്വന്തമാക്കിയപ്പോൾ അത് പ്രേക്ഷകർക്കും ഏറെ ആനന്ദം പകർന്ന ഒന്നായിരുന്നു.

തന്നെ വെറുത്തവരുടെ വരെ ഇഷ്ടം പോലും പിടിച്ച് പറ്റിയതാണ് ബിഗ് ബോസ് കിരീടം നേടുന്നതിൽ സാബുവിന് നിർണായകമായത്. ഒന്നാം സീസണിൽ പങ്കെടുത്ത പതിനെട്ട് പേരും പലരീതിയിലാണ് മുന്നോട്ട് പോയതെങ്കിലും ഇവരിൽ ഏറ്റവും കൂലായി നിന്നയാൾ സാബു മോനായിരുന്നു. ഭയമില്ലാതെ കാര്യങ്ങൾ നേരിടുന്നതിനൊപ്പം സാഹചര്യങ്ങളെ മുൻകൂട്ടി കാണാനും അതിനൊത്ത് തീരുമാനങ്ങളെടുക്കാനും സാബു വിദഗ്ദ്ധനായിരുന്നു.
ബിഗ് ബോസിലെ ഒരോ വ്യക്തികളേയും കൃത്യമായി മനസിലാക്കാൻ സാധിച്ചതുമായിരുന്നു സാബുവിന്റെ പ്രധാന കരുത്ത്. അതുകൊണ്ടാണ് ബിഗ് ബോസിന്റെ അഞ്ച് സീസണുകൾ കഴിഞ്ഞെങ്കിലും ഇന്നും ഇതുവരെ വന്നിട്ടുള്ള മത്സരാർത്ഥികളിൽ ഏറ്റവും മികച്ച ഗെയിമർ സാബുമോൻ ആയിരുന്നുവെന്ന് പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞത്. ആറ് വർഷത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ ദിവസം സാബു വീണ്ടും പഴയ തട്ടകത്തിലേക്ക് വന്നു.
രണ്ടാം വരവ് പക്ഷെ സീസൺ ആറിലെ മത്സാർത്ഥികൾക്ക് ആവേശം പകരുന്ന ഗസ്റ്റായിട്ടായിരുന്നു. ബിബി ഹോട്ടൽ ടാസ്ക്കിന്റെ ഭാഗമായി സീസൺ ഒന്നിൽ നിന്നും ശ്വേത മേനോനെയും സാബുവിനെയുമാണ് ബിഗ് ബോസ് ടീം കൊണ്ടുവന്നത്. സാബുവിന്റെയും ശ്വേതയുടെയും വരവോടെ വീടും മത്സരാർത്ഥികളും ഉണർന്നു. മാത്രമല്ല ഏൽപ്പിച്ച ജോലി ഭംഗിയായും വൃത്തിയായും ചെയ്തശേഷമാണ് സാബുവും ശ്വേതയും ഹൗസിലെ രണ്ട് ദിവസത്തെ സഹവാസം അവസാനിപ്പിച്ച് പുറത്തേക്ക് ഇറങ്ങിയത്.
എല്ലാവരും നല്ല ഹൈ സ്പിരിറ്റില്‍ ഗെയിം കളിക്കുന്നുണ്ട്. നിങ്ങള്‍ എല്ലാവരും വളരെ യങ്ങായിട്ടുള്ള ആളുകളാണ്. അതിന്‍റേതായ കൂറേ പോരായ്മകള്‍ നിങ്ങള്‍ക്കുണ്ടാകും. എന്നാല്‍ നിങ്ങള്‍ സ്വയം ആര്‍ജിച്ചെടുത്ത മെച്വൂരിറ്റിയുമുണ്ട്. ഞാന്‍ ബിഗ് ബോസിലേക്ക് വരാമെന്ന് തീരുമാനിച്ചതിന്‍റെ കാരണം ഈ വീട് എന്താണെന്ന് എനിക്ക് അറിയാം. നിങ്ങള്‍ക്ക് എന്തൊക്കെ സംഭവിക്കാം എന്നുള്ളതും എനിക്ക് ഏകദേശ ധാരണയുണ്ട്.

അങ്ങനെയുള്ളപ്പോള്‍ നിങ്ങളെയൊക്കെ വന്ന് കാണുമ്പോള്‍ ഒരു രസം. ഒന്നിന്‍റെയും അളവ് കോല്‍ വെച്ച് ആരെയും ജഡ്ജ് ചെയ്യാതിരിക്കുക. അടിപൊളിയായിട്ട് മുന്നോട്ട് പോകുക എന്നാണ് സാബു ഹൗസിൽ നിന്നും തിരികെ പോകും മുമ്പ് സീസൺ ആറിലെ മത്സരാർത്ഥികളോട് പറഞ്ഞത്. ഇപ്പോഴിതാ ഹൗസിൽ നിന്നും തിരികെ വന്നശേഷം സോഷ്യൽമീഡിയയിൽ സാബു പങ്കിട്ട പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്.
അതിഥികളായി വന്നു... കുടുംബത്തെ പോലെ പിരിയുന്നു.. എന്ന് കുറിച്ചുകൊണ്ട് സീസൺ ആറിലെ മത്സരാർത്ഥികൾക്കൊപ്പമുള്ള ചിത്രമാണ് സാബു പങ്കിട്ടത്. നിങ്ങൾ കാരണം ബിഗ് ബോസ് ഒരു വീടായി എന്നാണ് പോസ്റ്റിന് താഴെ വന്ന പ്രേക്ഷകരുടെ കമന്റുകൾ.
ഈ സീസണിൽ ആകെ കണ്ട എപ്പിസോഡ് സാബു ചേട്ടനും ശ്വേത മാഡം വന്നപ്പോഴാണ്. അടിപൊളി ആയിരുന്നു... നിങ്ങൾ പോയപ്പോൾ സങ്കടം തോന്നി, ഈ സീസൺ ആത്മാർത്ഥമായി ഇഷ്ടപ്പെട്ടത് നിങ്ങൾ വന്നതിന് ശേഷമാണ് എന്നിങ്ങനെയും കമന്റുകളുണ്ടായിരുന്നു.


Click it and Unblock the Notifications