സിജോ തന്നെ ഊച്ചാളിയെന്ന് വിളിച്ചെന്ന പരാതിയുമായി ശ്രീതു, ഊച്ചാളിയുടെ അർത്ഥം പറഞ്ഞ് കൊടുക്കാൻ പാടുപെട്ട് അർജുൻ
ബിഗ് ബോസ് മലയാളം സീസൺ ആറിലെ ഏറ്റവും ആക്ടീവായ മത്സാരർത്ഥികളിൽ ഒരാളായിരുന്നു സിജോ ജോൺ. എന്നാൽ ഹൗസിൽ വന്നശേഷം വാക്ക് തർക്കത്തിനിടെ അസി റോക്കി മുഖത്തിടിച്ച് സിജോയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു. താടിയെല്ലിന് സർജറി വരെ നടത്തേണ്ടി വന്നു സിജോയ്ക്ക്. കഴിഞ്ഞ രണ്ടാഴ്ചയായി ദ്രാവക രൂപത്തിലുള്ള ഭക്ഷണം മാത്രം കഴിച്ചാണ് സിജോ ആരോഗ്യം നിലനിർത്തിയിരുന്നത്. സിജോയെ ഫിസിക്കൽ അസാൾട്ട് ചെയ്തതിന്റെ പേരിൽ അടുത്ത നിമിഷം തന്നെ റോക്കിയെ ഹൗസിൽ നിന്നും ബിഗ് ബോസ് പുറത്താക്കിയിരുന്നു.
കഴിഞ്ഞ ദിവസം ചികിത്സയ്ക്ക് ശേഷം വീണ്ടും ബിഗ് ബോസ് വീട്ടിൽ റീ എൻട്രി നടത്തി സിജോ. വൻ വരവേൽപ്പായിരുന്നു അദ്ദേഹത്തിന് ബിഗ് ബോസ് നൽകിയതും. തിരിച്ചെത്തിയ സിജോ താൻ ചികിത്സയിൽ ഇരുന്നപ്പോഴുണ്ടായ കാര്യങ്ങളെ പറ്റി ഹൗസ് മേറ്റ്സിനോട് വിവരിച്ചിരുന്നു.

ഇനി താൻ തീപ്പൊരിയായല്ല കാട്ടുതീയായാണ് ഹൗസിൽ പെരുമാറുകയെന്നും സിജോ തിരിച്ചെത്തിയശേഷം ഹൗസ് മേറ്റ്സിനോട് പറഞ്ഞു. ലാലേട്ടന്റെ എപ്പിസോഡിൽ വന്നപ്പോൾ എന്ത് പറയണം എന്നൊന്നും അറിയില്ലായിരുന്നു. മൈന്റ് ബ്ലാങ്കായിരുന്നു. ലാലേട്ടൻ കയ്യിലൊരു പിടുത്തം പിടിച്ചു. സേറിയായിട്ടാണ് തോന്നിയത്. സാക്ഷാൽ ലാലേട്ടനാണ് സോറി പറഞ്ഞത്. പിന്നീട് ലാലേട്ടൻ എന്റെ കയ്യിൽ അമർത്തിയൊരു പിടി പിടിച്ചു.
അന്നെനിക്ക് കിട്ടിയ ഒരു എനർജിയുണ്ട്. എന്റെ ലൈഫിൽ അവസാനം വരെ അതുണ്ടാവുമെന്നും സിജോ പറഞ്ഞു. ഹൗസിൽ നിന്നും പുറത്തേക്ക് പോയപ്പോൾ ക്യാപ്റ്റനായിരുന്നു സിജോ. ഇനിയുള്ള ദിവസങ്ങളിൽ സിജോയുടെ മികച്ച മൈന്റ് ഗെയിമും ഫിസിക്കൽ ഗെയിമും കാണാനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്. സിജോ തിരിച്ച് വന്നതോടെ പ്രേക്ഷകരുടെ പ്രതീക്ഷയും വർധിച്ചിട്ടുണ്ട്.
സിജോ തിരികെ വന്നതോടെ സഹമത്സരാർത്ഥികൾ ഇനിയെങ്ങനെ ഗെയിം മാറ്റിപിടിക്കണം, സിജോയെ മറികടിക്കണം എന്നതിനെ കുറിച്ചൊക്കെ ആലോചിച്ച് തുടങ്ങിയിട്ടുണ്ട്. അതേസമയം സിജോ തിരികെ വന്നത് സഹമത്സരാർത്ഥികളിൽ എല്ലാവർക്കും അത്രത്തോളം ഇഷ്ടപ്പെട്ടിട്ടില്ലെന്നത് പലരുടെയും കൂട്ടം കൂടിയുള്ള സംസാരത്തിൽ നിന്നും വ്യക്തമാണ്.
അതേസമയം ഹൗസിലേക്ക് തിരികെ എത്തിയ സിജോയെ കുറിച്ച് ആദ്യത്തെ പരാതി പറഞ്ഞത് ഹൗസ് ക്യാപ്റ്റൻ കൂടിയായ ശ്രീതുവാണ്. സിജോ തന്നെ ഊച്ചാളിയെന്ന് വിളിച്ചെന്ന് അർജുനോട് പരാതിപെടുന്ന ശ്രീതുവിന്റെ വീഡിയോ വൈറലാണ്.
ചെന്നൈയിലാണ് ശ്രീതു കുടുംബസമേതം സെറ്റിൽഡായിരിക്കുന്നത്. അതുകൊണ്ട് തന്നെ ഊച്ചാളിയുടെ അർത്ഥം ശ്രീതുവിന് കൃത്യമായി മനസിലായില്ല. അതിനാൽ അർജുനോട് ആ വാക്കിന്റെ അർത്ഥം ചോദിക്കുന്നതും വൈറൽ വീഡിയോയിൽ കാണാം.

