'ബിഗ് ബോസിൽ പോയാൽ വിജയിച്ചിട്ടേ വരൂ... തോറ്റ് കൊടുക്കില്ല, എന്റെ സ്ട്രസ് റിലീഫ് തൂപ്പും തുടപ്പുമാണ്'
ബിഗ് ബോസ് മലയാളം സീസൺ ആറ് നാലാം ആഴ്ച പിന്നീടുമ്പോൾ ആവേശകമായ മത്സരമാണ് ഹൗസിൽ നടക്കുന്നത്. ഇപ്പോൾ ഹൗസിൽ പതിനാല് പേരാണ് കപ്പിനായി മത്സരിക്കുന്നത്. എന്നാൽ നാലാം ആഴ്ച പിന്നിടുമ്പോൾ ഒരാൾ കൂടി ഹൗസിൽ നിന്നും എവിക്ടായി എന്നുള്ള റിപ്പോർട്ടാണ് വരുന്നത്. പുറത്തായത് മറ്റാരുമല്ല സീരിയൽ-സിനിമാ താരം യമുന റാണിയാണ്. പ്രേക്ഷക പ്രീതി സമ്പാദിക്കുന്ന കാര്യത്തിൽ യമുന മറ്റ് മത്സരാർത്ഥികളെ അപേക്ഷിച്ച് അൽപ്പം പിന്നിലായിരുന്നു. കുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് യമുന.
രണ്ട് പെൺകുഞ്ഞുങ്ങളുടെ അമ്മയായ യമുന ആദ്യ വിവാഹം പരാജയമായതിനെ തുടർന്ന് കുറച്ച് നാളുകൾക്ക് മുമ്പാണ് വീണ്ടും വിവാഹിതയായത്. ദേവൻ എന്നയാളെയാണ് യമുന വിവാഹം ചെയ്തത്. താരത്തിന്റെ യഥാർത്ഥ പേര് അരുണ എന്നായിരുന്നു. എന്നാൽ സിനിമകളിലും സീരിയലുകളിലും സജീവമായശേഷം യമുന റാണി എന്ന പേരിലാണ് അറിയപ്പെടുന്നത്.

യമുന ബിഗ് ബോസ് മലയാളം സീസൺ ആറിൽ നിന്നും പ്രേക്ഷക വിധി പ്രകാരം പുറത്തായി എന്നുള്ള റിപ്പോർട്ടുകൾ വന്നതോടെ യമുന ബിഗ് ബോസിലേക്ക് പോകും മുമ്പ് ബിഹൈൻവുഡ്സ് ഐസിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിൽ പോയാൽ വിജയിച്ചിട്ടേ വരൂവെന്നും തോറ്റ് കൊടുക്കില്ലെന്നുമാണ് യമുന പറയുന്നത്. ഭർത്താവിനും മക്കൾക്കും താൻ ബിഗ് ബോസിൽ പോകുന്നതിനോട് പൂർണ സമ്മതമാണെന്നും യമുന പറയുന്നു.
യമുനയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം.... 'ബിഗ് ബോസ് ഒരു വലിയ പ്ലാറ്റ്ഫോമല്ലേ... സാധാരണക്കാർക്കും അതിൽ പങ്കെടുക്കാൻ പറ്റും. അത്രയും വലിയ അവസരമുള്ള പ്ലാറ്റ്ഫോമാണ്. എക്സ്പോഷർ നന്നായി കിട്ടും. ഞാനും ദേവേട്ടനുമായുള്ള വിവാഹം കഴിഞ്ഞപ്പോൾ രണ്ട് പെൺകുട്ടികളേയും വെച്ച് ഈ പ്രായത്തിൽ കേറി കല്യാണം കഴിക്കാൻ ഇവർക്കെന്താ എന്നൊക്കെയുള്ള ചോദ്യങ്ങൾ കമന്റ്സിലൂടെ കേട്ടിട്ടുണ്ട്.'
'സമൂഹത്തിൽ ഒറ്റപ്പെട്ട് ജീവിക്കുന്ന ഒരുപാട് സ്ത്രീകളുണ്ട്. ചിലപ്പോൾ ഫാമിലിയുടെ പ്രഷറും സമൂഹം എന്ത് വിചാരിക്കുമെന്നും കരുതി വിവാഹം ചെയ്യാൻ ധൈര്യം കാണിക്കാത്ത ഒരുപാട് പേരുണ്ട്. ഞങ്ങളുടെ വിവാഹത്തിനുശേഷം ഇന്റർവ്യു കണ്ട് ഞങ്ങളെ കോൺടാക്ട് ചെയ്ത പലരുമുണ്ട്. അതിൽ പുരുഷന്മാരുമുണ്ട്. ദേവേട്ടനോടാണ് അവർ സംസാരിച്ചത്. അങ്ങനെയുള്ളവർക്ക് പ്രായം വിവാഹത്തിനൊന്നും ഒരു തടസമല്ലെന്നും ഏത് പ്രായത്തിലും വിവാഹം കഴിക്കാമെന്നും സൊസൈറ്റിയോടും പറയണമെന്ന് എനിക്കുണ്ട്.'
'പേഴ്സണൽ ലൈഫ് ഞാൻ സോഷ്യൽമീഡിയയിൽ പരസ്യപ്പെടുത്തുന്നതിനെ പലരും വിമർശിക്കാറുണ്ട്. ഒരു ചാപ്റ്റർ ക്ലോസായിയെന്ന് കരുതി അതോടെ ജീവിതം അവസാനിക്കുന്നില്ല. ആ പുസ്തകത്തിൽ ഇനിയും പല പാഠങ്ങളുണ്ട്. അത് തുറന്ന് പഠിക്കാൻ നമ്മൾ തയ്യാറാകണം. ബിഗ് ബോസിലും ഇത് തന്നെയാകും എന്റെ അജണ്ട. ഞാൻ എന്തിന് ഇറങ്ങിത്തിരിച്ചാലും ദേവേട്ടനും മക്കളും ഫുൾ സപ്പോർട്ടാണ്.'

