'വൈൽഡ് കാർഡുകളിൽ ഏറ്റവും പ്രതീക്ഷ സായിയിലാണ്, രായാവുണ്ടാവാത്ത സീസണായതുകൊണ്ട് സായിക്ക് എല്ലാം എളുപ്പമാകും'
ബിഗ് ബോസ് മലയാളം സീസൺ ആറ് നാലാം ആഴ്ച പിന്നിടുമ്പോൾ പ്രേക്ഷകർ പ്രതീക്ഷിച്ചതുപോലൊരു പ്രകടനം കാഴ്ചവെക്കാൻ ഇതുവരെ ഹൗസിലുള്ള മത്സരാർത്ഥികൾക്ക് സാധിച്ചിട്ടില്ല. മാത്രമല്ല അൽപ്പമെങ്കിലും സ്ട്രാങായി ഗെയിം കളിച്ചിരുന്നവരിൽ ചിലർ ഫിസിക്കൽ അസാൾട്ട് അടക്കമുള്ള പ്രശ്നങ്ങളുടെ പേരിലും പരിക്കേറ്റും മത്സരത്തിൽ നിന്നും പുറത്തായി. ആറാം സീസണിൽ നിലവാരമില്ലാത്ത ചില വഴക്കുകളും ജാസ്മിൻ-ഗബ്രി ലവ് ട്രാക്കും അല്ലാതെ മറ്റൊന്നും കാണാനില്ലെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
പലപ്പോഴും വാക്കിലും പ്രവൃത്തിയിലും മത്സരാർത്ഥികൾ അതിരുവിടുന്നതിനാൽ കുടുംബത്തോടൊപ്പം ഷോ കാണാൻ സാധിക്കാത്ത സാഹചര്യമുണ്ടെന്ന് വരെ പ്രേക്ഷകർ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിതാ സീസൺ തന്നെ ഒന്ന് മാറ്റി മറിക്കുന്നതിന്റെ ഭാഗമായി ആറ് വൈൽഡ് കാർഡുകൾ ഒരുമിച്ച് ഹൗസിലേക്ക് എത്താൻ പോവുകയാണ്.

ആദ്യമായാണ് ആറ് വൈൽഡ് കാർഡുകൾ ഹൗസിലേക്ക് ഒരുമിച്ച് എത്താൻ പോകുന്നത്. വൈൽഡ് കാർഡുകൾ വരുന്നുവെന്ന് അറിഞ്ഞതോടെ പ്രേക്ഷകരും ആവേശത്തിലാണ്. ഒരു മാസത്തെ മത്സരം കണ്ടിട്ടാണ് വൈൽഡ് കാർഡുകൾ വീട്ടിലേക്ക് വരുന്നത് എന്നത് വൈല്‍ഡ് കാര്‍ഡുകള്‍ക്ക് മുന്നിലുള്ള വലിയ സാധ്യതയാണ്.
എന്നാല്‍ വൈല്‍ഡ് കാര്‍ഡുകളായി എത്തിയവരില്‍ത്തന്നെ വാണവരും വീണവരും നിരവധി ബിഗ് ബോസ് മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. സായ് കൃഷ്ണ, അഭിഷേക് ശ്രീകുമാർ, അഭിഷേക് ജയ്ദീപ്, പൂജ കൃഷ്ണ, ഡിജെ സിബിൻ, നന്ദന എന്നിവരാണ് വൈൽഡ് കാർഡ് എൻട്രികളായി എത്തുന്ന മത്സരാർത്ഥികൾ എന്നാണ് റിപ്പോർട്ട്. ഞായറാഴ്ചത്തെ എപ്പിസോഡിൽ ഈ ആറ് പേരും വീടിനകത്തേക്ക് പ്രവേശിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം ഇപ്പോഴിതാ വൈൽഡ് കാർഡ് പ്രഡിക്ഷൻ ലിസ്റ്റിലുള്ള മത്സരാർത്ഥികളിൽ ഒരാളായ സീക്രട്ട് ഏജന്റെന്ന് അറിയപ്പെടുന്ന സായ് കൃഷ്ണയെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. ഉണ്ണി മുകുന്ദൻ സിനിമ മാളികപ്പുറത്തിന്റെ റിവ്യു ചെയ്തതിന്റെ പേരിൽ ഉണ്ണി മുകുന്ദനും സായ് കൃഷ്ണയും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും ഉണ്ണി സായ് കൃഷ്ണയോട് മോശമായി പെരുമാറുകയും ചെയ്തത് വലിയ രീതി വിവാദവും സോഷ്യൽമീഡിയയിൽ ചർച്ചയാവുകയും ചെയ്തിരുന്നു.
സിനിമാ, രാഷ്ട്രീയം തുടങ്ങി എല്ലാ വിഷയങ്ങളിലും തന്റേതായ അഭിപ്രായം വ്യക്തമാക്കി റിയാക്ഷൻ വീഡിയോ ചെയ്താണ് സായ് കൃഷ്ണ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. എട്ട് ലക്ഷത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സുണ്ട് സായ് കൃഷ്ണയുടെ യുട്യൂബ് ചാനലിന്. ഇതുവരെയുള്ള ബിഗ് ബോസ് മലയാളം സീസൺ ആറിന്റെ എപ്പിസോഡുകളുടെയും റിവ്യുവും നിരന്തരം സായ് കൃഷ്ണ ചെയ്യാറുണ്ടായിരുന്നു.