ഹൗസിലെ ഏറ്റവും പ്രചാരമുള്ള കോമ്പോകളിൽ ഒന്നാണ് അർജുനും ശ്രീതുവും. പലതവണ സിജോ തന്നെ ഊച്ചാളിയെന്ന് വിളിച്ചുവെന്നാണ് ശ്രീതു അർജുനോട് പറഞ്ഞത്. തിരിച്ച് പറയാൻ പഠിക്കണം. എനിക്ക് ആ സ്ക്കിൽ കുറവാണ്. അതുപോലെ എനിക്ക് ഒരു ഡൗട്ടുണ്ട്. ഊച്ചാളി എന്ന് പറഞ്ഞാൽ എന്താണ്. അത് മോശമായ വാക്കാണോ?. എന്നെ അങ്ങനെ സിജോ വിളിച്ചു. ഇനിയും അത് ആവർത്തിച്ചാൽ ഞാൻ പറയും. എന്റെ ഉറക്കം പോയി.
ഏയ് ഊച്ചാളിയെന്ന് വിളിച്ചിട്ട് ചിരിച്ചിട്ട് പോയി. പ്രത്യേകിച്ച് കാരണമൊന്നും ഉണ്ടായിട്ടല്ല വിളിച്ചത്. മുമ്പും സിജോ ഇതുപോലെ പറഞ്ഞിട്ടുണ്ട്. ഞാൻ ചോദിച്ചപ്പോൾ ചുമ്മാ വിളിച്ചതാണെന്നും അനിയത്തിയെപ്പോലെ കണ്ടതുകൊണ്ടാണെന്നും പറഞ്ഞു. ഇനി അങ്ങനെ വിളിക്കരുതെന്ന് സിജോയോട് ഞാൻ പറയും.
അതിന്റെ മീനിങ്ങും സിജോയോട് ചോദിക്കും. അവന്റെ സംസാരമൊക്കെ ഒരുപാട് മാറിയിട്ടുണ്ടെന്നാണ് അർജുനോട് ശ്രീതു പറഞ്ഞത്. സില്ലി, നീ ഒന്നും അല്ല, യൂസ് ലെസ് എന്നിങ്ങനെയാണ് ഊച്ചാളിയുടെ അർത്ഥമെന്നാണ് അർജുൻ ശ്രീതുവിനോട് പറഞ്ഞത്. കൃത്യമായ അർത്ഥം പറഞ്ഞ് തരാൻ അറിയില്ലെന്നും അർജുൻ ശ്രീതുവിനോട് പറഞ്ഞു.


Click it and Unblock the Notifications