നന്നായി വസ്ത്രം ധരിച്ചാൽ മലയാളികളുടെ ഇഷ്ടം നേടാം ജിസേലിനോട് ഷാനവാസ്, ഒറ്റ രാത്രികൊണ്ട് മാസീവ് സപ്പോർട്ട്!
മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ സീരിയൽ നടനാണ് സീത, കുങ്കുമപ്പൂവ് തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധേയനായ ഷാനവാസ്. ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ പത്തൊമ്പത് മത്സരാർത്ഥികളിൽ ഒരാൾ ഷാനവാസാണ്. കുങ്കുമപ്പൂവിലെ രുദ്രനെ സ്നേഹിച്ചിരുന്ന സീരിയൽ പ്രേമികൾ എല്ലാം ഷാനവാസും ഇത്തവണ ബിഗ് ബോസിലുണ്ടെന്ന് അറിഞ്ഞപ്പോൾ ആവേശത്തിലായിരുന്നു. വരും ദിവസങ്ങളിൽ ആക്ടീവായി കളി മുന്നോട്ട് കൊണ്ടുപോകുന്ന പ്ലയറായി ഷാനവാസിനെ കാണാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ.
എന്നാൽ എല്ലാവരേയും നിരാശപ്പെടുത്തുന്ന ഒരു പ്രസ്താവന ഷാനവാസിന്റെ ഭാഗത്ത് നിന്നും കഴിഞ്ഞ ദിവസം ഉണ്ടായി. നോമിനേഷൻ വേളയിൽ സംസാരിക്കവെ സഹമത്സരാർത്ഥിയും മോഡലുമായ ജിസേൽ തക്രാലിനെ കുറിച്ചാണ് ബിബി പ്രേക്ഷകരിൽ ഭൂരിഭാഗം പേരെയും അമ്പരപ്പിച്ച പ്രസ്താവന നടൻ നടത്തിയത്.

ജിസേലിന്റെ വസ്ത്രധാരണം കേരള സംസ്കാരത്തിന് യോജിച്ചത് അല്ലെന്നും അതിനാൽ നോമിനേറ്റ് ചെയ്യുന്നുവെന്നുമാണ് ഷാനവാസ് പറഞ്ഞത്. വസ്ത്രധാരണമൊക്കെ തികച്ചും വ്യക്തിപരമായ ചോയ്സാണ്. എന്ത് ധരിക്കണം എന്ത് ധരിക്കേണ്ട എന്നെല്ലാം അവനവനാണ് തീരുമാനിക്കേണ്ടത്.
എന്നാൽ ജിസേലിന്റെ വസ്ത്രധാരണം ഈ ഷോയിൽ അത്രകണ്ട് ഉൾക്കൊള്ളാൻ പ്രയാസമാണെന്നാണ് ഷാനവാസ് പറഞ്ഞത്. ഈ ഒരു ഒറ്റ പ്രസ്താവനയിലൂടെ ഷാനവാസിന് വലിയ രീതിയിലുള്ള വിമർശനമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. 2025ൽ എത്തിയിട്ടും സിനിമ-സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്ന ആളായിരുന്നിട്ടും ഷാനവാസ് പിന്തിരിപ്പാൻ ചിന്താഗതിയിലൂടെ സഞ്ചരിക്കുന്നുവെന്ന് അറിഞ്ഞതിൽ പുച്ഛം തോന്നുന്നുവെന്നാണ് പലരും കുറിച്ചത്.
തന്റെ വസ്ത്രധാരണം ഇഷ്ടപ്പെടാത്തവർ ഹൗസിലുണ്ടെന്നത് ജിസേലിനും മനസിലായിട്ടുണ്ട്. അതേ കുറിച്ച് നെവിനുമായി ജിസേൽ സംസാരിക്കുകയും ചെയ്തിരുന്നു. എന്റെ വസ്ത്രധാരണം ആരെയാണ് ഇറിറ്റേറ്റ് ചെയ്യുന്നത്. മാത്രമല്ല ആർക്കും വസ്ത്രമൊന്നും കിട്ടിയില്ലല്ലോ. ഉള്ള വസ്ത്രമല്ലേ ഇടാൻ പറ്റു. നൈറ്റ് സ്യൂട്ട് ഇട്ടൊന്നും എനിക്ക് നടക്കണ്ട.
കുളിച്ചശേഷം മാറാൻ വസ്ത്രമുണ്ടായിരുന്നുവെങ്കിൽ മാറിയേനെ. ഞാൻ പണ്ട് മുതൽ ഇങ്ങനെയാണെന്നും ജിസേൽ പറഞ്ഞു. നോമിനേഷനുശേഷം നേരിട്ടും ജിസേലിനോട് വസ്ത്രധാരണത്തെ കുറിച്ച് ഷാനവാസ് സംസാരിച്ചിരുന്നു. ജിസേൽ വെൽ ഡ്രസ്സിങ്ങ് ചെയ്താൽ നന്നായിരിക്കും. ജിസേൽ സ്വന്തം വീട്ടിൽ എങ്ങനെയാണ് പ്രൊഫഷൻ എങ്ങനെയാണ് എന്നുള്ളതല്ല. ഇതൊരു ഷോയാണ്. ഇത് കാണുന്നത് മലയാളികളാണ്.

