'കൃത്യമായ ആവശ്യം പറഞ്ഞിരുന്നുവെങ്കിൽ ഞാൻ മാറികൊടുത്തേനെ, ഞാൻ എന്തെങ്കിലും ചെയ്യുമോയെന്ന ഭയമാണ് ജിന്റോയ്ക്ക്'
ബിഗ് ബോസ് മലയാളം സീസണ്‍ ആറിലെ ഫൈനല്‍ സിക്സ് ലൈനപ്പായി. കഴിഞ്ഞയാഴ്ച എട്ട് മത്സരാര്‍ഥികള്‍ ഉണ്ടായിരുന്നിടത്ത് നിന്ന് ഈ വാരാന്ത്യത്തില്‍ രണ്ടുപേര്‍ കൂടി പുറത്തായതോടെയാണ് ഫൈനല്‍ സിക്സില്‍ തീരുമാനമായത്. രണ്ട് ശ്രദ്ധേയ മത്സരാര്‍ഥികളാണ് ഈ വാരാന്ത്യത്തില്‍ പുറത്തായത്. നോറയും സിജോയുമാണ് അവര്‍. നോറയുടെ എവിക്ഷന്‍ ശനിയാഴ്ചയും സിജോയുടേത് ഞായാറാഴ്ചയുമായിരുന്നു. അതേസമയം സിജോയ്ക്കും നോറയ്ക്കും മുമ്പ് ഹൗസിൽ നിന്നും പുറത്തായ മത്സരാർത്ഥി സായ് കൃഷ്ണനായിരുന്നു. പണപ്പെട്ടി ടാസ്ക്കിന്റെ ഭാഗമായി ബിഗ് ബോസ് നൽകിയ അഞ്ച് ലക്ഷം രൂപയുടെ പെട്ടിയുമെടുത്ത് സായ് സ്വയം ഷോയിൽ നിന്ന് പുറത്ത് പോവുകയായിരുന്നു.
ടാസ്ക് തുടങ്ങി അല്‍പ്പസമയത്തിനകം തന്നെ സായ് കൃഷ്ണന്‍ പണപ്പെട്ടിയുമായി പോവുകയായിരുന്നു. ഇതേക്കുറിച്ച് കഴിഞ്ഞ ദിവസത്തെ വീക്കെന്റ് എപ്പിസോഡില്‍ മോഹന്‍ലാല്‍ മത്സരാര്‍ഥികളോട് സംവദിച്ചിരുന്നു. സായിയുടെ തീരുമാനത്തോട് തങ്ങള്‍ക്ക് യോജിപ്പില്ലെന്നാണ് ഭൂരിഭാഗം മത്സരാര്‍ഥികളും മോഹന്‍ലാലിനോട് പറയുന്നത്.

