ഗബ്രിയും ജാസ്മിനും ഓപ്പൺ റിലേഷനിലേക്ക് കടക്കുമോ?; ഗബ്രി സീരിയസാകവെ ചോദ്യങ്ങൾ ഉയരുന്നു
നാടകീയമായ ചില സംഭവങ്ങളാണ് ബിഗ് ബോസ് വീട്ടിൽ ഇക്കഴിഞ്ഞ എപ്പിസോഡിൽ നടന്നത്. ജാന്മണി കോമണർ മത്സരാർത്ഥികളെക്കുറിച്ച് മോശമായി സംസാരിച്ചത് പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടിട്ടില്ല. ജാന്മണിക്കെതിരെ വരും ദിവസങ്ങൾ വിമർശനങ്ങൾ കൂടാനും സാധ്യതയുണ്ട്. മറുവശത്ത് ജാസ്മിനും ഗബ്രിയുമാണ് ഈ എപ്പോസഡിലും കൂടുതൽ ചർച്ചയായത്. ജാസ്മിനോടുള്ള തന്റെ ഇഷ്ടം ഗബ്രി തുറന്ന് പറഞ്ഞു. ഇണക്കത്തിലും പിണക്കത്തലും മുന്നോട്ട് പോയ ജാസ്മിനും ഗബ്രിയും ഇടയിൽ വീക്കെന്റ് എപ്പിസോഡിന് ശേഷം ചില പ്രശ്നങ്ങളുണ്ടായി.
ജാസ്മിൻ തന്നിൽ നിന്നും മാറി ഒറ്റയ്ക്ക് ഗെയിം കളിക്കാൻ തുടങ്ങിയെന്ന് തോന്നിയതോടെ ഗബ്രി തകർന്നു. ഭക്ഷണം കഴിക്കാതെ പിണങ്ങിക്കിടന്ന ഗബ്രി കഴിഞ്ഞ ദിവസം പ്രേക്ഷകർക്കിടയിൽ ചർച്ചയായതാണ്. ഒരു ഘട്ടത്തിൽ ഗബ്രി വിഷമിച്ച് കരയുകയും ചെയ്തു. ജാസ്മിൻ ആശ്വസിപ്പിക്കാനെത്തിയപ്പോൾ ഗബ്രി തന്റെ സ്നേഹത്തെക്കുറിച്ച് തുറന്ന് സംസാരിച്ചു.

ഞാൻ നിന്നെ എത്ര മാത്രം സ്നേഹിക്കുന്നുണ്ടെന്ന് നിനക്ക് അറിയില്ലെന്നും നേരത്തെ രണ്ട് പ്രണയങ്ങൾ തകർന്നപ്പോൾ ആത്മഹത്യയുടെ വക്കിൽ നിന്നും താൻ തിരിച്ച് വന്നതാണെന്നും ഗബ്രി പറഞ്ഞു. രാത്രി ചില പിണക്കങ്ങൾ ഉണ്ടായപ്പോൾ ജാസ്മിൻ കരഞ്ഞു. ഗബ്രി അടുത്ത് വന്ന് ജാസ്മിനെ ആശ്വസിപ്പിക്കുകയും ചുംബിക്കുകയും ചെയ്തു.
ഗബ്രിയും ജാസ്മിനും തമ്മിൽ പ്രണയമാണോ സൗഹൃദമാണോ എന്ന് ബിഗ് ബോസ് വീട്ടിലുള്ളവർക്കോ പുറത്തുള്ളവർക്കോ ഇപ്പോഴും അറിയില്ല. ഇവർ ഓപ്പൺ റിലേഷനിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന് വീട്ടിനുള്ളിൽ തന്നെ അഭിപ്രായം വരുന്നുണ്ട്. ബിഗ് ബോസ് റിവ്യൂവേഴ്സും ഇങ്ങനെയൊരു സാധ്യത തള്ളിക്കളയുന്നില്ല. തനിക്ക് പുറത്ത് ഒരാളുമായി വിവാഹം ഉറപ്പിച്ച് വെച്ചതാണെന്ന് ജാസ്മിൻ നേരത്തെ പറഞ്ഞിട്ടുണ്ട്. ജാസ്മിന്റെ പിതാവും നേരത്തെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ മുന്ന എന്നയാളുമായി ജാസ്മിന്റെ വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും ഇത് മുടങ്ങിപ്പോയി. ചെക്കന്റെ വീട്ടിലെ പ്രശ്നങ്ങൾ കാരണമാണ് വിവാഹം മുടങ്ങിയതെന്നാണ് ജാസ്മിന്റെ പിതാവ് ജാഫർ പറഞ്ഞത്. ഇപ്പോൾ ജാസ്മിന് മറ്റൊരു വിവാഹം ശരിയായിട്ടുണ്ടെന്നും ജാസ്മിനെ നന്നായി മനസിലാക്കുന്ന ആളാണ് പയ്യനെന്നും ഇദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു. ഇതേക്കുറിച്ച് ഒരിക്കൽ ബിഗ് ബോസ് വീട്ടിനുള്ളിൽ ജാസ്മിനും സംസാരിച്ചു. ഒരു സുഹൃത്തുണ്ട്.
അവനും എനിക്കുമൊക്കെ കല്യാണം നോക്കുന്നുണ്ടായിരുന്നു. ഒരു ദിവസം അവൻ വീട്ടിൽ വന്നു. ബിഗ് ബോസ് കഴിഞ്ഞിട്ട് സംസാരിക്കാമെന്നാണ് പറഞ്ഞ് വെച്ചതെന്ന് ജാസ്മിൻ പറഞ്ഞു. ജാസ്മിനും ഗബ്രിയും ബിഗ് ബോസ് വീട്ടിനുള്ളിൽ നടത്തുന്ന സംഭാഷണങ്ങളിൽ പ്രേക്ഷകർക്ക് ആശയക്കുഴപ്പമുണ്ട്. രാത്രി പറയുന്ന കാര്യങ്ങളുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് രാവിലെ ഇവർ സംസാരിക്കുന്നത്. രാത്രി പിണക്കവും കരച്ചിലുമാണെങ്കിൽ പകൽ സമയം ഇതൊന്നും കാണാനില്ല. ഇതാണ് പ്രേക്ഷകരെ ആശയക്കുഴപ്പത്തിലാക്കുന്നത്. വരും ദിവസങ്ങളിൽ ഗബ്രി-ജാസ്മിൻ ബന്ധത്തിന്റെ യാഥാർത്ഥ്യം കുറേക്കൂടി വ്യക്തമാകും.


Click it and Unblock the Notifications