ഡോക്ടർമാർ മരുന്ന് എഴുതുന്നത് പൈസയ്ക്ക് വേണ്ടിയെന്ന് അനു, പ്രതികരിച്ച് ബിന്നി, അലമുറയിട്ട് കരഞ്ഞ് അനുമോൾ!
ബിഗ് ബോസ് ഹൗസിൽ ഒഴിച്ച് കൂടാനാവാത്ത ഒരു കാര്യമാണ് കരച്ചിൽ. ഏഴാം സീസണിലും അതിൽ മാറ്റം വന്നിട്ടില്ല. ആദ്യം കരയാൻ പോകുന്നത് രേണുവായിരിക്കുമെന്നാണ് പ്രേക്ഷകർ കരുതിയത്. പക്ഷെ കരച്ചിലിന് ഈ സീസണിൽ തുടക്കമിട്ടത് അനുമോളാണ്. സങ്കടവും സന്തോഷവും അതിവേഗത്തിൽ വരുന്നയാളാണ് താനെന്നും എങ്കിലും ഹൗസിൽ വെച്ച് പരമാവധി കരയാതിരിക്കാൻ ശ്രമിക്കുമെന്നും അനു പറഞ്ഞിരുന്നു.
പക്ഷെ ഇമോഷൻ കൺട്രോൾ ചെയ്യാൻ അനുവിന് ആയില്ല. കാരണക്കാരൻ സീരിയൽ നടൻ ഷാനവാസാണ്. അപ്പാനി ശരത്തിന്റെ കഴുത്തുവേദനയാണ് അനുവും ഷാനവാസും തമ്മിലുള്ള വഴക്കിൽ കലാശിച്ചത്. മെഡിക്കൽ ടീമിന്റെ സഹായം ചോദിക്കണമെന്ന് ഷാനവാസ് അനുവിനോട് പറഞ്ഞപ്പോൾ ചെറിയ വേദനയ്ക്ക് ഡോക്ടറെ വിളിക്കണോ ചൂട് പിടിച്ചാൽ പോരെ എന്നായിരുന്നു അനു ചോദിച്ചത്.

അതേ ചൊല്ലി ഇരുവരും തമ്മിൽ തർക്കമായി. ഡോക്ടർമാർ പൈസയ്ക്ക് വേണ്ടിയാണ് മരുന്ന് എഴുതുന്നതെന്ന് അനു പറഞ്ഞുവെന്ന് പറഞ്ഞ് ഷാനവാസ് സഹമത്സരാർത്ഥികൾക്കിടയിൽ എല്ലാം പ്രചരിപ്പിച്ചു. അതോടെ ഡോക്ടറായ ബിന്നി സെബാസ്റ്റ്യനും അക്ബറും അനുവിന് എതിരെ ആക്രോശിച്ച് എത്തി. അക്ബറിന്റെ ഭാര്യയും ഡോക്ടറാണ്.
ഡോക്ടർമാരെ കുറിച്ച് തെറ്റിദ്ധാരണ പരത്തരുതെന്ന് ആവശ്യപ്പെട്ട് അക്ബറും ബിന്നിയും അനുവിനെ ശകാരിച്ചു. എന്നാൽ താൻ അത്തരത്തിൽ ഒന്നും സംസാരിച്ചിട്ടില്ലെന്നും ഷാനവാസ് വാക്കുകൾ വളച്ചൊടിച്ചതാണെന്നും അനു പറഞ്ഞുവെങ്കിലും ആരും അത് കേൾക്കാൻ കൂട്ടാക്കിയില്ല. എല്ലാ വശത്തും നിന്നും വിമർശനവും ശകാരവും വന്നതോടെ അനുമോൾ കരയാൻ തുടങ്ങി.
വിഷയം കൈവിട്ട് പോയിയെന്ന് മനസിലാക്കിയ ഷാനവാസ് അനുവിനെ ആശ്വസിപ്പിക്കാനെത്തിയെങ്കിലും അനു അതിലൊന്നും തണുത്തില്ല. ഡോക്ടർമാരെ വിമർശിച്ച് അനു സംസാരിച്ചപോലെ എനിക്ക് തോന്നി എന്ന് ഷാനവാസ് ബിന്നിയോടും അക്ബറിനോടും തിരിത്തി പറയുകയും ചെയ്തു. ഷാനവാസ് ഓവർഷോ കാണിക്കുന്നുവെന്ന് റെന ഫാത്തിമയും അക്ബറും നടനെ വിമർശിച്ച് പറഞ്ഞു.
അനുവും ഷാനവാസും തമ്മിൽ മാത്രമല്ല ബിഗ് ബോസ് വീടിന്റെ ഓരോ കോണിലും ചെറിയ ചെറിയ വഴക്കുകൾ നടക്കുന്നുണ്ട്. മറ്റൊരു വഴക്ക് ആര്യനും അഭിലാഷും തമ്മിലായിരുന്നു. സംസാരിക്കുന്നതിന് ഇടയിൽ തുപ്പൽ തെറിക്കുന്നുവെന്നും അകന്ന് നിന്ന് സംസാരിക്കാനും അഭിലാഷിനോട് ആര്യൻ ആവശ്യപ്പെട്ടതോടെയാണ് ഇവരുടെ വഴക്ക് ആരംഭിച്ചത്.

