അഭിപ്രായം പറയാൻ ഇനി അർഹതയില്ല; സീക്രട്ട് ഏജന്റല്ല, ട്രോളൻമാരുടെ കണ്ണാപ്പി; സായ് കൃഷ്ണയ്ക്ക് നേരെ അധിക്ഷേപം
ബിഗ് ബോസ് ഷോയിൽ മത്സാർത്ഥിയായെത്തുന്നത് പലപ്പോഴും അപകടരവും അതോടൊപ്പം അനന്തര സാധ്യതകൾ തുറന്ന് തരുന്നതുമാണ്. ഷോയിൽ നിന്നും പുറത്തേക്ക് വരുമ്പോഴേക്കും ഒരുപക്ഷെ അതുവരെയുണ്ടാക്കി വെച്ചിരുന്ന കരിയറും പ്രതിച്ഛായയുമെല്ലാം നഷ്ടപ്പെട്ടേക്കാം. പകരം ലഭിക്കുന്നത് കടുത്ത സൈബർ ആക്രമണങ്ങളുമായിരിക്കാം. വ്യക്തികളെന്ന നിലയിൽ നമ്മൾ ആരാണെന്നും നല്ല വശവും മോശം സ്വഭാവവും എന്താണെന്നും ബിഗ് ബോസ് ദിനങ്ങളിൽ ഓരോന്നായി പുറത്ത് വരും. അതുകാെണ്ട് തന്നെ പലരും ഈ മൈൻഡ് ഗെയിമിലേക്ക് വരാനും മടിക്കുന്നുണ്ട്.
ഷോയിൽ നിന്ന് പുറത്ത് വന്നിട്ട് വർഷങ്ങളായെങ്കിലും ഇപ്പോഴും താനുൾപ്പെടെയുള്ളവർ ഈ ലൂപ്പിൽ പെട്ടിട്ടുണ്ടെന്ന് ഒന്നാം സീസണിലെ മത്സരാർത്ഥി ദിയ സന അടുത്തിടെ പറയുകയുണ്ടായി. പുറത്തിറങ്ങുന്നതോടെ ഗെയിം അവസാനിച്ചെങ്കിലും പിന്നീട് പൊതുവിടത്തിലെത്തുമ്പോൾ ഒരുപാട് ചോദ്യങ്ങളും വിമർശനങ്ങളും നേരിടേണ്ടി വന്നേക്കാം. അതേ സമയം ജനപ്രീതി നേടിയാൽ ഏറെ പ്രശംസകളും ആരാധക വൃന്ദവുമുണ്ടാകും.

ബിഗ് ബോസ് ആറാം സീസണിൽ മത്സരാർത്ഥിയായെത്തിയത് സായ് കൃഷ്ണയ്ക്ക് ഒരു തരത്തിൽ വിനയായിട്ടുണ്ട്. ഷോയിൽ നിന്ന് ലഭിച്ച പ്രതിഫലവും ഇതിന് പുറമെ ലഭിച്ച അഞ്ച് ലക്ഷവും മാറ്റി നിർത്തിയാൽ സീക്രട്ട് ഏജന്റ് എന്ന പേരിൽ സായ് കൃഷ്ണയുണ്ടാക്കിയ പ്രതിച്ഛായ തകർന്നിട്ടുണ്ട്. പുറത്തിറങ്ങിയ ശേഷം തന്റെ യൂട്യൂബ് ചാനലിൽ സജീവമായിക്കൊണ്ടിരിക്കുകയാണ് സായ് കൃഷ്ണ. എന്നാൽ വീഡിയോകൾക്ക് തഴെ കടുത്ത പരിഹാസങ്ങളും ട്രോളുകളുമാണ്.
സായ് വീഡിയോകളിൽ പറയുന്ന വിഷയങ്ങളുമായി കമന്റുകൾക്ക് ബന്ധമില്ല. ബിഗ് ബോസിൽ സായ്ക്കുണ്ടായ വീഴ്ചയാണ് കമന്റ് ബോക്സിലെ വിഷയം. വീഡിയോ പോസ് ചെയ്ത് കമന്റുകൾ കണ്ട് ആസ്വദിക്കുന്നവരുണ്ടോ എന്നാണ് ഒരാളുടെ കമന്റ്. 'കാറിൽ ഒരുമിച്ചിരുന്ന് റിവ്യൂ ചെയ്യാൻ ഭാര്യയും കൂട്ടുകാരനും വരുന്നില്ലെങ്കിൽ കണ്ണാപ്പിയും കാട്ടുതീയും പെങ്ങളൂട്ടിയും റിവ്യൂ ചെയ്യത്. അങ്ങനെയെങ്കിൽ ഒറ്റ ഫ്രെയ്മിൽ മൂന്ന് വാഴകളെ കാണാലോ. ആളുകൾക്ക് ഇതിലും കൂടുതൽ ചിരിക്കാനും പറ്റും,' ഒരാളുടെ കമന്റിങ്ങനെ.

മണി ബോക്സ്, ടിക്കറ്റ് ടു ഫിനാലെ തുടങ്ങി ബിഗ് ബോസിലെ പ്രധാന ഘട്ടങ്ങളെല്ലാം സായ് അലങ്കോലമാക്കിയെന്നതാണ് ബിഗ് ബോസ് പ്രേക്ഷകരുടെ വിമർശനത്തിന് പ്രധാന കാരണം. പരിഹാസ കമന്റുകളിടാൻ സായിയുടെ വീഡിയോകൾ വരാൻ കാത്തിരിക്കുകയാണ് ഹേറ്റേഴ്സ്. ഒരു വീഡിയോക്ക് വരുന്ന 90 ശതമാനത്തിലേറെയും കമന്റുകൾ വിമർശനമോ പരിഹാസമോ ആണ്.
സമകാലിക സംഭവങ്ങളുടെ റിയാക്ഷൻ വീഡിയോകളും സിനിമാ റിവ്യൂകളുമാണ് പൊതുവെ സായ് കൃഷ്ണ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെക്കാറ്. അന്ന് സായിയെ അനുകൂലിക്കുന്നവരും ഏറെയായിരുന്നു. പ്രത്യേകിച്ചും റിയാക്ഷൻ വീഡിയോകൾക്ക് ഏറെ ആരാധകരുണ്ടായിരുന്നു.
എന്നാൽ മറ്റുള്ളവരുടെ കാര്യങ്ങളിൽ അഭിപ്രായം പറയുന്ന സായ് കൃഷ്ണയ്ക്ക് സ്വന്തം ജീവിതത്തിൽ ബിഗ് ബോസ് പോലൊരു ചലഞ്ചിംഗ് ഷോ കിട്ടിയിട്ട് യാതൊരു ചലനവും ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്ന് വിമർശകർ പറയുന്നു. കണ്ണാപ്പി എന്നാണ് സായ് കൃഷ്ണയെ കമന്റ് ബോക്സിൽ പലരും പരിഹസിച്ച് വിളിക്കുന്നത്.


Click it and Unblock the Notifications