'മൂന്ന് വയസിൽ മമ്മി പോയി, ഏഴ് വർഷത്തെ കാത്തിരിപ്പ്, ഒറ്റയ്ക്ക് നടത്തിയ കല്യാണം, നൂബിൻ അനുഗ്രഹം'; ബിന്നി
കുട്ടിത്തവും കുസൃതികളുമായി എപ്പോഴും പുഞ്ചിരിയോടെ നിൽക്കുന്ന ബിന്നിയെ മാത്രമെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പരിചയുള്ളു. ബിഗ് ബോസ് മലയാളം സീസൺ ഏഴിന്റെ ഭാഗമായശേഷമാണ് ബിന്നി സെബാസ്റ്റ്യനെ പ്രേക്ഷകർ അടുത്തറിഞ്ഞ് തുടങ്ങിയത്. കുടുംബവിളക്ക് താരം നൂബിൻ ജോണിയാണ് താരത്തിന്റെ ഭർത്താവ്. ഗീതാഗോവിന്ദത്തിൽ നായികയായി അഭിനയിച്ചശേഷം വലിയൊരു ആരാധകവൃന്ദം ബിന്നിക്കുണ്ട്.
താൻ ഇപ്പോൾ ജീവിക്കുന്ന ജീവിതത്തിൽ നൂറ് ശതമാനം സംതൃപ്തി അനുഭവിക്കുന്നുണ്ടെന്നും ഓർക്കാൻ ആഗ്രഹിക്കാത്ത കുട്ടിക്കാലമുള്ളയാളാണ് താനെന്നും പറയുകയാണിപ്പോൾ നടി. ബിഗ് ബോസ് ഷോയിലെ ലൈഫ് സ്റ്റോറി സെഗ്മെന്റിലാണ് കുടുംബത്തെ കുറിച്ചും ഭർത്താവിനെ കുറിച്ചും ബിന്നി മനസ് തുറന്നത്. കെയറിങ് എന്താണെന്ന് താൻ അനുഭവിച്ചിട്ടില്ലെന്ന് ബിന്നി പറയുന്നു. കുട്ടിക്കാലം ഓർക്കാൻ എനിക്ക് ഒട്ടും ഇഷ്ടമല്ല.

മൂന്ന് വയസിൽ മമ്മി പോയി. പപ്പ നാട്ടിൽ തന്നെ എവിടെയോ ഉണ്ടായിരുന്നു. ചേട്ടൻ ഹോസ്റ്റലിലായിരുന്നു. മമ്മിയുടെ മൂത്ത സഹോദരിയുടെ കൂടെ ഹൈദരാബാദിലായിരുന്നു ഞാൻ. അംഗനവാടിയിൽ മാത്രമെ പോയിരുന്നുള്ളു. അതുകൊണ്ട് കുറച്ച് മലയാളം അക്ഷരങ്ങൾ മാത്രമെ അറിയാമായിരുന്നുള്ളു. ഹൈദരാബാദ് ചെന്നശേഷം എനിക്ക് അക്ഷരങ്ങളൊന്നും അറിയില്ലായിരുന്നു. അങ്ങനെ ഞാൻ ഒന്നാം ക്ലാസിൽ തോറ്റു. ആന്റി വളരെ സ്ട്രിക്ടായിരുന്നു.
അതുകൊണ്ട് എനിക്കും കംഫേർട്ടായിരുന്നില്ല. അങ്ങനെ നാട്ടിൽ വന്നപ്പോൾ പപ്പയോട് ഇക്കാര്യങ്ങളെല്ലാം പറഞ്ഞു. തിരിച്ച് പോകുന്നില്ലെന്നും പറഞ്ഞു. പക്ഷെ എന്തിനാണെന്ന് അറിയില്ല. എന്നെ വേറെ വീട്ടിലേക്ക് മാറ്റി. മമ്മിയുടെ വീടായിരുന്നു അത്. അവിടെ ചെന്നപ്പോൾ വിവേചനം അനുഭവിച്ചു. പിന്നീട് ആറാം ക്ലാസിൽ പഠിക്കുമ്പോൾ എന്നെ ഹോസ്റ്റലിലാക്കി.
വീട്ടിൽ പോണമെന്ന് പറഞ്ഞ് ഞാൻ ഒരുപാട് കരഞ്ഞു. പക്ഷെ എന്നെ ഏറ്റെടുക്കാൻ ആരും ഉണ്ടായിരുന്നില്ല. അമ്മ കുവൈറ്റിലായിരുന്നു. പപ്പയും സ്ഥലത്തില്ല. അതുകൊണ്ട് തന്നെ എന്നെ കാണാനൊന്നും ആരും വരാറില്ലായിരുന്നു. വീക്കെന്റിൽ എല്ലാവരുടേയും പാരന്റ്സ് വരും എന്നെ കാണാൻ മാത്രം ആരുമില്ല. വല്ലപ്പോഴുമാണ് മമ്മി ഫോൺ വിളിച്ചിരുന്നത്. പിന്നെ എനിക്കെല്ലാം എന്റെ സുഹൃത്തുക്കളായി മാറി.
പിന്നീട് മെഡിസിന് പോയി പഠിച്ച് തിരിച്ച് വന്നപ്പോൾ അവർക്ക് ഞാൻ സ്പെഷ്യൽ ആളായി മാറി. അത് എനിക്ക് സർപ്രൈസിങ് ആയിരുന്നു. എന്നെ ഇത്രയും നാൾ ഇങ്ങനെയൊക്കെ ട്രീറ്റ് ചെയ്ത വ്യക്തികൾക്ക് പിന്നീട് ഞാൻ വലിയ സംഭവമായി. എന്നെ വീട്ടിൽ നിർത്താൻ തുടങ്ങി. ഇപ്പോഴത്തെ എന്റെ ലൈഫിൽ ഞാൻ വളരെ സാറ്റിസ്ഫൈഡും ഹാപ്പിയുമാണ്.