മറ്റൊന്ന് മലയാളത്തിൽ സംസാരിക്കാൻ ക്യാപ്റ്റനായ അനീഷ് വീട്ടുകാരോട് ആവശ്യപ്പെട്ടതോടെയാണ് ആരംഭിച്ചത്. ഗുഡ് മോണിങ് പറയരുത് പകരം സുപ്രഭാതം പറയാനാണ് അനീഷ് വീട്ടുകാരോട് ആവശ്യപ്പെട്ടത്. എന്നാൽ വീട്ടുകാർ അതിനെ എതിർത്തു. മലയാളം പറയാൻ നമുക്ക് അറിയാം. നമ്മുടെ കൂടെയാണ് നീ.
അല്ലാതെ നിന്റെ കൂടെയല്ല ഞങ്ങൾ എന്നായിരുന്നു അപ്പാനി ശരത്ത് അനീഷിന് നൽകിയ മറുപടി. അത് മറ്റൊരു തർക്കത്തിന് വഴി തെളിച്ചു. ഹൗസിൽ ഏറ്റവും കൂടുതൽ വഴക്കുകൾ സംഭവിക്കുന്നത് അപ്പാനി ശരത്തും അനീഷും തമ്മിലാണ്. അനീഷ് ചെയ്യുന്ന ചെറിയ കാര്യങ്ങൾ പോലും അപ്പാനി ശരത്ത് വലിയ വഴക്കിലേക്കും തർക്കത്തിലേക്കും കൊണ്ടുപോകുന്നത് കാണുമ്പോൾ സീസൺ ആറിലെ മത്സരാർത്ഥിയായ അസി റോക്കിയെ ഓർമ വരുന്നുവെന്നാണ് പ്രേക്ഷക പ്രതികരണം.
ബിഗ് ബോസിന്റെ അനൗൺസ്മെന്റുകൾക്ക് പോലും ചെവികൊടുക്കാൻ സമയമില്ലാത്ത തരത്തിലാണ് ഹൗസിലെ വഴക്കുകൾ. നിങ്ങൾ സ്ക്രിപ്റ്റഡാണോയെന്ന് ബിഗ് ബോസ് പോലും വീട്ടുകാരോട് ചോദിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തി. സ്ക്രീൻ സ്പേസ് സൃഷ്ടിക്കുക എന്നത് തന്നെയാണ് അനാവശ്യമായി വഴക്കുകൾ സൃഷ്ടിക്കപ്പെടുന്നതിന് പിന്നിലെ കാരണം. ഇപ്പോൾ ഹൗസിലെ പതിനെട്ട് പേരും ടാർഗെറ്റ് ചെയ്തിരിക്കുന്നത് കോമണറായ അനീഷിലേക്കാണ്. അവസരം അനീഷ് അറിഞ്ഞ് ഉപയോഗിക്കുന്നുമുണ്ട്.


Click it and Unblock the Notifications











