'ഇവിടെ വെച്ച് കാണുമെന്ന് പ്രതീക്ഷിച്ചില്ല, പൂമ്പാറ്റയെ സായിക്ക് പേടിയാണല്ലേ, മുഖത്ത് നിന്ന് അത് വായിച്ചു'
ബിഗ് ബോസ് മലയാളം സീസൺ ആറിലെ മത്സരാർത്ഥികൾക്ക് ഒരു സർപ്രൈസ് എന്ന പോലെയാണ് കഴിഞ്ഞ ദിവസം നടൻ ദിലീപ് ബിഗ് ബോസ് ഹൗസിൽ എത്തിയത്. പവി കെയർ ടേക്കർ എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷനായാണ് ദിലീപ് എത്തിയത്. ദിലീപ് വരുന്നതിന് മുന്നോടിയായി അദ്ദേഹം വന്നാൽ ചോദിക്കാൻ ആഗ്രഹിക്കുന്ന സിനിമയുമായി ബന്ധപ്പെട്ട കുറച്ച് ചോദ്യങ്ങൾ തയ്യാറാക്കാൻ മത്സരാർത്ഥികളോട് ബിഗ് ബോസ് ആവശ്യപ്പെട്ടിരുന്നു.
ഒരു പ്രസ്മീറ്റിന് എന്നപോലെ ഒരുങ്ങി തയ്യാറായി ഇരിക്കാനും മത്സരാർത്ഥികളോട് പറഞ്ഞിരുന്നു. എന്നാൽ ആക്ടിവിറ്റി ഏരിയയിൽ തയ്യാറായി ഇരുന്നപ്പോൾ ആരും തന്നെ ദിലീപ് നേരിട്ട് തങ്ങളെ കാണാൻ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് താരം കടന്നുവന്നപ്പോൾ എല്ലാവർക്കും ഒരു അമ്പരപ്പായിരുന്നു.

മത്സരാർത്ഥികളിൽ ഒട്ടുമിക്ക ആളുകളും ദിലീപ് സിനിമകൾ കണ്ട് വളർന്നവരാണ്. അതുകൊണ്ട് തന്നെ ജനപ്രിയ നായകനെ നേരിട്ട് കണ്ടപ്പോൾ ആ സന്തോഷവും അവർക്കുണ്ടായിരുന്നു. ദിലീപ് എല്ലാ മത്സരാർത്ഥികളുമായി സംവദിച്ചുവെങ്കിലും റിയാക്ഷൻ വീഡിയോകളും സിനിമാ റിവ്യുവും ചെയ്ത് യുട്യൂബിലൂടെ ശ്രദ്ധേയനായ സീക്രട്ട് ഏജന്റെന്ന സായ് കൃഷ്ണയുമായി നടത്തിയ സംഭാഷണം ബിഗ് ബോസ് പ്രേക്ഷകർക്കിടയിൽ വൈറലായി.
അവസാനം റിലീസ് ചെയ്ത ദിലീപ് സിനിമകളായ ബാന്ദ്ര, തങ്കമണി അടക്കമുള്ളവയുടെ റിവ്യു ചെയ്തിരുന്നു സായ്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ഒട്ടുമിക്ക ആളുകൾക്കും സായ് കൃഷ്ണയെന്ന പേര് സുപരിചിതമാണ്. കാരണം ഉണ്ണി മുകുന്ദൻ സിനിമ മാളികപ്പുറത്തിന്റെ റിവ്യു ചെയ്തതിന്റെ പേരിൽ വലിയ രീതിയിൽ സീക്രട്ട് ഏജന്റ് എന്ന പേര് ചർച്ചയായിരുന്നു.
നിർമാതാവ് സജി നന്ത്യാട്ട് അടക്കമുള്ളവർ സായ് കൃഷ്ണയ്ക്കെതിരെ രംഗത്ത് എത്തുകയും ചെയ്തിരുന്നു. താൻ എല്ലാ സിനിമയുടെയും ഫസ്റ്റ് ഡെ ഫസ്റ്റ് ഷോ കാണുന്നയാളാണെന്ന് പറഞ്ഞാണ് ദിലീപുമായി സായ് കൃഷ്ണ സംസാരിച്ച് തുടങ്ങിയത്. ഇവിടെ തന്നെ നമ്മൾ പലരും നേരിട്ട് ആദ്യമായി കാണുന്നത് ഇപ്പോഴാണ്. അതുപോലെ സായ് ഒരിക്കൽ എന്നെ കാണാൻ വേണ്ടി വന്നിരുന്നു. തങ്കമണിയുടെ ലൊക്കേഷനിലായിരുന്നു അത്. മേക്കപ്പെല്ലാം അഴിച്ച് കഴിഞ്ഞ് ഞാൻ സായ് എവിടെയെന്ന് അന്വേഷിച്ചു.
കാരണം ക്യാരക്ടർ മേക്കപ്പോടെ ആരുടെയും കൂടെ ഫോട്ടോ എടുക്കാറില്ല. ഞാൻ അന്വേഷിച്ചപ്പോൾ സായ് പോയിയെന്ന് അറിയാൻ കഴിഞ്ഞു. അപ്പോൾ ഞാൻ വിചാരിച്ചു... പിന്നെ എവിടെയെങ്കിലും വെച്ച് കാണാമെന്ന്. പക്ഷെ ഇവിടെ വെച്ച് കാണുമെന്ന് പ്രതീക്ഷിച്ചില്ലെന്നാണ് ദിലീപ് സായ് മുമ്പൊരിക്കൽ തന്നെ കാണാൻ വന്ന അനുഭവം പങ്കിട്ട് പറഞ്ഞത്.

