'പണപ്പെട്ടിയെ പറ്റി സംസാരിക്കാൻ പാടില്ലെന്ന നിയമം അവിടില്ല, ഇത്ര ഗതികെട്ടവൻ ഷോയിൽ വന്ന് കാണില്ലെന്ന് തോന്നി'
പുറംലോകവുമായി ബന്ധമില്ലാതെ അപരിചിതരായ സഹമത്സരാര്‍ഥികള്‍ക്കൊപ്പം 14 ആഴ്ചകള്‍ കഴിയുക എന്നത് മാത്രമല്ല ബിഗ് ബോസില്‍ ഒരു മത്സരാര്‍ഥിക്ക് മുന്നിലുള്ള വെല്ലുവിളി. അതിനൊപ്പം ബിഗ് ബോസ് മുന്നോട്ടുവെക്കുന്ന ടാസ്കുകളിലും ഗെയിമുകളിലുമൊക്കെ മികവ് തെളിയിക്കുകയും വേണം. ഷോ അന്തിമഘട്ടത്തിലേക്ക് എത്തുമ്പോള്‍ ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്ക് മുന്നിലേക്ക് വെക്കുന്ന ഒരു പ്രലോഭനമാണ് പണപ്പെട്ടി. നിശ്ചിത തുക അടങ്ങിയ പണപ്പെട്ടിയാണ് ഇത്. എന്നാല്‍ ഇത് എടുക്കുന്നപക്ഷം മത്സരത്തില്‍ തുടരാന്‍ സാധിക്കില്ല.
ബിഗ് ബോസ് മലയാളം സീസണുകളുടെ ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞ വര്‍ഷമാണ് ഒരു മത്സരാര്‍ഥി പണപ്പെട്ടി സ്വീകരിച്ചത്. നാദിറ മെഹ്റിനായിരുന്നു അത്. ഏഴര ലക്ഷം രൂപയുമായാണ് നാദിറ പോയത്. ഇത്തവണ പണപ്പെട്ടി ടാസ്ക് വരുന്നതിന് മുമ്പ് പല മത്സരാര്‍ഥികള്‍ക്കിടയിലും ചൂടേറിയ ചര്‍ച്ചാവിഷയമായിരുന്നു പണപ്പെട്ടി ടാസ്ക്ക്.

ടാസ്ക് തുടങ്ങി അല്‍പ്പസമയത്തിനകം സായ് കൃഷ്ണന്‍ പണപ്പെട്ടിയുമായി പോവുകയും ചെയ്തു. അഞ്ച് ലക്ഷം രൂപയുടെ ബിഗ് ബോസ് ആദ്യമായി അവതരിപ്പിച്ച പണപ്പെട്ടി തന്നെ സായ് എടുത്തു. അങ്ങനെ ഷോയില്‍ നിന്ന് പുറത്താവുകയും ചെയ്തു. പണപ്പെട്ടി ടാസ്ക്ക് തുടങ്ങി പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും സായ് പണപ്പെട്ടി എടുത്തിരുന്നു. അതുകൊണ്ട് തന്നെ പ്രേക്ഷകർക്കും സഹമത്സരാർത്ഥികൾക്കും സായ് കൃഷ്ണന്റെ ഗെയിമിനോട് എതിർപ്പായിരുന്നു.
മാത്രമല്ല സായ് പണപ്പെട്ടി എടുത്തത് സഹമത്സരാർത്ഥിയായിരുന്ന നന്ദനയെ സഹായിക്കാൻ വേണ്ടിയാണെന്ന തരത്തിലും ചർച്ചകൾ നടന്നിരുന്നു. ഇപ്പോഴിതാ ഹൗസിലെ അനുഭവങ്ങളും പണപ്പെട്ടി ടാസ്ക്കിനെ കുറിച്ചും ബിഹൈൻവുഡ്സ് ഐസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സായ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഇരുപത് ദിവസത്തോളം ഫിസ്റ്റുല അടക്കമുള്ള അസുഖങ്ങൾ കാരണം വലഞ്ഞതിനെ കുറിച്ചും സായ് വെളിപ്പെടുത്തി.
താരത്തിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ബിഗ് ബോസ് ഞാൻ നന്നായി എഞ്ചോയ് ചെയ്തു. രണ്ടാഴ്ച എന്റെയും സിജോയുടെയും അഭിഷേകിന്റെയുമൊക്കെ ചർച്ചാ വിഷയം പണപ്പെട്ടി തന്നെയായിരുന്നു. പിന്നെ പണപ്പെട്ടിയെ പറ്റി സംസാരിക്കാൻ പാടില്ലെന്ന ടേംസ് ആന്റ് കണ്ടീഷൻ ആ ഷോയ്ക്കില്ല. അമ്പത് വെച്ചാലും പത്ത് വെച്ചാലും ഞാൻ എടുക്കുമെന്ന് ഞാൻ ആദ്യമെ പറഞ്ഞിരുന്നു.
അങ്ങനെ പറഞ്ഞാൽ അവർ അതിനേക്കാൾ വലിയ എമൗണ്ട് വെക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. പിന്നെ റിഷിയോട് ചോദിച്ചപ്പോൾ എടുക്കുന്നില്ല ജനങ്ങൾ തനിക്ക് കപ്പ് തരുമെന്നാണ് പറഞ്ഞത്. പിന്നെ അഭിഷേകുമായി സംസാരിച്ചശേഷം റിഷിയുടെ മൈന്റ് മാറി. പിന്നെ ഏഴിന് മുകളിൽ വന്നാൽ റിഷി എടുക്കുമെന്ന് തോന്നി. ആറ് ലക്ഷത്തിന് മുകളിലാണെങ്കിൽ ശ്രീതുവും എടുക്കുമെന്ന ലെവലിലായിരുന്നു.