നൂബിൻ എന്റെ ലൈഫിലേക്ക് വന്നിട്ട് മൂന്ന് വർഷമാകുന്നു. എന്റെ ലൈഫിൽ ഇല്ലാതിരുന്ന ഒരു സാധനമാണ് കെയറിങ്. ഒരു ഡോക്ടറെ സംബന്ധിച്ച് ഏറ്റവും കൂടുതൽ ആവശ്യമുള്ളതാണ് കെയറിങ്. എന്റെ ഫാമിലിയിൽ പക്ഷെ ഇതൊരു വലിയ ഇഷ്യുവായിരുന്നു. ഡോക്ടറായ വ്യക്തിയെ വേണം മകൾ വിവാഹം ചെയ്യാൻ എന്ന കാഴ്ചപ്പാട് മമ്മിക്കുണ്ടായിരുന്നു.
ജോലിയും കൂലിയുമില്ലാത്ത ഒരുത്തന് മോളെ വിവാഹം ചെയ്ത് കൊടുക്കണോയെന്ന് ചേട്ടൻ അടക്കമുള്ളവർ പറഞ്ഞപ്പോൾ മമ്മിയും ഞങ്ങളുടെ ബന്ധത്തെ എതിർത്തിരുന്നു. നടനാണ്. അതുകൊണ്ട് അവന് വേറെ കുറേ ഗേൾഫ്രണ്ട്സുണ്ടാകും എന്നൊക്കെയുള്ള ചിന്ത അവരെ അലട്ടിയിരുന്നു. അതുകൊണ്ട് തന്നെ ഞാൻ പറയുന്ന കാര്യങ്ങളിൽ അവർ തൃപ്തരായിരുന്നില്ല. അങ്ങനെ ഞങ്ങൾ ഏഴുകൊല്ലം കാത്തിരുന്നു. എന്റെ വീട്ടുകാരുടെ സമ്മതം കിട്ടാൻ വേണ്ടിയായിരുന്നു ആ കാത്തിരിപ്പ്.
എന്റെ മമ്മിയും ചേട്ടനും ആന്റിമാരുമെല്ലാം വിദേശത്താണ് ജോലി ചെയ്യുന്നത്. ഞാനും പപ്പയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഞാൻ ഒറ്റയ്ക്ക് എഫേർട്ട് ഇട്ടാണ് എന്റെ കല്യാണം നടത്തിയത്. എന്റെ ലൈഫ് ടൈം അച്ചീവ്മെന്റും അനുഗ്രഹവുമാണ് നൂബിൻ എന്നും ബിന്നി പറഞ്ഞു.


Click it and Unblock the Notifications