പള്ളിയിൽ നിന്നും കത്ത് വന്നു, ഇഷ്ടങ്ങൾ മാത്രമായിരുന്നില്ല വീട്ടുകാരുമായുള്ള പ്രശ്നം: നൂറയുടെ വാക്കുകൾ
ബിഗ് ബോസ് മലയാളം ഏഴാം സീസണിൽ ഏറ്റവും കൂടുതൽ ജനശ്രദ്ധ നേടുന്ന മത്സരാർത്ഥികളാണ് ആദിലയും നൂറയും. ലെസ്ബിയൻ പങ്കാളികളായ ഇരുവരും ആദ്യം ഒരുമിച്ചാണ് മത്സരിച്ചിരുന്നത്. എന്നാൽ പിന്നീട് രണ്ട് പേരും രണ്ട് മത്സരാർത്ഥികളായി. ആദ്യം ആദിലയെയും നൂറയെയും ഉൾക്കൊള്ളാൻ പ്രേക്ഷകർ മടിച്ചിരുന്നെങ്കിലും പിന്നീട് ഇവരെ സ്വീകരിച്ചു. ഇവർ തമ്മിലുള്ള സ്നേഹം ഇന്ന് പ്രേക്ഷകരിൽ ഭൂരിഭാഗം പേരും മനസിലാക്കുന്നു. ലെസ്ബിയൻ പങ്കാളികളായതിന്റെ പേരിൽ വീട്ടിൽ നിന്നും മാറ്റി നിർത്തൽ നേരിടുന്നവരാണ് ആദിലയും നൂറയും.
മാതാപിതാക്കളെക്കുറിച്ച് ആദിലയും നൂറയും ബിഗ് ബോസിൽ പോകുന്നതിന് മുമ്പ് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഉമ്മിക്ക് ഇത് അസെെൻമെന്റിന് പുതിയൊരു ടോപിക് പോലെയാണ്. ഹോമോസെക്ഷ്വാലിറ്റി എന്താണെന്ന് അവർക്കറിയില്ല. ഇത്രയും വർഷങ്ങൾ കഴിഞ്ഞപ്പോൾ ഉമ്മിയോട് സംസാരിച്ച് നോക്കാമെന്ന് തോന്നി. ഞാനങ്ങോട്ട് കോൺടാക്ട് ചെയ്തു. വാട്സാപ്പിൽ കുറേ മെസേജ് അയച്ചു. എനിക്കും സങ്കടമായി. ഇങ്ങനെയാണ് കാര്യങ്ങൾ, ഒരാളെ കണ്ടപ്പോൾ ഉമ്മിയെ ഓർമ വന്നു. ഓക്കെയാണെങ്കിൽ തിരിച്ച് മെസേജ് അയക്കൂ പുറത്തെവിടെയെങ്കിലും വെച്ച് കാണാമല്ലോ എന്ന് പറഞ്ഞു. പക്ഷെ ആൾ മറുപടി തന്നില്ലെന്ന് ആദില പറഞ്ഞു. ഇതേക്കുറിച്ച് നൂറയും സംസാരിച്ചു.

മുമ്പ് ഇതേ പോലെ കോൺടാക്ട് ചെയ്തപ്പോൾ അവർ പറഞ്ഞത് പഴയ ആദിലയായി നീ തിരിച്ച് വരൂ എന്നാണെന്ന് നൂറ പറഞ്ഞു. തന്റെ കുടുംബം യാഥാസ്ഥിതികരായിരുന്നെന്ന് നൂറ പറഞ്ഞു. ഷോർട് ഡ്രസ് ഇട്ട് പുറത്തേക്ക് ഇറങ്ങരുത് പറയുമായിരുന്നു. ഒന്നുകിൽ പള്ളി കമ്മിറ്റിയിൽ നിന്ന് വിളിച്ച് പറയും. അല്ലെങ്കിൽ കത്ത് വിടും. അങ്ങനെയൊക്കെ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. ഒരിക്കൽ ജീൻസിന്റെ പാന്റും ബനിയനും ഇട്ട് കല്യാണത്തിന് പോയി. അപ്പോഴേക്കും പള്ളിയിൽ നിന്ന് കത്ത് വന്നു. തനിക്ക് എല്ലാ ഡ്രസും ഇടാൻ ഇഷ്‌ടമാണെന്നും നൂറ പറഞ്ഞു.
എന്റെ റിയൽ ലെെഫിൽ എനിക്ക് വില്ലനായത് ഉമ്മയാണ്. എന്റെ ഇഷ്ടങ്ങളോട് യോജിക്കാതിരുന്നത് കൊണ്ട് മാത്രമല്ല. അത് മാത്രമാണെങ്കിൽ എനിക്ക് പ്രശ്നമില്ല. എന്നെ കൊല്ലാൻ ശ്രമിച്ചിട്ടുണ്ട്. ആദിലയുടെ അടുത്ത് നിന്നും എന്നെ ഗുണ്ടകളെ വിട്ട് തട്ടിയെടുത്ത് എന്തൊക്കെയോ ചെയ്യാൻ പറഞ്ഞിട്ടുണ്ട്. റിലേഷൻ മാത്രമല്ല, വേറെയും കുറേ പ്രശ്നങ്ങൾ കുടുംബവുമായി തനിക്കുണ്ടെന്ന് നൂറ തുറന്ന് പറഞ്ഞു. ജിഞ്ചർ മീഡിയ എന്റർടെയിൻമെന്റ്സിന് നൽകിയ അഭിമുഖത്തിലാണ് തുറന്ന് പറച്ചിൽ.
ആദില-നൂറ ബന്ധം അറിഞ്ഞതോടെ ഇവരുടെ മാതാപിതാക്കൾ ഈ ബന്ധം തകർക്കാൻ ഏറെ ശ്രമിച്ചിരുന്നു. പാരന്റ്സ് എന്നെ നിർബന്ധിച്ച് അവരുടെ സുഹൃത്തിന്റെ വീട്ടിൽ കൊണ്ട് പോയി. ഇസ്ലാമിക് പരമായ കൗൺസിലിംഗ് തന്ന് മനസ് മാറ്റാൻ ശ്രമിച്ചിട്ടുണ്ടെന്ന് നൂറ ഒരിക്കൽ തുറന്ന് പറഞ്ഞു. ഞങ്ങൾ രണ്ട് പേരെയും സൗദിയിലേക്ക് കൊണ്ട് പോകാനായിരുന്നു അവരുടെ നീക്കം. ഞങ്ങൾക്ക് താൽപര്യമില്ലായിരുന്നെന്നും നൂറ അന്ന് പറഞ്ഞു. നൂറയെ വീട്ടുകാർ തടഞ്ഞ് വെച്ചതോടെ ആദില ഹേബിയസ് കോർപ്പസ് ഹർജി നൽകി. ഇതോടെ വീട്ടുകാർക്ക് നൂറയെ വിട്ട് നൽകേണ്ടി വരികയായിരുന്നു. അന്ന് ഇത് വലിയ വാർത്തയായി.


Click it and Unblock the Notifications