അഞ്ച് ലക്ഷം വെച്ചപ്പോൾ എല്ലാവരും സംഖ്യ കൂടാൻ കാത്തിരിക്കുകയാണെന്ന് തോന്നി. അതുകൊണ്ട് ഞാൻ എടുത്തു. സമയം പോകുമ്പോൾ സംഖ്യ കുറഞ്ഞാലോയെന്നും തോന്നി. ഞാൻ അഞ്ച് ലക്ഷം എടുത്ത് കൊടുത്താൽ നന്ദന ആക്സപ്റ്റ് ചെയ്യില്ല. അവൾക്ക് ഒരു സെൽഫ് റെസ്പെക്ടുണ്ട്. അവൾ അങ്ങനൊരു കുട്ടിയല്ല. നന്ദനയ്ക്ക് വേണ്ടി പെട്ടി എടുത്തുവെന്നുള്ള സംസാരം എവിടെ നിന്ന് വന്നുവെന്ന് അറിയില്ല.
അതുപോലെ നന്ദനയ്ക്ക് ചെയ്ത് കൊടുക്കേണ്ടത് കൃത്യമായി ഞാൻ ചെയ്യും. അത് എന്ത്, എങ്ങനെയെന്ന് ഒരാളോടും പറയേണ്ട ആവശ്യമില്ല. നന്ദന എനിക്ക് ബിഗ് ബോസ് ഹൗസിൽ നിന്നും കിട്ടിയ ഗിഫ്റ്റ്. ഹൗസിൽ വെച്ച് ഫിസ്റ്റുലയുണ്ടായിരുന്നു. ആ സമയത്ത് എനിക്ക് തോന്നിയിട്ടുണ്ട് ഇത്രയും ഗതികെട്ടവൻ ബിഗ് ബോസിൽ വന്ന് കാണില്ലെന്ന്. പോരാത്തതിന് ഒരു കാൽ മുഴുവൻ തരിപ്പായിരുന്നു. ഒരു ദിവസം കാലിന്റെ കളർ മുഴുവൻ മാറി.
എനിക്ക് പറ്റുന്നില്ല പലവട്ടം ബിഗ് ബോസിനോട് പറഞ്ഞിരുന്നു. പക്ഷെ അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ച് വിട്ടു എന്നാണ് സായ് പറഞ്ഞത്. ഭാര്യ സ്നേഹയും സായ്ക്കൊപ്പം അഭിമുഖത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. സായ് എന്താണ് കളിക്കാത്തത് എന്ന ടെൻഷൻ തനിക്കുണ്ടായിരുന്നുവെന്നും സീക്രട്ട് ഏജന്റായി സായ് കളിക്കുന്നത് കാണാനായിരുന്നു തനിക്ക് ഇഷ്ടമെന്നുമാണ് സ്നേഹ സായിയുടെ ഗെയിമിനെ കുറിച്ച് പറഞ്ഞത്.


Click it and Unblock the Notifications