ശേഷം എന്താണ് തലയിൽ എന്നാണ് സായിയോട് ദിലീപ് ചോദിച്ചത്. കാരണം ക്രീ നിറത്തിൽ മുടി കളർ ചെയ്താണ് സായ് ഹൗസിലേക്ക് വൈൽഡ് കാർഡായി എത്തിയത്. അതിനുള്ള മറുപടിയായി ഒന്ന് മാറ്റി പിടിച്ചതാണെന്നാണ് സായ് മറുപടി നൽകിയത്. ഇവിടെ വന്നിട്ട് ആയതല്ലോല്ലോയെന്ന് ദിലീപ് അപ്പോൾ മറുചോദ്യം ചോദിച്ചു. സ്ട്രസ്സും സ്ട്രെയിനും വരുമ്പോൾ പെട്ടന്ന്മുടി കൊഴിയുകയും നരക്കുകയും ചെയ്യുമല്ലോ.
അതുകൊണ്ടാണ് ഈ വല്ലാത്ത തല കണ്ട് ഞാൻ അങ്ങനെ ചോദിച്ചത് എന്നും ദിലീപ് സായിയോട് പറഞ്ഞു. ശേഷം സായിയുടെ മൃഗസ്നേഹത്തെ കുറിച്ചും ദിലീപ് ചോദിച്ചു. താൻ പതിമൂന്ന് നായകളെ വളർത്തുന്നുണ്ടെന്നാണ് സായ് ദിലീപിനോട് പറഞ്ഞത്. നായകളെ പേടിയില്ലാത്ത സായ്ക്ക് പൂമ്പാറ്റകളെ പേടിയാണ് അല്ലേയെന്നും മുഖത്ത് നിന്ന് താൻ അത് വായിച്ചെടുത്തുവെന്നും ദിലീപ് കൗണ്ടറടിച്ച് പറഞ്ഞു.
പവി കെയർ ടേക്കർ എന്ന സിനിമയിൽ ദിലീപിനൊപ്പവും ഒരു നായയുണ്ട്. ഇരുവരുടയും സംഭാഷണത്തിന് നിരവധി രസകരമായ കമന്റുകളാണ് വന്നത്. സായിയുടെ റിവ്യു എപ്പോഴും ശ്രദ്ധിക്കാറുണ്ട് ദിലീപ് എന്നത് സംസാരത്തിൽ നിന്നും വ്യക്തമാണെന്ന തരത്തിലാണ് ദിലീപ്-സായ് സംഭാഷണത്തിന് താഴെ വന്ന കമന്റുകൾ ഏറെയും.


Click it and Unblock the Notifications