'സായ് പണപ്പെട്ടിയെടുത്തത് നല്ല തീരുമാനം, പണം എന്ത് ചെയ്യണമെന്നത് സായിയുടെ ഡിസിഷൻ, ഞാൻ ഇടം കോലിടില്ല'
അഞ്ച് ലക്ഷത്തിന്റെ പണപ്പെട്ടിയുമെടുത്ത് സീക്രട്ട് ഏജന്റെന്ന സായ് കൃഷ്ണൻ ബിഗ് ബോസ് ഷോയിൽ നിന്നും പടിയിറങ്ങി. പണപ്പെട്ടി ടാസ്ക്ക് ആരംഭിച്ചപ്പോൾ ബിഗ് ബോസ് പോലും കരുതിക്കാണില്ല ഇത്ര വേഗത്തിൽ ഒരാൾ പെട്ടിയെടുക്കുമെന്നും ടാസ്ക്ക് അവസാനിക്കുമെന്നും. ഈ സീസണിൽ ഹൗസിലേക്ക് കയറിയ ആറ് വൈൽഡ് കാർഡുകളിൽ ഒന്നായിരുന്നു സായ് കൃഷ്ണൻ. സായ് വന്നപ്പോൾ മുതൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത ഒരു വിഷയം പണപ്പെട്ടി തന്നെയാണ്.
അതുകൊണ്ട് തന്നെ ടാസ്ക്ക് ആരംഭിച്ചപ്പോൾ സായ് പെട്ടി എടുക്കാനുള്ള സാധ്യത പ്രേക്ഷകർക്കും തോന്നിയിരുന്നു. കുറച്ച് കൂടി വലിയ സംഖ്യകൾ ബിഗ് ബോസ് വെക്കുമോയെന്ന് നോക്കിയശേഷം തീരുമാനത്തിൽ എത്താം എന്ന നിലപാടിലായിരുന്നു മറ്റുള്ള മത്സരാർത്ഥികൾ. അതിനിടയിലാണ് സായ് പെട്ടി എടുത്ത് പോയത്. സായിയുടെ തീരുമാനം ഹൗസിൽ എല്ലാവർക്കും വലിയ ഷോക്കായിരുന്നു. സിജോ, അഭിഷേക് അടക്കം പലരും സായിയെ വിമർശിച്ചു.

എന്നാൽ സായിയുടെ തീരുമാനം ഉചിതമായ ഒന്നായിരുന്നുവെന്ന് പറയുകയാണ് ഭാര്യ സ്നേഹ. സായിയുടെ യുട്യൂബ് ചാനൽ സായ് ബിഗ് ബോസിലേക്ക് പോയശേഷം ഭാര്യ സ്നേഹയാണ് നോക്കി നടത്തുന്നത്. സീക്രട്ട് ഏജന്റെന്ന ഈ ചാനലിൽ പങ്കിട്ട പുതിയ വീഡിയോയിലാണ് പണപ്പെട്ടി ടാസ്ക്കിനെ കുറിച്ച് സ്നേഹ സംസാരിച്ചത്. 'സായ് പണപ്പെട്ടിയെടുത്തത് നല്ല തീരുമാനമായി തോന്നി. ടോപ്പ് ഫൈവിൽ താൻ വരില്ലെന്ന തോന്നൽ കാരണമാകാം സായ് പെട്ടി എടുത്തത്.'
'പണത്തിന് വേണ്ടിയല്ല സായ് പെട്ടി എടുത്തത്. അഞ്ച് ലക്ഷം കണ്ടപ്പോൾ കണ്ണ് മഞ്ഞളിച്ചിട്ടുമില്ല സായിക്ക്. പെട്ടി എടുത്തശേഷം സായ് നടത്തിയ സ്പീച്ച് കേട്ടപ്പോൾ എനിക്ക് വിഷമം തോന്നി. സായ് പണപ്പെട്ടി എടുത്തതിൽ എനിക്ക് ഒരു പ്രശ്നവുമില്ല. പണപ്പെട്ടി എന്ത് ചെയ്യണമെന്നത് സായിയുടെ ഡിസിഷൻ.'
'ഞാൻ അതിൽ ഇടം കോലിടാൻ പോകുന്നില്ല. അഭിഷേക് റിഷിയെ പണപ്പെട്ടിയുടെ വിഷയത്തിൽ മാനിപ്പുലേറ്റ് ചെയ്യുന്നത് ഞാൻ കണ്ടിരുന്നു. പിന്നെ സായിയുടെ ബിഗ് ബോസ് ജീവിതം കഴിഞ്ഞല്ലോയെന്ന സങ്കടം എനിക്കുണ്ട്. സായ് നല്ലൊരു മനുഷ്യനായിയെന്ന് അറിഞ്ഞതിൽ സന്തോഷം. അതുപോലെ ബിഗ് ബോസ് മലയാളത്തിൽ ഇതുവരെ വന്നതിൽ ഏറ്റവും മോശം കണ്ടസ്റ്റന്റന്റ് സായിയായിരുന്നുവെന്ന് ഞാൻ പലരും പറയുന്നത് കണ്ടു.'
'ഈ സീസൺ കുളമാക്കിയത് സായിയാണെന്നും കമന്റുകൾ കണ്ടിരുന്നു. ടിക്കറ്റ് ടു ഫിനാലെയിലെ ഗെയിം നിങ്ങൾ കണ്ടതല്ലേ. പിന്നെ വിട്ടുകൊടുക്കുന്നതും ഒരു ഗെയിം തന്നെയല്ലേ. എല്ലാ സീസണുകളിലും വിട്ടുകൊടുത്ത് ഗെയിം കളിക്കാറില്ലെ ആളുകൾ. സായിയെ വെള്ളപൂശാൻ പറഞ്ഞതല്ല. സായ് ടോപ്പ് ഫൈവിൽ വരണമെന്നും കപ്പടിക്കണമെന്നും എനിക്ക് ആഗ്രഹമുണ്ടായിരുന്നു.'

'എന്ന് കരുതി സായിയുടെ തീരുമാനത്തോട് എതിർപ്പില്ല. സായ് ഒരാൾ വിചാരിച്ചാൽ ഗെയിമുകൾ കുളമാകില്ല. മറ്റുള്ള വന്ന് ആ ലൂപ്പിൽ പെട്ടതിന് സായ് എന്ത് ചെയ്യണം?. പിന്നെ സായിയുടെ ഉള്ളിലെ മനുഷ്യത്വം അറിയാവുന്നയാളാണ് ഞാൻ. ബിഗ് ബോസ് അല്ല ജീവിതത്തിന്റെ അവസാനം. ഇതിന് അപ്പുറവും ഒരു ലൈഫ് എനിക്കും സായിക്കുമുണ്ട്.'
'സായ് നന്മമരം കളിക്കുന്നുവെന്നൊക്കെ ആളുകൾ പറയുന്നത് അവരുടെ കാഴ്ചപ്പാടാണ്. പിന്നെ അടുത്തയാഴ്ച വീണ്ടും ഹൗസിലേക്ക് സായിക്ക് റീ എൻട്രിയുണ്ടല്ലോ. വയ്യാതെയും നന്നായി ഗെയിം കളിച്ചു സായ്', എന്നാണ് സ്നേഹ പറഞ്ഞത്.


Click it and Unblock the Notifications