വീക്കെന്റ് എപ്പിസോഡിനുശേഷം ആര്യന്റെ കിളിപോയി?; ആര്യന്റെ സംസാരത്തിലും പ്രവൃത്തികളിലും വ്യത്യാസമെന്ന് ബിഗ് ബോസ്
ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥികളിൽ ഒരാളാണ് ആര്യൻ കതൂരിയ. പേരിലുള്ളതുപോലെ തന്നെ നോർത്ത് ഇന്ത്യൻ ടച്ച് ആര്യന്റെ ജീനിലുമുണ്ട്. വളരെ വർഷങ്ങളായി കൊച്ചിയിലാണ് ആര്യന്റെയും കുടുംബത്തിന്റേയും താമസം. നടൻ എന്നതിലുപരി മോഡലും ക്രിക്കറ്ററുമാണ് ആര്യൻ. ഹിന്ദി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് ആര്യൻ. ഫാലിമി, 1983, വടക്കന്‍ തുടങ്ങിയ മലയാള സിനിമകളിലും ആര്യൻ അഭിനയിച്ചിട്ടുണ്ട്.
മലയാളികളുടെ ഹൃദയത്തിൽ ഇടംനേടുക എന്ന ലക്ഷ്യത്തോടെയാണ് ആര്യൻ ബിഗ് ബോസിന്റെ ഏഴാം സീസണിലേക്ക് എത്തിയത്. ആദ്യ ആഴ്ചയിൽ ടാസ്ക്കിലൂടെയും അഭിപ്രായ പ്രകടനങ്ങളിലൂടെയും ആര്യൻ സ്കോർ ചെയ്തുവെങ്കിലും രണ്ടാം ആഴ്ചയിൽ ക്യാപ്റ്റൻസി കയ്യിൽ കിട്ടിയതോടെ അതുവരെ സമ്പാദിച്ച ആരാധകരെ പോലും ആര്യന് നഷ്ടമായി.

ജിസേൽ ഒഴികെയുള്ള മറ്റ് മത്സരാർത്ഥികളോടുള്ള സമീപനവും ടാസ്ക്കുകൾ ചെയ്യുന്ന രീതിയിൽ വന്ന മാറ്റവും എല്ലാമാണ് കാരണം. മൂന്നാം ആഴ്ചയിലേക്ക് കയറിയശേഷം ആര്യന്റെ ഗെയിം പൂർണ്ണമായും തകർന്നുവെന്ന അഭിപ്രായവും പ്രേക്ഷകർക്കുണ്ട്. കഴിഞ്ഞ വീക്കെന്റ് എപ്പിസോഡിൽ മോഹൻലാൽ ഏറ്റവും കൂടുതൽ വിമർശിച്ചതും ശകാരിച്ചതും ആര്യനെയായിരുന്നു.
വിമർശനങ്ങൾ ഉൾക്കൊള്ളാൻ മടിയുള്ള ആര്യൻ അവതാരകനും നടനുമായ മോഹൻലാലിനെപ്പോലും പരിഹസിക്കുന്ന രീതിയിൽ സംസാരിച്ചിരുന്നു. വീക്കെന്റ് എപ്പിസോഡിനുശേഷം ആര്യന്റെ കിളിപോയി എന്നാണ് ബിബി പ്രേക്ഷകർ കുറിക്കുന്നത്. ആര്യന്റെ ഗെയിം താഴ്ന്ന് പോവുകയാണെന്ന് മനസിലായ ബിഗ് ബോസ് കഴിഞ്ഞ ദിവസം ആര്യനെ കൺഫഷൻ റൂമിൽ വിളിച്ച് സംസാരിച്ചിരുന്നു.
ആര്യൻ നിങ്ങൾ ഓക്കെയല്ലേ? എന്നാണ് ബിഗ് ബോസ് ചോദിച്ചത്. എന്തുകൊണ്ടാണ് തന്നെ കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ചതെന്ന് മനസിലാകാത്ത ആര്യൻ അതെന്താ അങ്ങനെ ചോദിച്ചതെന്ന് ബിഗ് ബോസിനോട് ചോദിച്ചു. നിങ്ങൾക്ക് എന്തോ പ്രശ്നം ഉള്ളതുപോലെ തോന്നുന്നു... ആര്യന്റെ സംസാരവും പ്രവൃത്തികളും മുമ്പത്തെ രീതിയിൽ അല്ല. അതുകൊണ്ടാണ് വിളിപ്പിച്ചതെന്ന് ബിഗ് ബോസ് മറുപടി നൽകി. ഞാൻ അതിന് ഇപ്പോൾ എന്താ തെറ്റ് ചെയ്തത് ബിഗ് ബോസ്?.
എന്റെ ഓവർസ്മാർട്ട്നെസ് ആണോ ബിഗ് ബോസ് ഉദ്ദേശിച്ചത്?. അങ്ങനെ തോന്നിയെങ്കിൽ സോറി എന്നാണ് ആര്യൻ മറുപടി നൽകിയത്. ഹീറോയായി നിന്നിടത്ത് നിന്ന് ഒറ്റയടിക്ക് സീറോയായി മാറിയത് ആര്യന്റെ ഗെയിമിനെ ബാധിച്ചിട്ടുണ്ടെന്നാണ് ബിഗ് ബോസുമുള്ള ആര്യന്റെ സംഭാഷണത്തിന്റെ വീഡിയോ പുറത്ത് വന്നപ്പോൾ പ്രത്യക്ഷപ്പെട്ട കമന്റുകൾ.