'ഞാൻ തന്നെ ഇപ്പോൾ ഒരുപാട് മാറി. എന്റെ ഉള്ളിലെ കുട്ടി പുറത്ത് വന്നത് അതിനെ സപ്പോർട്ട് ചെയ്യുന്ന ഒരാൾ എന്റെ ജീവിതത്തിലേക്ക് വന്നപ്പോഴാണ്. ബിഗ് ബോസിൽ ദേവേട്ടനൊപ്പം പോയാൽ എനിക്ക് ഒരുപാട് സന്തോഷമാകും. എന്റെ കുട്ടിക്കളി മക്കൾക്കും ദേവേട്ടനുമെ അറിയൂ. പുറത്ത് ഞാൻ വളരെ സീരിയസാണ്. ഹൗസിൽ പോയാൽ സീരിയസ് മാറ്റേഴ്സ് വന്നാൽ ഞാൻ അത്തരത്തിൽ സംസാരിക്കും. പക്ഷെ ദേവേട്ടൻ തഗ് അടിക്കും.'
'മുമ്പ് ഞാൻ ഷോർട്ട് ടെംമ്പേർഡായിരുന്നു. പറയേണ്ട കാര്യങ്ങൾ ഞാൻ സ്ട്രാങ്ങായി പറയും. ജനങ്ങളുടെ മനസിൽ കയറിയ ഒരുപാട് കഥാപാത്രങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. ബിഗ് ബോസിൽ പോയാലും ഇല്ലെങ്കിലും എന്റെ സ്ട്രസ് റിലീഫ് തൂപ്പും തുടപ്പുമാണ്. സ്ട്രസ് കയറിയിട്ട് രാത്രി രണ്ട് മണിക്ക് എണീറ്റ് ഞാൻ തുടച്ചിട്ടുണ്ട്.'
'ബിഗ് ബോസിൽ പോയാൽ വിജയിച്ചിട്ടേ വരൂ... തോറ്റ് കൊടുക്കില്ല. പോയാൽ കപ്പ് അടിച്ചിട്ടേ വരൂ. തീരുമാനിച്ച് ഇറങ്ങിയാൽ നമ്മൾക്കും നേടാൻ സാധിക്കും. ഷൂട്ടിങിന് പോകുന്ന ടൈം ഒഴിച്ചാൽ ഞാൻ ഒരു സാധാരണ വീട്ടമ്മയാണ്.'
'ഭർത്താവിനും മക്കൾക്കും ഫുഡ് വെച്ച് കൊടുത്ത് അവർ അത് നിർവൃതിയോടെ കഴിക്കുന്നത് കാണുന്നതാണ് എന്റെ സന്തോഷമെന്നാണ്', കുടുംബത്തെ കുറിച്ചും ബിഗ് ബോസിൽ പോയാൽ ചെയ്യാൻ പോകുന്ന കാര്യങ്ങളെ കുറിച്ചും വിവരിച്ച് യമുന റാണി പറഞ്ഞത്.


Click it and Unblock the Notifications