'നാട്ടുകാർക്ക് ഞാൻ സീക്രട്ട് ഏജന്റാവാതിരുന്നതാണോ പ്രശ്നം?, കണ്ണാപ്പിയെന്ന പേര് ഞാൻ സന്തോഷത്തോടെ എടുക്കുന്നു'
ബിഗ് ബോസ് മലയാളം സീസൺ ആറിൽ നിന്നും ഒരു മത്സരാർത്ഥി കൂടി കഴിഞ്ഞ ദിവസം പുറത്തായി. യുട്യൂബർ സായ് കൃഷ്ണനാണ് പുറത്തായത്. പണപ്പെട്ടി ടാസ്ക്കിന്റെ ഭാഗമായി ബിഗ് ബോസ് ഹൗസിൽ കൊണ്ടുവെച്ച അഞ്ച് ലക്ഷം രൂപയുമായി സായ് സ്വമേധയ മത്സരത്തിൽ നിന്നും ക്വിറ്റ് ചെയ്യുകയായിരുന്നു. ബിഗ് ബോസ് മുന്നോട്ടുവെക്കുന്ന പണപ്പെട്ടി ഏത് മത്സരാര്‍ഥിക്കും സ്വന്തമാക്കാം. എന്നാല്‍ പണപ്പെട്ടി എടുത്താല്‍ ബിഗ് ബോസിലെ മത്സരം അവസാനിപ്പിച്ച് പുറത്ത് പോകേണ്ടിവരും.
അതിനാല്‍ത്തന്നെ പൊതുവെ മത്സരാര്‍ഥികള്‍ ഈ ഓഫര്‍ സ്വീകരിക്കാറില്ല. ബിഗ് ബോസ് മലയാളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായി സീസണ്‍ 5 ലാണ് ഒരു മത്സരാര്‍ഥി പണപ്പെട്ടി എടുത്ത് പുറത്ത് പോകുന്നത്. നാദിറയായിരുന്നു അത്. ഈ സീസണില്‍ പണപ്പെട്ടി ടാസ്ക് വരുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് തന്നെ മത്സരാര്‍ഥികള്‍ക്കിടയില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നു.

പണപ്പെട്ടി എടുക്കാനുള്ള താല്‍പര്യം പുറത്തായ സ്ഥാനാര്‍ഥി നന്ദന സുഹൃത്തുക്കളെ അറിയിച്ചിരുന്നു. എന്നാല്‍ ഈ ടാസ്ക് വരുന്നതിന് മുന്‍പ് നന്ദന എവിക്ടായി. അഞ്ച് ലക്ഷം രൂപ വെച്ചുകൊണ്ടാണ് ബിഗ് ബോസ് ടാസ്ക്ക് തുടങ്ങിയത്. പെട്ടി ഹൗസിൽ ബിഗ് ബോസ് വെച്ച് പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും സായ് കൃഷ്ണൻ പെട്ടി എടുത്ത് ഇറങ്ങി. ബിഗ് ബോസ് കൂടുതൽ തുക വെക്കുന്നതും കാത്ത് ഇരിക്കുകയായിരുന്നു മറ്റ് മത്സരാർത്ഥികൾ.
അതുകൊണ്ട് തന്നെ സായ് പെട്ടി എടുത്തതിനോട് സഹമത്സരാർത്ഥികളിൽ പലർക്കും അനിഷ്ടമുണ്ട്. മത്സരത്തിൽ നിന്നും പുറത്തായ സായ് തിരികെ കേരളത്തിൽ എത്തി. ഭാര്യ സ്നേഹയും സുഹൃത്തുക്കളും സഹമത്സരാർത്ഥി നന്ദനയുമെല്ലാ സായിയെ സ്വീകരിക്കാൻ എയർപോട്ടിൽ എത്തിയിരുന്നു. ഇപ്പോഴിതാ രണ്ട് മാസത്തെ ബിഗ് ബോസ് ജീവിതത്തെ കുറിച്ച് ഫോക്കസ് മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സായ് വിവരിച്ചു.
ഇനി താൻ മരണം വരെ ഇപ്പോഴുള്ള റിയാലിറ്റിയിൽ തന്നെയാകും പോവുകയെന്നാണ് സായ് പറയുന്നത്. 'നാട്ടുകാർക്ക് ഞാൻ സീക്രട്ട് ഏജന്റാവാതിരുന്നതാണോ പ്രശ്നം?. ഞാൻ ഇങ്ങനൊരു മനുഷ്യനായിരുന്നു. പക്ഷെ സീക്രട്ട് ഏജന്റ് എന്ന സാധനം എന്റെ റിയൽ ലൈഫിലേക്ക് വന്നപ്പോൾ സീനായി. പലരോടും ഞാൻ കാഷ്യലായി സംസാരിക്കാറുപോലുമുണ്ടായിരുന്നില്ല. ഇനി റിയാക്ഷൻ വീഡിയോകൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ എന്റെ മനസിലുണ്ട്.'
'അത് ഞാൻ ഇനിയുള്ള വീഡിയോകളിൽ എക്സിക്യൂട്ട് ചെയ്യും. ഇനി ഞാൻ ഫാമിലിക്ക് കുറച്ച് കൂടി ഇംപോർട്ടൻസ് കൊടുക്കും. നാളെ എവിടെയെങ്കിലും വീണ് കിടന്നാൽ നാട്ടുകാർ വരില്ലല്ലോ എടുക്കാൻ. പേഴ്സണൽ ലൈഫിലേക്ക് ഇനി ഞാൻ സീക്രട്ട് ഏജന്റിനെ കയറ്റില്ല. പേഴ്സണൽ ലൈഫിൽ നമ്മുടെ സോഷ്യൽമീഡിയ ലൈഫ് വന്നാൽ സീനാണ്.'

