സ്നേഹവും ബഹുമാനവും പിടിച്ച് വാങ്ങേണ്ടതല്ല; അപ്സരയുടെ കുറ്റപ്പെടുത്തൽ; കരഞ്ഞ് ശ്രീതു
ബിഗ് ബോസ് വീട്ടിൽ ഇതുവരെ മറ്റ് മത്സരാർത്ഥികളിൽ നിന്നും അധികം എതിർപ്പ് വരാതെ മുന്നോട്ട് പോകാൻ അപ്സരയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ പവർ ടീമിലെത്തിയ ശേഷം അപ്സരയ്ക്കെതിരെ പല മത്സരാർത്ഥികളും അനിഷ്ടം പ്രകടിപ്പിച്ചു. ഇപ്പോഴിതാ ബിഗ് ബോസിന്റെ പുതിയ ടാസ്കിന് പിന്നാലെ ശ്രീതുവും അപ്സരയും തമ്മിൽ അകൽച്ചയുണ്ടായി. ശ്രീതുവിനെക്കുറിച്ച് ശരണ്യയോട് അപ്സര പറഞ്ഞ വാക്കുകൾ പരസ്യമായതോടെയാണ് പ്രശ്നമുണ്ടായത്.
മത്സരാർത്ഥികൾ പറഞ്ഞ വാക്കുകൾ ക്യാപ്റ്റൻ പറയുകയും ഇത് ആര് ആരെക്കുറിച്ച് പറഞ്ഞതാണെന്ന് മറ്റുള്ളവർ കണ്ടെത്താനുമായിരുന്നു ബിഗ് ബോസ് നൽകിയ ടാസ്ക്. 'ഞാൻ ക്യാപ്റ്റനാണ്. ഞാൻ പറയുന്നത് അനുസരിക്കണമെന്ന് അവൾ പറഞ്ഞു. എനിക്ക് ഇങ്ങനെ ഒരാൾ ധാർഷ്ട്യത്തോടെ സംസാരിക്കുന്നത് ഇഷ്ടമല്ല. സ്നേഹവും ബഹുമാനവും പിടിച്ച് വാങ്ങേണ്ടതല്ല. അത് അറിഞ്ഞ് തരണം' എന്ന വാക്ക് വീട്ടിൽ ആര് ആരെക്കുറിച്ച് പറഞ്ഞെന്നായിരുന്നു ജാസ്മിന്റെ ചോദ്യം.

വീട്ടിലെ ആർക്കും ഇതാരാണെന്ന് വ്യക്തമായില്ല. ഒടുവിൽ ജാസ്മിൻ തന്നെ മറുപടി പറഞ്ഞു. അപ്സര ശ്രീതുവിനെക്കുറിച്ച് പറഞ്ഞതാണിത്. ഇത് കേട്ട് ഏവരും അമ്പരന്നു. കാരണം അപ്സരയും ശ്രീതുവും വീട്ടിൽ നല്ല സുഹൃത്തുക്കളാണ്. അപ്സര തന്നെക്കുറിച്ച് ഇങ്ങനെ പറഞ്ഞെന്ന് അറിഞ്ഞ് ശ്രീതുവും ഞെട്ടി.
ടാസ്ക് കഴിഞ്ഞ് എല്ലാവരും പോയി. ശ്രീതു വിഷമം കൊണ്ട് റൂമിലിരുന്ന് കരഞ്ഞു. അപ്സര തന്നെക്കുറിച്ച് ഇങ്ങനെ പറയുമെന്ന് ശ്രീതു പ്രതീക്ഷിച്ചിരുന്നില്ല. അപ്സര താൻ അങ്ങനെ പറഞ്ഞതിന്റെ സാഹചര്യം വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും ശ്രീതു ഇതിന് തയ്യാറായില്ല. ഇപ്പോൾ സംസാരിക്കേണ്ട എന്ന് പറഞ്ഞ് ശ്രീതു അപ്സരയെ മടക്കി. പിന്നീട് അപ്സര വന്ന് ഇതേക്കുറിച്ച് സംസാരിച്ചു. എന്നിട്ടും ശ്രീതുവിനെ പറഞ്ഞ് മനസിലാക്കാൻ സാധിച്ചില്ല. എനിക്ക് മനസിലായി എന്ന് ആവർത്തിച്ച് ശ്രീതു സംഭാഷണത്തിൽ നിന്ന് ഒഴിഞ്ഞ് മാറുകയാണുണ്ടായത്.

അപ്സരയും അൻസിബിയും തമ്മിലും വീട്ടിൽ ചെറിയ പ്രശ്നമുണ്ടായി. പവർ ടീം അംഗമായ അപ്സര രാവിലെ എല്ലാവരെയും വിളിച്ച് നിർത്തി സംസാരിച്ചപ്പോൾ അൻസിബ വരാൻ കൂട്ടാക്കിയില്ല. അപ്സര തന്നെ കൈ കൊട്ടി വിളിച്ച് ജോലി ചെയ്യാൻ ആവശ്യപ്പെട്ടെന്നും താൻ അപ്സരയുടെ ജോലിക്കാരി അല്ലെന്നും അൻസിബ പറഞ്ഞു. വ്യക്തിവൈരാഗ്യം പവർ ടീമിനോടല്ല കാണിക്കേണ്ടതെന്ന് അപ്സര പറഞ്ഞെങ്കിലും അൻസിബ തന്റെ വാദത്തിൽ ഉറച്ച് നിന്നു.
ഒടുവിൽ അൻസിബയ്ക്ക് പവർ ടീം ശിക്ഷ നൽകി. മോണിംഗ് മീറ്റിംഗിൽ എല്ലാവരെയും അൻസിബ എത്തിക്കണമെന്നാണ് ശിക്ഷ. അപ്സര പവർ ടീമിൽ എത്തിയ ശേഷമാണ് പവർ ടീം ഒന്നുകൂടി ശക്തരായതെന്ന് അഭിപ്രായമുണ്ട്. പവർ ടീം ചട്ടങ്ങൾ വീട്ടിൽ നടപ്പിലാക്കാൻ അപ്സര പരമാവധി ശ്രമിക്കുന്നുണ്ടെന്ന് പ്രേക്ഷകർ പറയുന്നു. ഇതേക്കുറിച്ച് മറ്റ് മത്സരാർത്ഥികൾക്കിടയിൽ പല അഭിപ്രായങ്ങളാണ്. അൻസിബ, ജാന്മണി തുടങ്ങിയ മത്സരാർത്ഥികൾക്കൊന്നും പവർ ടീമിന്റെ ചട്ടങ്ങൾ ഇഷ്ടപ്പെടുന്നില്ല.


Click it and Unblock the Notifications