സായിയുടെ ആക്ട് സെൽഫിഷായിരുന്നുവെന്ന് റിഷി പറഞ്ഞതും വൈറലായിരുന്നു. ഇപ്പോഴിതാ റിഷിയുടെ വാക്കുകളോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് സായ് കൃഷ്ണൻ. സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് പണപ്പെട്ടി ടാസ്ക്കുമായി ബന്ധപ്പെട്ട കൂടുതൽ വിശദീകരണം സായ് നൽകിയത്. പുറത്തേക്ക് പോകാനുള്ള ഏറ്റവും നല്ല വഴി മണി ബോക്സാണെന്ന് എനിക്ക് തോന്നിയിരുന്നു. മാത്രമല്ല എത്ര തുക എന്നത് ഞാൻ നോക്കിയിരുന്നില്ല.
നന്ദന പറഞ്ഞത് പോലെ ആരെങ്കിലും മണി ബോക്സ് കൊണ്ടുള്ള ആവശ്യം പറഞ്ഞിരുന്നുവെങ്കിൽ ഞാൻ പെട്ടി എടുക്കില്ലായിരുന്നു. ഇന്നലെ ലാലേട്ടൻ പണപ്പെട്ടിയെ കുറിച്ച് ചോദിച്ചപ്പോൾ ഹൗസ്മേറ്റ്സ് പറഞ്ഞ മറുപടി ഞാൻ കേട്ടിരുന്നു. അതുപോലെ കൃത്യമായി ആവശ്യം പറഞ്ഞിരുന്നതിനാൽ നന്ദന ഹൗസിലുണ്ടായിരുന്നുവെങ്കിൽ ഞാൻ പെട്ടി എടുക്കില്ലായിരുന്നു.
അതുപോലെ അവരുടെ ആവശ്യങ്ങൾ ആരും എന്നോട് പറഞ്ഞിരുന്നില്ല. അഭിഷേക് സംസാരിക്കുമ്പോൾ മാത്രമാണ് പണപ്പെട്ടിയെ കുറിച്ചുള്ള കൺഫ്യൂഷൻ റിഷിക്ക് വരുന്നത്. അല്ലാത്തപ്പോൾ കപ്പ് അടിക്കണം ഞാൻ സ്ട്രെയിറ്റായാണ് കളിക്കുന്നത് എന്ന മൈന്റ് സെറ്റിലാണ് റിഷി ഇരിക്കുന്നത്. ഞാൻ നേരിട്ട് ചോദിച്ചപ്പോഴും കപ്പാണ് പൈസയാണ് ലക്ഷ്യം എന്നാണ് റിഷി പറഞ്ഞിരുന്നത്. പെട്ടി എടുക്കാൻ താൽപര്യമുള്ളതായി റിഷി എന്നോട് പറഞ്ഞിട്ടില്ല.
ഇരുപത് ലക്ഷമൊക്കെ വന്നാലെ എടുക്കൂവെന്ന് ജാസ്മിൻ പറഞ്ഞിരുന്നു. പിന്നെ ജിന്റോയ്ക്ക് ടൈറ്റിലാണ് വേണ്ടതെന്ന് പറഞ്ഞിരുന്നു. പിന്നെ ഞാൻ പുറത്തിറങ്ങിയാൽ ജിന്റോയ്ക്ക് എതിരെ എന്തെങ്കിലും ചെയ്യുമോയെന്ന ഭയം ജിന്റോയ്ക്കുണ്ട്. അങ്ങനെ ചെയ്യാനാണെങ്കിൽ അതിനുള്ള സാധനങ്ങൾ എന്റെ കയ്യിലുണ്ട്.

പക്ഷെ അത് ജിന്റോ പുറത്തിറങ്ങിയശേഷം അതുമായി ബന്ധപ്പെട്ടവർ വന്നാൽ മാത്രം സംസാരിക്കാം എന്ന രീതിയിലാണ് ഞാൻ നിൽക്കുന്നത്. ലാലേട്ടൻ മണി ബോക്സിനെ കുറിച്ച് ചോദിച്ചപ്പോൾ റിഷി പറഞ്ഞ മറുപടി കേട്ട് എന്താണ് ഇവൻ പറയുന്നതെന്ന് തോന്നിപ്പോയി. നന്ദന പണപ്പെട്ടിയെ കുറിച്ച് പറഞ്ഞതുപോലെ റിഷി ബോൾഡായി പറഞ്ഞില്ല. അത് റിഷിയുടെ മണ്ടത്തരം. സിജോ പുറത്തായല്ലോ. ഇനി അവശേഷിക്കുന്നവരിൽ അഭിഷേകോ അർജുനോ കപ്പ് അടിക്കണമെന്നാണ് എനിക്ക്.
മൂന്ന്, നാല് ദിവസത്തെ കണ്ടന്റ് തന്നെയായിരുന്നു പണപ്പെട്ടി ടാസ്ക്ക് എന്നത്. ആരെടുക്കുമെന്നത് ബിഗ് ബോസ് ടീമിന് അറിയാം. ഇരുപത്തിനാല് മണിക്കൂറും അവർ നമ്മളെ മോണിറ്റർ ചെയ്യുകയല്ലേ... പണപ്പെട്ടിയോട് ആർക്കും താൽപര്യമില്ലെന്നാണ് അവരോട് സംസാരിച്ചപ്പോൾ എനിക്ക് തോന്നിയത്. അവർ വലിയ തുകയാണ് പ്രതീക്ഷിക്കുന്നതെന്നും തോന്നി. കൃത്യമായ ആവശ്യം ആരെങ്കിലും പറഞ്ഞിരുന്നുവെങ്കിൽ ഞാൻ മാറികൊടുത്തേനെ.
ഞാൻ ഗെയിം സ്പോയിൽ ചെയ്തുവെന്ന് സമ്മതിക്കുന്നു. അത് എന്റെ ഗെയിമായി കണ്ടാൽ മതി. പിന്നെ ഞാനാണല്ലോ ബിബി സീസൺ ആറിലെ ഏറ്റവും മോശം മത്സരാർത്ഥി. അതും സമ്മതിക്കുന്നു എന്നാണ് സായ് കൃഷ്ണൻ പറഞ്ഞത്.


Click it and Unblock the Notifications