'കണ്ണാപ്പി എന്നുള്ള പേരൊക്കെ ഞാൻ സന്തോഷത്തോടെയാണ് എടുക്കുന്നത്. ഞാൻ ടൈം ബോംബ് അല്ലല്ലോ ഹൗസിൽ കയറിയ ഉടൻ പൊട്ടിത്തെറിക്കാൻ. ബിഗ് ബോസെന്ന് പറയുന്നത് നൂറ് ദിവസമല്ല. പിന്നീടുള്ള എന്റയർ ലൈഫാണ്. പിന്നെ ഹൗസിൽ വെച്ച് പല ഗിമ്മിക്കും കാണിക്കാം. പക്ഷെ അത് കുറച്ച് കഴിയുമ്പോൾ തിരിച്ചടിക്കും.'
'അത്തരത്തിലുള്ള സംഭവങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. ഇനി ഞാൻ മരണം വരെ ഇപ്പോഴുള്ള റിയാലിറ്റിയിൽ തന്നെയാകും പോവുക. എനിക്ക് റിഗ്രറ്റ്സില്ല. ക്രിക്കറ്റ് കമന്ററി പറയുന്നയാൾക്ക് സച്ചിനെ ഡ്രൈവ് പഠിപ്പിക്കാൻ പറ്റില്ലല്ലോ. അതുപോലെയെയുള്ളു. എനിക്ക് വിമർശനങ്ങൾ വരുമെന്ന് ഹൗസിലേക്ക് പോയപ്പോൾ തന്നെ അറിയാമായിരുന്നു. ജാസ്മിൻ അടക്കം എല്ലാവരുടെയും ഗെയിം അടിപൊളിയാണ്. അതുപോലെ അന്നും ഇന്നും ജാസ്മിൻ എന്റെ ഫ്രണ്ടാണ്.'
'ജാസ്മിൻ-ഗബ്രി കോമ്പോയൊക്കെ മനുഷ്യർക്ക് സംഭവിച്ച് പോകുന്നതാണ്. ഒരിടത്ത് ഒറ്റയ്ക്ക് ഒരു മനുഷ്യനെ കൊണ്ട് ഇട്ടിട്ടാൽ അയാൾ എങ്ങനെ പെരുമാറുമെന്ന് പറയാൻ കഴിയില്ലെന്നാണ്', സായ് പറഞ്ഞത്. ഈ സീസണിലെ ആറ് വൈൽഡ് കാർഡുകളിൽ ഒരാളായിരുന്നു സായ് കൃഷ്ണൻ.


Click it and Unblock the Notifications