അമ്മ ചെയ്തതിൽ എന്താണ് തെറ്റ്?; കോംബോ ഫാൻസിന്റെ അപകട വശം; 'അമ്മ ശ്രീതുവിന്റെ ഭാവി നോക്കി'
ഫാമിലി വീക്കീൽ മത്സരാർത്ഥികളുടെ കുടുംബം ഓരോരുത്തരായി എത്തുമ്പോൾ പ്രേക്ഷകകർക്കിടയിൽ പല അഭിപ്രായങ്ങൾ. ശ്രീതുവിന്റെ അമ്മയ്ക്ക് നേരെ കമന്റ് ബോക്സിൽ വിമർശനം വരുന്നുണ്ട്. അർജുനുമായുള്ള കോംബോ വേണ്ടെന്ന് ശ്രീതുവിനെ അമ്മ പരോക്ഷമായി ഉപദേശിച്ചിട്ടുണ്ട്. അർജുൻ-ശ്രീതു കോംബോ ആരാധകർ ഏറ്റെടുത്തിരിക്കെയാണ് അമ്മ ഇതിന് വിരാമമിടാൻ ശ്രമിച്ചത്. ഇത് രണ്ട് പേരുടെയും ആരാധകർക്ക് ഇഷ്‌ടപ്പെട്ടിട്ടില്ല. അർജുനുമായുള്ള കോംബോ ഉള്ളത് കൊണ്ടാണ് ശ്രീതു ഇത്രയും നാൾ ഷോയിൽ നിന്നത്, അമ്മ അതില്ലാതാക്കി, മോശം സമീപനം എന്നൊക്കെയാണ് കമന്റുകൾ.
ശ്രീതുവിന് ടോപ് ഫൈവിൽ എത്താമായിരുന്നു, നിങ്ങളാണ് അവരുടെ ഗെയിം നശിപ്പിച്ചത്, ശ്രീതുവിന്റെ കാര്യം ഇനി പോക്കാണ്, പെട്ടെന്ന് പുറത്താകും എന്നിങ്ങനെ കമന്റുകൾ നീളുന്നു. ബിഗ് ബോസ് വീട്ടിലെത്തിയപ്പോൾ അധികമാരുമായു ശ്രീതുവിന്റെ അമ്മ ഇടപഴകിയതുമില്ല. അർജുനെ അവഗണിച്ചെന്നും ആരാധകർ കുറ്റപ്പെടുത്തുന്നു. അതേസമയം ശ്രീതുവിന്റെ അമ്മയെ പിന്തുണച്ചും അഭിപ്രായങ്ങൾ വരുന്നുണ്ട്.

അമ്മയെന്ന നിലയിൽ ചെയ്യേണ്ട കാര്യങ്ങളാണ് അവർ ചെയ്തതെന്നും ഉപദേശിച്ചതിൽ തെറ്റില്ലെന്നും അനുകൂലിക്കുന്നവർ പറയുന്നു. ബിഗ് ബോസിലെ ലൗ കോംബോ ഫാൻസിന്റെ അപകടവശവും ഇവർ ചൂണ്ടിക്കാട്ടി. ഷോയിൽ കോബോയിൽ നിന്നുള്ള ജനപ്രീതിയോടെ ശ്രീതു മുന്നോട്ട് പോകുന്നത് അപകടമാണ്. കാരണം ഇവർ തമ്മിൽ സൗഹൃദത്തിനപ്പുറം ഒന്നുമില്ല. കോബോ പുറത്ത് ചർച്ചയാകുന്നുണ്ടെന്ന് വൈൽഡ് കാർഡ് എൻട്രികളിൽ നിന്നും മറ്റും സൂചന ലഭിച്ചപ്പോഴാണ് ഇവർ തമ്മിൽ കൂടുതൽ അടുത്തത് പോലും.
ഇല്ലാത്ത അടുപ്പം കാണിച്ച് ഷോയിൽ മുന്നോട്ട് പോയാൽ സീസൺ കഴിഞ്ഞ് പുറത്തിറങ്ങിയാലും ശ്രീതുവിനെ ഇത് ബാധിച്ചേക്കും. മുൻ സീസണുകളിൽ നടന്ന സംഭവങ്ങൾ ഇതിനുദാഹരണമാണ്. ഇക്കാരണങ്ങളാൽ ശ്രീതുവിന്റെ അമ്മ ചെയ്തത് നല്ല തീരുമാനമാണെന്ന് പ്രേക്ഷകരിൽ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. അതേസമയം കോംബോ ഇല്ലെങ്കിൽ അർജുനും ശ്രീതുവിനും ബിഗ് ബോസിൽ ഇനി മുന്നോട്ട് പോകാനാകുമോ എന്ന ചോദ്യവുമുണ്ട്.

70 ദിവസത്തോട് അടുക്കാറായിട്ടും ശ്രീതുവിന് എടുത്ത് പറയത്തക്ക ചലനമൊന്നും ഷോയിൽ ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. വഴക്കിൽ നിന്നെല്ലാം ഒഴിഞ്ഞ് മാറി നടക്കുന്ന പ്രകൃതം. അർജുനൊപ്പമുള്ളപ്പോഴാണ് ശ്രീതുവിന് സ്ക്രീൻ സ്പേസ് കിട്ടുന്നത്. അർജുന്റെയും സാഹചര്യം ഇതു തന്നെ. ഫൈനലിൽ ശ്രീതുവിനും അർജുനും എത്താനാകുമോ എന്ന ചോദ്യവും പ്രേക്ഷകർക്കുണ്ട്.
ജാസ്മിൻ -ഗബ്രി കോംബോ പുറത്തുണ്ടാക്കിയ ബഹളങ്ങൾ ശ്രീതുവിന്റെ അമ്മയെ ആശങ്കപ്പെടുത്തിയിരിക്കാം എന്ന അഭിപ്രായവും പ്രേക്ഷകർക്കുണ്ട്. ഷോയിൽ നിന്ന് പുറത്തായിട്ടും കടുത്ത സൈബർ ആക്രമണം ഗബ്രിക്ക് നേരെ വരുന്നുണ്ട്. താനും തന്റെ കുടുംബവും കടന്ന് പോകുന്ന സാഹചര്യം ആർക്കും അറിയില്ലെന്നും സൈബർ ആക്രമണം ഇവരെ ബാധിച്ചിട്ടുണ്ടെന്നും ഗബ്രി കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞു.
പുറത്തിറങ്ങിയാൽ ഏറ്റവും കൂടുതൽ കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വരിക ജാസ്മിനാണ്. ഗബ്രിയുമായുള്ള കോംബോ അത്രമാത്രം പ്രേക്ഷകരുടെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ഗബ്രി പുറത്ത് പോകാൻ പോലും കാരണമായത് ഇതാണ്. മുൻ സീസണുകളിലും കോംബോ മത്സരാർത്ഥികൾക്ക് വിനയായിട്ടുണ്ട്.


Click it and Unblock the Notifications