'സ്വവർഗാനുരാഗികൾ മൃഗങ്ങളിൽ പോലുമുണ്ട്, ആണുങ്ങളുടെ ചൂട് അറിയാത്തതുകൊണ്ടാണെന്ന് പറഞ്ഞാണ് ഉപദ്രവിച്ചത്'
ഹോമോസെക്ഷ്വലാണെന്ന് വെളിപ്പെടുത്തിയശേഷം പലതരത്തിലുള്ള പ്രശ്നങ്ങളിലൂടെ കടന്ന് വന്നാണ് ആദിലയും നൂറയും എന്ന ലെസ്ബിയൻ പങ്കാളികൾ ബിഗ് ബോസ് ഹൗസിൽ വരെ എത്തി നിൽക്കുന്നത്. ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചശേഷം കുടുംബവും ബന്ധുക്കളുമാണ് ഇരുവരേയും ഏറ്റവും കൂടുതൽ ഉപദ്രവിച്ചിട്ടുള്ളത്. അഭയം പ്രാപിക്കാൻ പോലും ഒരിടമില്ലാത്ത അവസ്ഥയിലായിരുന്നു ആദ്യം ഇരുവരും. ഇന്ന് അവർ സ്വപ്രയത്നത്താൽ നല്ലൊരു ജീവിതം കെട്ടിപടുത്ത് കഴിഞ്ഞു.
എന്നിട്ടും സമൂഹം ഇരുവരേയും വേദനിപ്പിക്കുന്നതിൽ കുറവ് വന്നിട്ടില്ല. ഇപ്പോഴിതാ ആദില-നൂറ പ്രണയത്തെ കുറിച്ച് വ്യക്തമായ ധാരണയുള്ള സുഹൃത്ത് ആരിഫ് ഹുസൈൻ മെയിൻ സ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. മാതാപിതാക്കൾ നോക്കി നിൽക്കെ ബന്ധുക്കളുടെ ഉപദ്രവം ഇരുവരും ഏറ്റുവാങ്ങിയതായി ആരിഫ് പറയുന്നു.

നൂറയേയും ആദിലയേയും പേഴ്സണലായി അറിയാം. അവർ പ്രശ്നങ്ങൾ നേരിട്ടപ്പോൾ അവർക്കൊപ്പം നിന്നിട്ടുണ്ട്. അവരുമായി ഒരു സൗഹൃദമുണ്ട്. അവരുടെ ഡയനാമിക്സ് എനിക്ക് അറിയാം. കാഴ്ചപ്പാടിന്റെ പ്രശ്നം നമ്മുടെ സമൂഹത്തിലുണ്ട്. ആദില-നൂറ എന്നല്ല ആരും ആയിക്കൊള്ളട്ടെ. അവരുടെ പേഴ്സണൽ ചോയ്സ് നിയമവിരുദ്ധമല്ലെന്നിരിക്കെ ബയോളജിക്കലായ ചോയ്സാണെന്ന് ഇരിക്കെ അതിന്റെ പേരിൽ അവരെ അകറ്റി നിർത്തുക,
അയിത്തം കൽപ്പിക്കുക എന്നത് ആധുനിക സമൂഹത്തിന് ചേർന്ന കാര്യമല്ല. ആദില-നൂറ ബന്ധത്തിനോട് ഒരു വിഭാഗം ആളുകൾ അകൽച്ച കാണിക്കുന്നുണ്ടെങ്കിൽ അത് ഹോമോഫോബിയയാണ്. സ്വവർഗരതി മൃഗങ്ങളിൽ പോലും ഉള്ള കാര്യമാണ്. ജീവ വർഗത്തിലുണ്ട്. അതിന് കാരണങ്ങളുമുണ്ട്. ഹോമോസെക്ഷ്വലായിട്ടുള്ള ആളുകൾക്കും സമൂഹത്തിൽ നിലനിൽപ്പുണ്ടാകണം.
ഈ കാര്യം ആളുകളിലേക്ക് എത്തണം. ഹോമോസെക്ഷ്വലായിട്ടുള്ള പലരും സമൂഹത്തെ ഭയന്ന് ഐഡന്റിറ്റി ഒളിപ്പിച്ച് വെക്കുന്നു. ഹെട്രോസെക്ഷ്വൽ റിലേഷൻഷിപ്പിലേക്ക് പോകുന്നു. അതൊരു വലിയ വിഷയമാണ് ആരിഫ് പറയുന്നു. നീ ആണുങ്ങളുടെ ചൂട് അറിയാത്തതുകൊണ്ടാണെന്ന് പറഞ്ഞ് സ്വന്തം ബന്ധുക്കൾ തന്നെ അമ്മാവനും കുഞ്ഞുപ്പയുമൊക്കെയാണ് ആദിലയേയും നൂറയേയും ബലാത്സംഗം ചെയ്യാൻ നോക്കിയത്. അതും വാപ്പയും ഉമ്മയും എല്ലാം കണ്ടുകൊണ്ട് നിൽക്കുമ്പോൾ.
റീൽസും ഫോട്ടോഷൂട്ടും മാത്രം കണ്ട് ആദില-നൂറ ബന്ധത്തെ വിലയിരുത്തുന്നതാണ് പ്രശ്നം. ഇങ്ങനെയാണോ ചെയ്യേണ്ടത്?. അവരെ അവരായി ജീവിക്കാൻ കുടുംബം അനുവദിച്ചിരുന്നുവെങ്കിൽ അവർ അവരുടെ വഴിക്ക് നീങ്ങിയേനെ. പ്രശ്നങ്ങൾ സമൂഹത്തോട് പറഞ്ഞത് കുടുംബം എതിർത്തതുകൊണ്ടാണ്. പ്രശ്നം ഫെയ്സ് ചെയ്തപ്പോൾ ഓടി കയറാൻ അവർക്ക് സ്വന്തം കുടുംബത്തിൽ ഒരിടമുണ്ടായിരുന്നില്ല.

