ഞങ്ങൾ ശരിക്കും ഇങ്ങനെയല്ലെന്ന് അവർ പറഞ്ഞു; ഇവിടെ മൊത്തം ആക്ടിംഗ് ആണല്ലോ എന്ന് തോന്നി; ശ്രീരേഖ
ബിഗ് ബോസ് ആറാം സീസണിൽ പത്താമത്തെ ആഴ്ചയിലേക്ക് കടക്കാനിരിക്കെ ഒരു മത്സരാർത്ഥി കൂടി പുറത്തായിരിക്കുകയാണ്. നടി ശ്രീരേഖ ഈയാഴ്ച പുറത്താകുമെന്ന് പ്രേക്ഷകർക്ക് ഏറെക്കുറെ ഉറപ്പായിരുന്നു. നേരത്തെ പുറത്താകേണ്ടി മത്സരാർത്ഥിയായിരുന്നു ശ്രീരേഖയെന്നും പവർ ടീം അംഗമായത് കൊണ്ട് മാത്രം രക്ഷപ്പെട്ടതാണെന്നും പ്രേക്ഷകർ പറയുന്നു. ശരണ്യ, ശ്രീരേഖ എന്നിവരാണ് ഇത്തവണ ബിഗ് ബോസിൽ നിന്ന് പുറത്തായത്. രണ്ട് എവിക്ഷനിലും പ്രേക്ഷകർ തൃപ്തരാണ്.
രണ്ട് പേർക്കും ഷോയിൽ ഇനിയും മുന്നോട്ട് പോകാൻ സാധിക്കില്ലായിരുന്നെന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം. പുറത്തിറങ്ങിയ ശേഷം ബിഗ് ബോസിലെ തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ശ്രീരേഖയിപ്പോൾ. ഏറ്റവും കൂടുതൽ മിസ് ചെയ്യുക ഈ വീട്ടിലെ ക്യാമറകളെയാണെന്ന് ശ്രീരേഖ പറയുന്നു. ആദ്യത്തെ കുറച്ച് ദിവസം എനിക്ക് കംഫർട്ട് സ്പേസ് ഉണ്ടായിരുന്നില്ല. എനിക്ക് സംസാരിക്കാൻ കിട്ടിയത് ക്യാമറകളാണ്. ക്യാമറയുമായാണ് ഞാൻ ഗെയിമിനെക്കുറിച്ചും മറ്റും സംസാരിച്ചത്. മനോഹരമായ വീടാണത്.

ആ വീടിന്റെ ഓരോ സ്പേസിലും നിന്ന് ഓരോ കാര്യങ്ങൾ ചിന്തിച്ചിട്ടുണ്ട്. മൂന്നാമത് മിസ് ചെയ്യാൻ പോകുന്നത് വീട്ടിനുള്ളിലുള്ള ഒരു തത്തമ്മയെയാണെന്നും ശ്രീരേഖ പറയുന്നു. എത്ര ദിവസം ഇവിടെ നിൽക്കാൻ പറ്റും എന്ന ധാരണയോടെ വന്ന ആളല്ല. വന്ന മത്സരാർത്ഥികളെല്ലാം നല്ല ആത്മവിശ്വാസത്തോടെയാണെത്തിയത്. അക്കൂട്ടത്തിൽ ഞാൻ എന്നെ വീക്കായാണ് കണക്കാക്കിയത്. ഇത്രയും ദിവസം നിൽക്കാൻ പറ്റിയത് വലിയ കാര്യമാണെന്നും ശ്രീരേഖ വ്യക്തമാക്കി.
കഴിഞ്ഞ 63 ദിവസത്തെ അനുഭവങ്ങൾ ജീവിതത്തിൽ എപ്പോഴും കിട്ടുന്ന കാര്യമല്ല. എന്റെ കുടുംബത്തിന് വേണ്ടിയാണ് ഞാനിവിടെ വന്നത്. ഭർത്താവും കുടുംബവുമാണ് എന്നെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തത്. ഞാൻ സെലിബ്രിറ്റിയായി കണക്കാക്കുന്നില്ല. വീട്ടമ്മയായാണ് കരുതുന്നത്. കുടുംബത്തെ പ്രതിനിധീകരിച്ചാണ് താൻ ഷോയിലേക്ക് വന്നതെന്നും ശ്രീരേഖ പറഞ്ഞു. ബിഗ് ബോസ് വീട്ടിൽ അനാവശ്യമായ വഴക്കാണ് പലപ്പോഴും നടന്നതെന്ന് ശ്രീരേഖ പറയുന്നു.

നമ്മുടെ വഴക്ക് സ്വന്തം വീട്ടുകാർ സഹിക്കുമായിരിക്കും. പക്ഷെ പരസ്പരം എന്തും വിളിച്ച് പറയുന്ന രീതിയായിരുന്നു പലപ്പോഴുമെന്നും ശ്രീരേഖ ചൂണ്ടിക്കാട്ടി. ഞാൻ അത്യാവശ്യം സിനിമയിൽ അഭിനയിച്ച് വന്ന ആളാണ്. പക്ഷെ ഇവിടെ മൊത്തം ആക്ടിംഗ് ആണല്ലോ എന്ന് തോന്നിപ്പോയി. ആദ്യത്തെ ദിവസങ്ങളിൽ വഴക്കുണ്ടാകുമ്പോൾ അത് എന്തിനാണ്, ഏതിനാണ് എന്ന് മനസിലായില്ല. ഉണ്ടാക്കിയെടുത്ത വഴക്കായി തോന്നി.
റിയൽ ക്യാരക്ടറായി തോന്നാത്തവരും വീട്ടിലുണ്ട്. പലരുടെയും പ്രകൃതം കാണുമ്പോൾ ഇതെന്താ ഇവർ ഇങ്ങനെ എന്ന് തോന്നാറുണ്ട്. ഞങ്ങൾ ഇങ്ങനെയല്ല, ഞങ്ങൾ വേറെയാണെന്ന് അവർ തന്നെ പറഞ്ഞിട്ടുമുണ്ട്. ഒരുപക്ഷെ അത് അവരുടെ സ്ട്രാറ്റജി ആയിരിക്കാമെന്നും ശ്രീരേഖ അഭിപ്രായപ്പെട്ടു. മികച്ച ഗെയിം അല്ലായിരുന്നെങ്കിലും ബിഗ് ബോസിൽ അഭിനേത്രിയെന്ന നിലയിൽ പ്രേക്ഷക പ്രീതി നേടാൻ ശ്രീരേഖയ്ക്കായി. സ്കിറ്റുകളിലും മറ്റും മികച്ച പ്രകടനമാണ് ശ്രീരേഖ കാഴ്ച വെച്ചത്.


Click it and Unblock the Notifications