വൈൽഡ് കാർഡുകളിൽ ഏറ്റവും പ്രതീക്ഷ സായിയിലാണ് എന്നാണ് ബിഗ് ബോസ് പ്രേക്ഷകരുടെ സോഷ്യൽമീഡിയ ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ട കുറിപ്പിൽ പറയുന്നത്. 'പുതുതായി കയറാൻ പോകുന്ന വൈൽഡ് കാർഡുകളിൽ ഏറ്റവും പ്രതീക്ഷ തരുന്ന ഒരു ആളാണ് സായി കൃഷ്ണ അഥവാ സീക്രട്ട് ഏജന്റ്. കാരണം പുള്ളിയുടെ സംസാരവും അതുപോലെ ചെറിയ വിഷയമായാലും അതിൽ നിന്ന് കോൺടെന്റ് ഉണ്ടാക്കാനുള്ള സാമർഥ്യവും... കഴിഞ്ഞ സീസൺ മുതൽ കേട്ട് കൊണ്ടിരിക്കുന്നതാണ് ഇങ്ങേർ ബിഗ് ബോസിൽ വരും വരും എന്ന്.'
'ഒരു കൊല്ലം കഴിഞ്ഞായാലും പുള്ളി വൈൽഡ് കാർഡായി വരുന്നു എന്നറിഞ്ഞപ്പോൾ സന്തോഷം. ഇതുവരെ രായാവ് ഉണ്ടാവാത്ത സീസണായത് കൊണ്ട് തന്നെ ഒരു പക്ഷെ പ്രേക്ഷക മനസ് കീഴടക്കാൻ സായിക്ക് കുറച്ചും കൂടി എളുപ്പമായിരിക്കും.'
'മറിച്ച് കാറിനുള്ളിൽ ഇരിക്കുന്നതുപോലെ ഏതേലും മൂലയിൽ ഇരുന്നുള്ള സംസാരം മാത്രമായാൽ പരദൂഷണക്കാരനായും മുദ്ര കുത്താൻ അധികം സമയം വേണ്ടി വരില്ല. കാത്തിരിക്കാം .... നാഥനില്ലാ കളരിയിൽ നാഥനാകാൻ സായിക്ക് കഴിയുമോ എന്നറിയാൻ', എന്നായിരുന്നു കുറിപ്പ്.


Click it and Unblock the Notifications