നൂറയുടെ ഉമ്മ രണ്ടുപേർക്കും എതിരെ ക്വട്ടേഷൻ വരെ കൊടുത്തിട്ടുണ്ട്. നൂറയുടെ ഉമ്മ ഭീഷണിപ്പെടുത്തുന്ന വോയ്സ് ഞാൻ കേട്ടിട്ടുണ്ട്. അവർ പ്രശ്നങ്ങൾ നേരിടുന്ന സമയത്തായിരുന്നു അത്. മുഖം രക്ഷിക്കാൻ എന്ത് വേണമെങ്കിലും കുടുംബാംഗങ്ങൾക്ക് പറയാം. പക്ഷെ ഭയവും വെറുപ്പും അവരോട് നൂറയ്ക്കും ആദിലയ്ക്കും വന്നിട്ടുണ്ട്. രണ്ടുപേരുടെ വീട്ടിലും പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. എല്ലാവരേയും പോലെ ഒരു ജീവിതം തെരഞ്ഞെടുത്തവരാണ് ആദിലയും നൂറയും.
അവരുടെ ജീവിതത്തിലും ഏറ്റകുറച്ചിലുകൾ ഉണ്ടാകും. അതും മറ്റുള്ള ബന്ധങ്ങളിൽ ഉണ്ടാകുന്ന പ്രശ്നം പോലെ കണ്ട് അവരെ ജീവിക്കാൻ വിടുക എന്നതാണ് നമ്മൾ ചെയ്യേണ്ടത്. അല്ലാതെ നമ്മൾ മാർക്കിടേണ്ട കാര്യമില്ല. ആദില ഇങ്ങനെയാണോ പുറത്തും എന്നും ചോദിക്കുമ്പോൾ പെട്ടുപോയി എന്ന് തമാശയ്ക്കാണ് നൂറ പറഞ്ഞത്. ഹെട്രോ സെക്ഷ്വലായിട്ടുള്ള ആൾക്കാരും അത്തരത്തിൽ പറയാറില്ലേ. അതൊക്കെ ഒരു വലിയ ഇഷ്യുവാണോ?.
എന്റെ കുടുംബത്തിൽ ട്രാൻസ്ജെന്റർ വ്യക്തിയുണ്ട്. അതുകൊണ്ട് കൂടിയാണ് ഈ വിഷയങ്ങൾ എല്ലാം സംസാരിക്കുന്നത്. അസുഖമല്ലല്ലോ. നൂറയ്ക്ക് മുമ്പ് കാമുകനുണ്ടോയെന്ന് അറിയില്ല. അവർ എന്തിന്റെ അടിസ്ഥാനത്തിൽ ഈ തീരുമാനത്തിൽ എത്തിയെന്ന് അവരല്ലേ പറയേണ്ടത്. ഇപ്പോൾ എന്തായാലും ഇങ്ങനൊരു തീരുമാനം എടുത്താണല്ലോ അവർ നിലനിന്ന് പോകുന്നത് എന്നും ആരിഫ് പറയുന്നു.


Click it and Unblock the Notifications