മലയാളികളുടെ മനസ് കീഴടക്കണമെങ്കിൽ... ഞാൻ പറയുന്നത് ജിസേലിന്റെ നല്ലതിന് വേണ്ടിയാണ്. അത് ആ അർത്ഥത്തിൽ എടുത്താൽ മതി എന്നാണ് ഷാനവാസ് ജിസേലിനോട് പറഞ്ഞത്. ഷാനവാസിന്റെ ഉപദേശം നല്ല രീതിയിൽ തന്നെയാണ് ജിസേൽ സ്വീകരിച്ചത്. മാത്രമല്ല തർക്കിക്കാനും പോയില്ല. ഇരുവരും തമ്മിലുള്ള പുതിയ സംഭാഷണം വൈറലായശേഷവും വിമർശനം ഷാനവാസിന് തന്നെയാണ് ലഭിക്കുന്നത്. വീണ്ടും എക്സ്പോസാകുന്നത് ഷാനവാസിന്റെ ക്യാരക്ടറാണ്.
ജിസേലിന്റെ ഡ്രസ്സിങ്ങിൽ ആർക്കാണ് പ്രശ്നം. അതിൽ എന്താണ് ബോറായി ഉള്ളത്. അവരുടെ ബോഡിക്ക് ചേരും വിധം നന്നായി തന്നെയാണ് ധരിച്ചിരിക്കുന്നത്. ഷാനവാസിനോട് പ്രതികരിക്കാതെ ജിസേൽ സ്വീകരിച്ച സൈലൻസ് ഭാവിയിലേക്ക് ഗുണം ചെയ്യും. ഷാനവാസിന് ജിസേൽ ഇതിനൊക്കെ ഉള്ളത് എന്ന് തിരിച്ച് കൊടുക്കും എന്നറിയാൻ വെയിറ്റിങ്ങാണ് എന്നാണ് പ്രേക്ഷകർ പ്രതികരിച്ച് കുറിച്ചത്.
നോമിനേഷനിൽ ജിസേലിന്റെ വസ്ത്രധാരണത്തെ ഷാനവാസ് കുറ്റപ്പെടുത്തിയശേഷം മാസീവ് സപ്പോർട്ടാണ് ജിസേലിന് മലയാളി പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. മാത്രമല്ല ചെറിയ വിഷയങ്ങളിൽ പോലും വഴക്കുണ്ടാക്കി സ്ക്രീൻ സ്പേസ് പിടിക്കാൻ നോക്കുന്നുമില്ല. കളി അറിഞ്ഞ് തന്നെയാണ് ജിസേൽ കളത്തിൽ ഇറങ്ങിയിരിക്കുന്നത്. കുറിക്കുകൊള്ളുന്ന പ്രതികരണങ്ങൾ ആവശ്യ ഘട്ടങ്ങളിൽ പുറത്തെടുക്കുന്നുമുണ്ട്. ജിസേലിന്റെ അമ്മ മലയാളിയാണ്.


Click it and Unblock the Notifications