ഒറ്റദിവസം കൊണ്ട് സീറോ ആയപ്പോൾ ചെക്കന്റെ കിളി പോയി, ആര്യന്റെ ആദ്യ ആഴ്ചയിലെ പ്രകടനം കണ്ടപ്പോൾ ഗബ്രിയെപ്പോലെ തോന്നി. എന്നാൽ ഇപ്പോൾ മനസിലായി ഗബ്രിയുടെ ഏഴ് അയലത്ത് ആര്യൻ വരില്ലെന്ന്, ജിസേൽ കൂടെ ഉള്ളവരെ നൈസായിട്ട് ഒപ്പം നിർത്തി അവരെ നെഗറ്റീവാക്കും. ജിസേൽ പോസിറ്റീവായി നിൽക്കും. അവൾക്ക് പറയാനുള്ളത് മറ്റുള്ളവരിലൂടെ പറയിക്കും.
നെവിൻ, ആര്യൻ, റെന, അക്ബർ ഇവരൊക്കെ ഉദാഹരണം, ആദ്യ രണ്ട് ആഴ്ച ബെസ്റ്റ് ഗെയിമർ, ബെസ്റ്റ് പ്ലയർ എന്നെല്ലാം കേട്ട് കേട്ട് അവൻ മനസിലും അത് കയറ്റി വെച്ചു. തല മൊട്ട അടിക്കുന്ന ടാസ്ക്കിൽ കാര്യങ്ങൾ തലകീഴായി മറിഞ്ഞു. ആര്യൻ്റെ ഇമേജ് അകത്തും പുറത്തും പോയി. ഇപ്പോൾ പറയുന്നതെല്ലാം അബദ്ധങ്ങളായി പോവുകയാണ്. ഇത് പലർക്കും സംഭവിക്കുന്നതാണ് എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.
ആര്യന് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപർ ആക്റ്റിവിറ്റി ഡിസോർഡർ അഥവാ എഡിഎച്ച്ഡി എന്ന അവസ്ഥയുണ്ടെന്നും ചിലർ കുറിച്ചു. ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാന്‍ കഴിയാതിരിക്കുക, എടുത്തുചാട്ടം, ഹൈപ്പര്‍ ആക്ടിവിറ്റി എന്നിവ ചേര്‍ന്നുള്ള രോഗമാണ് എഡിഎച്ച്ഡി.


Click it and Unblock the Notifications